Thursday, December 31, 2020

ദുരാഗ്രഹം

പുതുവർഷത്തിൻ പുലരിയതെന്നിൽ

പുതിതായി എന്ത്‌ നിറച്ചാലും...

പുലരുമ്പോൾ പക കത്തിയേരിച്ചൊരു.
പൂവിതൾ ഒന്നവൾ തന്നില്ലേൽ..

പുകയും എന്നുടെ ആത്മവെന്നത്..
പുലരിരിയിൽ എന്നവൾ ഓർത്തെങ്കിൽ..

Wednesday, December 30, 2020

നിശബ്ദത..

ഇന്നെഴുതാനായ് വരികൾക്കായ് ..

അക്ഷരമെത്ര തിരഞ്ഞിട്ടും...
എന്തെ ഇന്നെൻ വിരലിൻ തുമ്പിൽ 
ഒന്നുമുദിച്ചില്ലീരാവിൽ..

നാടക ജീവിതമെഴുതിയ കവിതകൾ..
അന്ത്യം കാണുകയാണെന്നോ..
പ്രണയം തന്ന സ്പടിക കുപ്പിയിൽ..
മഷിയുടെ തുള്ളി വരണ്ടെന്നോ...

വാ വിട്ടൊരുവാക്ക് അലറിയതിന്മേൽ..
ഒരുപിടി ശാപമുതിർന്നെന്നോ..
ഇനി ഒരു പൂവും വിടരാതെന്റെ..
ചിന്താവാടി കരിഞ്ഞെന്നോ....


Saturday, December 05, 2020

ചുവന്ന വാകപ്പൂക്കൾ..

വിദ്യതൻ വിഹായസ്സ് തേടി ഞാൻ..

വിസ്തൃത ഭൂമിയിൽ ഉഴറാൻ തുടങ്ങവേ..
വിണ്ണിൽ നിന്നും വന്നു വീണുവാ വീഥിയിൽ..
വിസ്മയിപ്പിച്ചു രക്തവാക തൻ പുവുകൾ..

ഒന്നെടുത്തു വിരൽ നഖം വക്കുവാൻ..
ഒന്ന് കാണിച്ചു തന്ന സുഹൃത്തിനെ..
ഒന്നിനും അല്ലാതെ ഇന്ന് ഞാൻ ഓർത്തുപോയ്..
ഒട്ടു പിന്നോട്ട് അല്പം നടക്കയാൽ..

പിന്നെയെൻ ഗേഹജാലകം മെല്ലെ ഞാൻ..
പിൻവിളി കേട്ടപോൽ പോയി തുറക്കവേ..
പെയ്തുവീഴും മഴത്തുള്ളിയിൽ മുങ്ങി..
പൂത്തു നിൽക്കുന്നവ വീഥിക്കുമക്കരെ..

ഇത്ര നാളും ഞാൻ കാണാതെ പോയതോ ..
ഇത്തരമൊരു വൻ വാകവൃക്ഷത്തെ..
ഇന്നലെകൾ എന്നിക്കില്ലാതെ പോയതോ..
ഇന്ന് വന്നു മുളച്ചിത്ര വന്നതോ..

എന്നു ചിന്തിച്ചു നിൽക്കുമ്പോൾ എത്തി ഹാ..
ഏഴുസാഗരം താണ്ടിയവശ്ശനായ്..
ഏഴു ലോകവും വാരിവിഴുങ്ങുവാൻ..
ഏറും വിശപ്പുമായ് ആ ക്രുധ മാരുതൻ...

ജാലകം ആഞ്ഞു കൊട്ടിയടച്ചെന്റെ..
ജാലമെല്ലാം കവർന്നുപോയി ക്ഷണം..
ജലധാരകൊണ്ടു നിറച്ചെന്റെ ഹൃത്തടം..
ജന്മസൗഭാഗ്യ വാകയെ ഓർക്കവേ...

ഉഭയ ചിന്തകൾ..

ഒന്നെടുത്തു വിരൽത്തുമ്പിൽ വച്ചാർത്തു..
കണ്ണു ചോപ്പിച്ചു ഭാഗവതിയാകുവാൻ..
പല്ലുകാട്ടി ചിരിച്ചൊന്നു തുള്ളുവാൻ..
ഉള്ള മോഹങ്ങൾ വീണ്ടും ഉണർന്നുപോയ്..

ദീർഘനിശ്വാസത്തിൽ ഒന്നൊതുക്കി ഞാൻ..
ക്രുധ മാരുത താണ്ടവം ശാന്തമായ്..
ഉള്ളിൽ അപ്പോൾ നിറഞുവല്ലോ ചിരി..
നാളെ വീണ്ടും പൂക്കുമല്ലോ വാക.. 

05/12/2020

Thursday, December 03, 2020

ഈയാംപാറ്റ

മോഹങ്ങൾ ഉള്ളിൽ ഒതുക്കി..
മൗനമായ് വിൺതടം വിട്ടു..
മൂവന്തി നേരത്തു മണ്ണിൻ...
മാറിൽ പടർന്നൊരു തുള്ളി..

ആ രാസ ലീല പ്രഭാവം...
ആകെ പടർന്നൊരു ഗന്ധം..
അതിലോലം ഒന്ന് ശ്വസിക്കെ..
അത് പൂത്തു പൂഞ്ചിറകായി..

മണ്ണിൽ ഇഴഞെത്ര കാലം..
മണ്ണിൽ വീഴാതെ കാൽപാട് പോലും..
മണ്ണിന്റെ മണമൊന്നു നെഞ്ചിൽ..
മതികൊണ്ട് ചിറകുവിടർത്താൻ..

എന്നിട്ടോ...

എന്നിട്ടു യാത്രയാകേണം..
എരിയും അഗ്നിയെ ഒന്ന് പുൽകേണം..
ഏറിയ മോഹമാം ചിറക്കും.. ദേഹവും..
ഏകഭാവാൽ ത്യജിക്കേണം..

എന്തെ ഇങ്ങനെ..

അഗ്നിയെ പ്രണയിച്ചുപോയി..
അതിൽ എന്റെ ജീവനെ ഹോമിച്ചു പോയി..
അതിരില്ലാ വർണ്ണ പ്രപഞ്ചം..
അങ്ങിനെ എന്റേത് മാത്രമായ് മാറാൻ..

Friday, November 27, 2020

പറയാൻ...

.
ഒന്നും  ഇനി ബാക്കിയില്ല...
എല്ലാം ചോദിച്ചു തീർന്നുവത്രേ..
ഉള്ളിൽ ഉറക്കൊണ്ടതെല്ലാം..
കാലം കവർന്നുപോയത്രേ...

എന്നിട്ടും..

കൗമാര കൗതുകകാലം..
കനവിൽ പടർന്നൊരു ഗാനം...
കരളിന്റെ തെക്കിനിക്കുള്ളിൽ..
കുറുക്കുന്നതെന്തിനായ് ഇന്നും..

ഒരുപക്ഷെ..

പ്രകൃതി തൻ വികൃതികൾ ആവാം..
പ്രണയത്തിൻ നാടകമാവാം..
പലകാലം വേർപിരിഞ്ഞിട്ടും..
പലതായി മാറിയില്ലിന്നും..

എന്നിട്ടോ..

ഓർമ്മകൾ ഉള്ളിൽ വിടർത്താൻ...
പെയ്തു വർഷമായി അക്ഷര മേഘം..

എനിക്ക്..

പറയുവാൻ ഒരു മൂളൽ പോലും..
ബാക്കി വക്കാൻ വിടാ നിന്റെ കാതിൽ...

Thursday, November 19, 2020

സംഘഗാനം

ഗതകാല സ്‌മൃതികൾ തൻ വേദിയിൽ നിന്നു ഞാൻ..

ഒറ്റക്ക് പാടാൻ കൊതിച്ചു നിൽക്കെ..
ഗണിതങ്ങളെ പോലും തോൽപ്പിച്ചു ചിന്തകൾ..
ഒരു സംഘ ഗാനം പാടിപ്പോയി ..

പറയാൻ മടിച്ച വാക്കുകൾ കൊണ്ടുള്ളം..
പുകയുന്ന വരികളിൽ മഷി പടർത്തി..
പ്രണയത്തിനാദിയിൽ നെഞ്ചിൽ കൊരുത്തൊരു..
പഴയ കാലസ്മൃതി ഗാനമായി..

ഒറ്റക്കിരിക്കുമെൻ ചിന്തകൾ പാടിയ..
സംഘഗാന ശ്രുതി കേട്ടുണർന്നു..
ചുറ്റും തിരഞ്ഞു ഞാൻ ഭൂതകാലത്തിന്റെ..
പുൽക്കൊടി തുമ്പിലെ  നീർക്കണങ്ങൾ..

Monday, November 02, 2020

ക്ഷരം..

അക്ഷരമാലകൾ എല്ലാമറിഞ്ഞെന്ന
അല്പബോധത്തിന്റെ ആരാമ മുറ്റത്ത്‌..
ആരോ പടച്ചൊരു ആകാശവും കണ്ട്
ആരാമ തുളസിതൻ കാറ്റിനെ കനവാക്കി..

ഒരു നാലു കെട്ടിന്റെ ഉമ്മറ തൂണിൽ..
ഒന്നുരം ചാരി ഞാൻ ഒന്നുറങ്ങുമ്പോൾ..
ഒരു കൊച്ചു തെന്നലായ് വന്നതല്ലെന്റെ..
ഒരു വാക്കുപോലും ഒരക്ഷരം പോലും..

പക്ഷെ അതിൻ ഭാരം ഒരു കൊച്ചു കടലാസിൽ..
പതിയെ പരക്കുമ്പോൾ വീഴും നിറങ്ങൾതൻ 
പകുതിയെ പോലും തിരിച്ചറിയാതെ ഞാൻ
പകച്ചു പോകുന്നുണ്ട് പലവെള്ളിയാഴ്ചയും..

മറക്കുവാൻ പോലും ഓർക്കാത്ത ചിന്തകൾ
മഷിപുരട്ടി പോകും എൻ വിരൽ തുമ്പിന്റെ ..
മനമെന്ന നഖമുനയാലോന്നു തൊട്ടപ്പോൾ..
മറ്റൊരു മനസ്സിൽ വരവീണുവെന്നോ..

എങ്കിൽ

ആദി ബോധിയാം വ്യാസന്റെ വാക്കുകൾ..
ആദ്യമായ് അൻപിൻ കൊമ്പോടിച്ചെഴുതിയ  
ആദി ദേവന്റെ പുത്രന്റെ മുന്നിലെൻ..
ആത്‍മാക്ഷരങ്ങളെ വച്ചു പോകുന്നു ഞാൻ  

എന്നുവരെ എന്ന് ചോദിച്ചാൽ... അന്നുവരെ..





Thursday, October 29, 2020

ഓർമ്മകൾക്ക് മുന്നിൽ

അതുമതി ഓർമ്മതൻ  മുത്തുകൾ വാരി..
അവിരാമം എൻ വിരൽ തുമ്പിൽ നിറക്കുവാൻ..
അതുപിന്നെ അക്ഷര രുപമായ് മാറിടാൻ..
അത് ചേർന്ന് എന്നിലെ വാക്കായ് പിറക്കുവാൻ..

നിശബ്ദ ബിന്ദുവാം അമ്പിളി തിങ്കളായി..
നിസ്വാർത്ഥമോഴുകുകുന്ന പുഴപോലെ യെന്നിൽ..
നിത്യവും നിറയുന്ന നിറമില്ലാ  നിനവിൽ..
നിറയുന്ന പകലിന്റെ പകയായ് ഭാഗ്യമായി..

പകരുവാൻ ആവാത്ത വാക്കിൽ കുടുങ്ങി..
പല കാലം പകുതി കരിഞ്ഞുപോയെങ്കിലും..
പുലരിവന്നെത്തിയ നേരത്തു പറയുവാൻ..
പുകയുന്ന ചിന്തകൾ ബാക്കിയായി...

അനഘയാം നിന്നെ തൊട്ടു തലോടി..
അതിലോല മാരുതൻ വന്നു പോകെ..
അവിരാമം എന്നിൽ നിറയുന്നതുണ്ട്...
ആദിയും അന്ത്യവും ഒന്നുപോലെ..

Saturday, October 10, 2020

കവിതകൾ ഉണ്ടാകുന്നത്

അകലങ്ങളിൽ നിന്നും...

അരികിലേക്കെന്തിനോ ..
അറിയാതെ എന്നും ഒഴുകിയെത്തും..

ഒരു ദീർഘ നിശ്വാസ രൂപമായ് ആദ്യം..
ഒരു മൂളലായ് പിന്നെ വരികളായി..

ഇടനെഞ്ചിൻ മുട്ടലും ചിന്തയും ഒരുമിച്ച്..
ഇണ ചേർന്ന് വീഴുന്ന നിമിഷങ്ങളിൽ..

വിരലിന്റെ തുമ്പിൽ വിറകൊണ്ടു നിൽക്കുന്ന..
വിയർപ്പിൻ തുള്ളിയാം അക്ഷരങ്ങൾ..

ഒന്നും പടരാത്ത കടലാസ്സ് കട്ടിലിൽ..
ഒന്നും മറക്ക്യാതെ വീഴും നേരം..
ഒന്നും മറക്കാത്ത മനസ്സിന്റെ രേതസ്സിൽ
ഒരു കൊച്ചു കവിതതൻ ചിരി ഉണരും..




നിഴൽ

നിറം ഉള്ള ദേഹത്തിൻ രൂപമാർന്നു..
നിറയുന്നു ചുറ്റിലും നിറം ഇല്ലാതെ..

നിണമില്ല നിനാവില്ല  നിറവുമില്ല..
നിറയുന്ന രൂപത്തിൻ മണവുമില്ല..

പകൽ വന്നു പകലോന്റെ വെളിച്ചവുമായ്..
പരന്നപ്പോൾ പടരുന്ന ഇരുള് രൂപം..

പുലരിയിൽ കിഴക്കൊട്ട് നോക്കി നിൽക്കെ.
പുറകിലായി തെളിയുന്ന കറുത്ത രൂപം..

ഉച്ചക്ക് കാലടിക്കടിയിലായി..
ഉഴറുന്നു ഉറുമ്പിന്റെ കുറുമ്പ് പോലെ..

പടിഞ്ഞാറു പന്തലിച്ചു കിടക്കും സൂര്യൻ..
പണിഞ്ഞിതാ തന്നുവല്ലോ..
പല നിറങ്ങൾ..

അറിയുവാൻ ഒന്നുമാത്രം ബാക്കിയാക്കി..
അരൂപ്പിയാം വെളിച്ചതിൻ വികൃതിയായി..

നിഴൽ മുന്നിൽ വന്നുവെങ്കിൽ..
നിനച്ചു കൊൾക..
നിറം തരും വെളിച്ചം നിൻ പിന്നിലുണ്ട്..

Thursday, October 08, 2020

പിണക്കം..

മുഖപടം ഇന്നെന്തേ അഴിച്ചു വച്ചു..

മൂകതയിൽ മനസ്സിനെ ഒതുക്കി വച്ചു...
മുദ്രയാലെൻ അഭയദാഹം തീർത്തോരെന്റെ 
മൂർത്തിയോട് ദേവിവീണ്ടും പിണക്കമായോ..

വരുന്നുണ്ട് ധനുമാസം തണുപ്പുമായി..
വിറക്കാതെ വെറുതെ തൊഴുതു പോകാൻ..
വഴിയരികിൽ കേൾക്കുന്ന വളകിലുക്കം..
വരിയിട്ടു കൈകളെ പുണരും കാലം..

ഇണങ്ങുവാൻ വേണ്ടിയത്രേ പിണക്കമെല്ലാം..
ഇതരുൾചെയ്ത ഭഗവാനും ഭഗവതിയും.
ഇഹലോകം കാണുവാനായ് കളിച്ച നൃത്തം..
ഇടക്കൊന്നു കാണാം ആ കുറത്തിയാട്ടം..

അതുകഴിഞ്ഞാളുകൾ ഒഴിഞ്ഞ നേരം..
അടുത്തുള്ള കുളത്തിലാ കാൽ കഴുകി..
അലപോലെ ഇളകുന്ന ഇലകളുള്ള..
ആൽമര ചോട്ടിലായ് ഒന്നിരിക്കാം..

അവിടെ വച്ച്..

ഓർക്കുവാൻ ഓർക്കുന്ന ഓർമ്മകളെ..
ഓടി പിടിച്ചു കൈ കാലുകെട്ടി..
ഒരു കൊച്ചു തൂക്കു പാത്രത്തിലാക്കി
ഒഴിച്ചിടാം കാവിലെ മഷി വിളക്കിൽ..

അവിടെനിന്നായിരം കണ്ണുകളിൽ..
അലിയും ആ ഓർമ്മകൾ കണ്മഷിയായ്..
അതിലൊക്കെ ഒരു കൊച്ചു നീറൽ പോലെ..
അറിയാതെ നിറഞ്ഞിടാം നമുക്കനന്തം..

Friday, October 02, 2020

മോഹം

ഒരു മഹാ ലോകവും സ്വപ്നങ്ങളിൽ പേറി..

ഒരുനാളിൽ മണ്ണിൽ ജനിച്ചു വീണു..
ഒരുമഹാ നിദ്രയുണ്ടാവസാനമെന്നത്..
ഒരുനാളും ഓർക്കാതെ നാം നടന്നു...

ഒരുമിഷത്തിന്റെ ശതകാർത്ഥ കണികയിൽ   ..
ഒരു ശ്വാസമോന്നു ഉൾവലിച്ചു..
ഒരുജന്മം കൊണ്ടു ചെയ്തകർമ്മങ്ങളെ..
ഒരുനിമിഷം അപ്പോഴൊന്നോർത്തു..

ഒരു ചിന്തയും വലം വക്കാത്ത കോവിലിൻ
ഒരരികത്തു നിന്ന് തൊഴുതു..
ഒടുവിൽ ഈ ഭൂമിയിൽ വീണ്ടും ജനിക്കുവാൻ..
ഒടുങ്ങാത്ത മോഹവുമായി...


Thursday, October 01, 2020

ഇന്ന്..

മുറ്റത്തു പൊട്ടി ചിതറി കിടക്കുമാ..

കുപ്പിവളപ്പൊട്ടു കൺകെ നെഞ്ചിൽ..
എന്തെ നിറയുന്നു ഗദ്ഗതം, കണ്ണുകൾ..
എന്തെ നിറയുന്നു കണ്ണുനീരാൽ..

ഓർമ്മതൻ താളുകൾ ഒക്കെ തിരഞ്ഞു ഞാൻ..
എന്തിനീ കണ്ണുനീർ എന്നറിയാൻ..
ഒടുവിൽ ഞാൻ എത്തിയാ വിദ്യാലയത്തിന്റെ..
കൂറ്റൻ പടിവാതിലിന്നു മുന്നിൽ...

അവിടെ..ആ..കാണും കൊച്ചു മുറിയിലെൻ..
ജീവിത പുസ്തകം ഞാൻ തുറന്നു..
ഭാവിതൻ വാഗ്ദാനമാകുവാൻ അറിവിന്റെ..
അക്ഷരമാലകൾ ഞാൻ പഠിച്ചു..

ഒരിക്കൽ..

ഓടിക്കളിച്ചൊരു കൂട്ടുകാരിൽ നിന്നും..
 എന്റെചിന്തകൾ ഗർഭം ധരിച്ചു..
കാലം പൊഴിയവേ ഗർഭം നിറഞ്ഞെന്നിൽ.
സ്വന്തം സ്വഭാവം ജനിച്ചു...

പിന്നെഅന്നേപ്പോഴോ ജീവന്റെ വാടിയിയിൽ.
മോഹമാം മാരുതൻ വീശി..
ആകാറ്റ് കൊണ്ടെന്റെ ഉള്ളിന്റെ ഉള്ളിലായ്..
ആദ്യാനുരാഗം വിടർന്നു...

കതിരണി തുളസിയില കൂന്തലിൽ ചൂടി..
വന്നെത്തുമൊരു ദേവിതൻ രൂപമായി..
ആ..
 കൺകളിൽ കണ്ടുഞാൻ എന്റെ ആത്മാവതിൽ..
പൂക്കുവാൻ വെമ്പുന്ന പൂക്കൾ..



Saturday, September 12, 2020

മഴ.. ഇന്ന്... എനിക്ക്..

മഴ പെയ്തു വീണു കുളിർത്ത ഭൂവിൽ.. 
വിരൽതൊട്ട കാലം മറന്നോരെന്നിൽ.. 

ഒരു കപ്പ് വെള്ളം നെറുകിൽ തലോടി.. 
എൻ ഓർമ്മയെ തൊട്ടു നിറഞ്ഞു പോയി.. 

ഒരു മഴക്കാലം എൻ കുളിമുറിയിൽ.. 

ഒരു വേള ഓർത്തു പോയ്‌ ബാല്യകാലം.. 
യൗവനം തേടും എൻ ആത്മ ഹർഷം.. 





Thursday, September 10, 2020

വിശപ്പ്..

വാക്കിൻ വിശപ്പൊന്നടക്കുവാൻ ഇന്നു ഞാൻ.. 

യാത്രയായ് ആകൊടും കാടു തേടി.. 
വരയിട്ട നരകൊണ്ട് വഴിവെട്ടി വെട്ടിയെൻ.. 
ഭൂതകാലാകുളിർ മേടുതാണ്ടി .. 

നിഴൽവീണ ചിന്തകൾക്കൊന്നുയിർ കൊള്ളുവാൻ.. 
നിറമുള്ള മണമുള്ള പൂക്കൾ തേടി.. 
മറയുന്ന ചിന്തതൻ വേരിൽഇറ്റിക്കുവാൻ.. 
മൃത്യു സഞ്ജീവനി തളിരുതേടി.. 
 
വഴിയിലെൻ ബാല്യം പൂത്തു തളിർത്തൊരാ 
പുഴവക്കിൽ ഒരുവേള ഒന്നിരുന്നു.. 
ഞൊട്ടും ഞൊടക്കും തുപ്പൽ പടക്കവും 
തൊട്ടു തലോടി കടന്നുപോയി.. 

അരയാലിൻഇലകളെ ഇക്കിളിയാക്കി 
ഒരു കൊച്ചു കാറ്റ് കടന്നുപോകെ.. 
ഒരു ദീർഘ നിശ്വാസം എന്നിൽ നിറച്ചു ഞാൻ.. 
ബാല്യമാം കല്പടവ് കയറി മെല്ലെ..  

കൗമാര ഭാവനകൾ കാവടി ആടുന്ന.. 
വഴിയോരമെത്തിഞാൻ ഒന്ന് നിന്നു.. 
അവിടെ നിറഞ്ഞാടും ശിങ്കാരി മേളവും.. 
പറയന്റെ കൊട്ടും എൻ ചെവിനിറച്ചു.. 

മന മതിൽ മെല്ലെ കടന്ന് വർഷത്തിൽ.. 
ഒരുനാൾ വരുന്നൊരു ദേവശക്തി.. 
അരികിലൂടൊന്നു കടന്ന് പോയ്യ്.. കാലമായ്.. 
യൗവ്വന തിരിതെളിച്ചെന്റെ ഉള്ളിൽ..  

കരിമഷി പൊട്ടിനായ് കാവിലെ ദേവിക്ക്...
ഇത്തിരി എണ്ണയുമായ് നടന്നു.. 
സന്ധ്യക്ക് കൈകൂപ്പി നിന്നു കിഴക്കിന്റെ.. 
കൃഷ്ണന്റെ മുന്നിലും ഏറെ നേരം.. 

അന്ന് പടിഞ്ഞാറിൻ അമ്പലത്തിൻ ദേവി.. 
ഏകാന്ത വാസത്തിൽ ആയിരുന്നു.. 
തിരുവാതിരക്കും തിരുനാളിനും മാത്രം.. 
മിഴികൾ തുറക്കുന്നവൾ ആയിരുന്നു.. 

തിക്കും തിരക്കും ഒട്ടുമില്ലാതാന്ന്...
ഇടവഴികൾ തോറും നടന്നുതീർത്തു.. 
ഒടുവിൽ കാല വിരൽപിടിച്ചെത്തി ഞാൻ.. 
ഇലപൊഴിയും വടവൃക്ഷനിഴലിലായി... 

ഒന്ന് മയങ്ങി ഉണർന്നപ്പോൾ ഉള്ളിലായ്.. 
ഉണരുന്ന വാക്കിൻ വിശപ്പ്‌ കേൾക്കേ.. 
നര കൊണ്ട് വെട്ടി വെളുപ്പിച്ചു വഴി നീട്ടി.. 
യാത്രയായ് വീണ്ടുമാ കാടുതേടി.. 

എന്റെ ഭൂതകാലക്കുളിർ കൂട്തേടി.. 

Thursday, August 27, 2020

വിട..

നെറുകിലൊരു തെന്നലായ്  നിദ്രതഴുകുന്നു..

മിഴികളിൽ കനവിന്റെ ഗന്ധം നിറയുന്നു..

ഉൾപൂവിൻ ഉന്മാദ പൂന്തേൻ നുകരുവാൻ..

ഒരുമാത്ര ഒരുവേള  വിടതരു പോട്ടെഞാൻ.

ഉരുകുന്ന പകലിന്റെ തണൽ തന്ന പുകയിൽ..  

പരിപൂർണ്ണ നിദ്രയാം സുഷുപ്തിയെ പുൽകി.. 

പുലരുന്ന പകലിന്റെ കാലൊച്ചയായി...

ഒരു "സുപ്രഭാതം" വരുന്നതും തേടി.. 

ഭയമൊക്കെ ആറുവാൻ അഭയമാം ദേവനെ.. 

മനസ്സാൽ നമസ്കരിച്ചൊരു രാത്രി കൂടി.. 

പുലരുന്ന പകലിന്റെ കാലൊച്ചയായി.. 

ആ സുപ്രഭാതം വരുന്നതും തേടി.. 

പകൽ കണ്ട കാഴ്‌ചകൾ ചിത്രങ്ങളായി.. 

ബോധത്തിൽ വിരിയുന്ന സ്വപ്നങ്ങളായി.. 

ഉതിരുന്ന നിമിഷങ്ങൾ വർഷങ്ങളാക്കും.. 

മനസ്സെന്ന മായയെ മാടി ഉറക്കി.. 

ഉൾപൂവിൻ ഉന്മാദ പൂന്തേൻ നുകരുവാൻ..

ഒരുമാത്ര ഒരുവേള  വിടതരു പോട്ടെഞാൻ...


Wednesday, August 26, 2020

പൂപ്പൽ

മഴക്കാലം ആണ്‌... 
മാറാൻ കാത്തുനിൽപ്പാണ്..
മരം പെയ്ത മനസ്സിൽ നിന്നുണർന്നതാണ് .. 
മഞ്ഞ നിറം ആ  പൊന്നിൽ നിന്നുദിച്ചതാണ്.. 

ഇവൾ പോയാൽ അവിടുള്ള പുഴുക്കൾ പോലും.. 
അറിയാത്ത ദൂരം തേടി പൊയ്‌പോയിട്ടും.. 

അവരല്ലേ വിളക്കിന്ന് എണ്ണയുമായ്.. 
അരിയ ഭഗവതിയെ തേടാറുള്ളു.. 
അവരുടെ നിറമെത്ര സുവര്ണമാണ്.. 
അതെല്ലാം ഇവൾ തന്ന തഴുകലല്ലേ.. 

എന്ന്  പണ്ട് പഠിപ്പിച്ച മുത്തശ്ശിയോ.. 
എത്ര വട്ടം കാൽ തെറ്റി വീണിട്ടുമീ.. 
പൂപ്പലിനെ ഒതുക്കുവാൻ തുനിഞ്ഞിട്ടില്ല.. 

അവൾ മണ്ണിൽ നടക്കുവാൻ കൈ പിടിക്കോളത്രെ.. 

കാൽത്തെറ്റാതടി വച്ചു പഠിപ്പിക്കുന്ന.. 
ഗുരുക്കൻമാർ ഇവളെക്കാൾ മറ്റാരുണ്ടിന്നും.. 

പടിവാതിലിലെ.. പൂപ്പൽ... ഒരു ചിന്ത...