Thursday, October 14, 2021

ഒരു ചിന്ത

കാലിൽ ചിലങ്ക അണിഞ്ഞൊരാ കാലുകൾ..
വേദിയിൽ നിന്നും നൃത്തമാടെ...
ഇല്ലാത്ത ബോധത്തെ തട്ടി കളഞൊരാൾ..
വേദിക്കുമുന്നിൽ ഇരുന്നുറങ്ങേ...

നീറി എരിഞ്ഞാ സ്വപ്‌നങ്ങൾ എങ്കിലും..
നീർചോല പോലെ ഒഴുകും ഇന്നും..

കാതോർത്ത കാലൊച്ച എങ്ങോ മറഞ്ഞെന്നു..
കാലം എന്നോട് അന്നുരച്ചു..

അരികിൽ നിൽക്കുമ്പോൾ അറിയാതെ ഒരുവട്ടം..
ആമേനി ആർദ്രമായ് ഞാൻ കൊതിച്ചു..

എല്ലാം മറന്നാ മാറിൽ കിടന്നാ ഹൃദയത്തിൻ മുട്ടൊന്നു കേൾക്കുവാനായ്..

എത്രയോ രാത്രികൾ എൻ കൈ മെയ്യാക്കി..
എൻതല ചായ്ച്ചെത്ര ഞാൻ ഉറങ്ങി..

ഒരുനാളും വരുകില്ല എന്ന് പറഞ്ഞവർക്കറിയില്ലേ..
എൻ ചിന്താ ഹൃദയമോട്ടും..

അരികത്തുണ്ടിപ്പോഴും വട്ടായി.. വികൃതിയായി..
ആ മോഹ കാലത്തിൻ കോലാഹലം...

ശ്വാസം

ശ്വാസം ...

പലചിന്തയിൽ നിന്നും പതുക്കെ കരേറിയേൻ..

പലതെന്ന ചിന്തയെ ഒന്നാക്കി നിർത്തുന്ന ..

പൂക്കാത്ത പൂമര കൊമ്പിൽ നിശ്ശബ്ദമായ്..

പരിമളം ചാർത്തി പ്രശോഭിത പുഷ്പമായ്..

പകലിന്റെ വേനലിൽ വെറുതെ പൊഴിയുന്ന..

പ്രകൃതിതൻ വേർപ്പിന്റെ വികൃതിപോലെന്നും തനുവിൽ..

പുലരി തൊട്ട് അടുത്ത പുലരിയോളം പടർന്ന്..

പുകയുണ്ണുവാൻ കൊതിച്ചു പുകയുന്ന ദേഹത്തിൽ..

പുണരുന്ന കൊച്ചു  കിനാക്കളെ പോലെ..

പടരുന്ന ഒരു ഭക്തി ഗാനമാണെന്നും ശ്വാസം ..

Sunday, October 03, 2021

ഒരു സ്വപ്നം.. കൂടി..

അകലെ ഏതോ അഴക് നോക്കി..
അലസമേതോ ചിന്തയായ്..

വിരിയുമുള്ളിലെ ചിരി വിടർന്നു ..
ചൊടികളിൽ തേൻ തുള്ളിയായ്...

നിറയും മിഴികളിൽ നനവ് പോലെ..
ഊർന്നു വീണുവോ തിങ്കളും..

അരിയ വിരലിൻ തുമ്പിലേതോ..
ഗാനം ഒന്ന് തിളക്കവേ..

 അരികിൽ നിൽക്കാൻ തോന്നുമാറാ..
പ്രകൃതി വന്നു വിളിച്ചുവോ..

നിൻ നിഴലുകൊണ്ടൊരു തണലുചാർത്തി..
ഇളവെയിൽ  ചൂടാർന്നുവോ...

Thursday, August 19, 2021

ഓണം

ഒരു പൂവും പൂത്തില്ല..

ഒരുപൂക്കളവും ഇട്ടില്ല..
എന്നിട്ടും പൂക്കുന്നല്ലോ..
എന്നുളിൽ പൊന്നോണം...

അറിയുന്നവർ എഴുതും വരിയിൽ..
തുമ്പ കൊടി പൂവിട്ടത്രെ...
എന്നുള്ളിലെ തുളസി കതിരാൽ..
മെഴുകിയതറ പൂവിട്ടത്രെ..

ഒരുനാലോണ പുടവ..
ഓർമ്മകൾക്ക് വാങ്ങാൻ ഞാൻ..
ഉത്രാടരാവിന് മുൻപേ..
ഒരുവേള ഉറങ്ങട്ടെ...

Thursday, July 29, 2021

ഒരു ചിന്ത

വിദ്യാ ദാന കർമ്മ വിവശയാൽ..
വീണ്ണിൻ വർണമെല്ലാം മറന്നുവോ...
വിരഹമെല്ലാം മഴത്തുള്ളിയാക്കുന്ന..
വിപിന ചിന്തയാം മേഘങ്ങളെ പോലും...

വീജ്ഞാനം എന്ന വാക്കിനോളം വല്യ..
ദാനം വേറെ എന്തുണ്ട് ഭാഗ്യമായ്..
വേറെ ഒന്നുമില്ലീ ഭൂമിയിൽ..
വീണ്ടെടുക്കാൻ കഴിയാത്തതായി..

ഒന്ന് വന്നെന്റെ ഉള്ളിൽ നീ നോക്കി..
ഒന്ന് കണ്ണടച്ച് പോകുമ്പോഴും..
ഒന്ന് മാത്രം മതിയെനിക്കൻപിൻ..
ഒട്ടു മാത്ര നിൽപ്പുണ്ടെന്നറിവ്..

എൻ മനോ മിഴികളിൽ കാലം എഴുതിയ..
ഏറിയ വർണം ആഘോരമാണെങ്കിലും..
എന്തിനാൽ ഞാൻ അവസാനിപ്പിച്ചു പ്രണയം..
എന്നതിന് ഉത്തരം നീ ഒന്ന് മാത്രം...

Friday, May 21, 2021

പറയുവാൻ..

 ആത്മാവിലെപ്പോഴോ അനുഭൂതി തൻ..
ഒരു തുള്ളി വീണതറിഞ്ഞുവോ ഞാൻ..

അരികിൽ നീ വന്നു നിന്ന നേരം..
"ഭയം"  "അഭയ" മെന്നുള്ളിൽ 
കേട്ടുവോ ഞാൻ..

 ഇന്നലെയോളം എരിഞ്ഞിരുന്നു..എന്നിൽ..
ഞാൻ ചെയ്ത ദുഷ് കൃതികളെല്ലാം...

ഇന്നവയൊക്കെ വർണ വിഭൂതിയായി..
എന്റെ നെറുകിൽ വര വീഴ്ത്തി നിൽക്കയായി..

ഇനി നിന്റ കാഴ്ച്ചയിൽ ഞാൻ ആരുമാവാം..നിൻ 
കാൽ പെരു വിരലിന്റെ ഭാഗമാവാം..

ആ ദുഃഖ സ്‌മൃതികൾ തന്ന എന്നെ..
നിന്റ ഒരു ചാണ് അടിയാൽ..
അളന്നു കൊള്ളു..

Monday, May 10, 2021

വിപിന ചിന്തകൾ..

"അ"ക്ഷരം തൊട്ടെത്ര നാളുകൾ ഇന്നു മണ്ണിൽ കടന്നു പോയ്‌ ..

ഇത്ര കാലവും കണ്ടതില്ലനിൻ കണ്ണിൽ  ഈ വിപിന ചാരുത..

ആ കാഴ്ചയെ പറ്റി നീ പറഞ്ഞിട്ടില്ല ...

എങ്കിലും എനിക്കൊന്നുറപ്പുണ്ട്..

എന്നിൽ....

വിപിനം ഒരു നിറ ചന്ദ്രികാ..നിറമണിഞ്ഞു നിൽക്കും മുദാ..
വിജന വഴിൽ നടന്നു ചെല്ലും എന്നെയും കാത്തോടുവിൽ ഹാ..

ആ നിഴലിൽ ഒന്നിരിക്കാൻ കഴിവതെത്ര മനോഹരം ..
ആ വഴിയിൽ നടക്കുവാനും..
ഉള്ളിൽ ഉണ്ടു പ്രചോദനം..

ഒടുവിൽ..

ഇത്തിരി ചിത ചിന്തയിൽ നീരിറ്റു തന്ന ശലഭങ്ങളായ്..
ഉള്ളിൽ എന്നും നിറയും വിപിന ദീപ്ത സ്മൃതികൾ അവിരാമമായ്...

🙏

Monday, March 22, 2021

ഇന്നലെകൾ തന്ന ഇന്ന്

അല്പനിമിഷ വിലോല ഭാസുര..

മേഘ ധ്യുത് ഭര ഭൂമിയിൽ..
ആഴി തൻ മണൽ കോർത്ത പാദ സ്പർശഹാരം അണിഞ്ഞു ഞാൻ..

ദ്വൈത ചിന്തകൾ ഒക്കെ വേർപെട്ടേകചിന്താ ധാരായാൽ..
ദൂർത്ത സ്വപ്നച്യുതി  കൊഴിഞ്ഞെൻ
നിദ്രയോ നിറമാർന്നു പോയ്‌..

കത്തിയെരിയും മല്ലികാ വിരൽ ഒന്ന്
തോട്ടൊരു കാറ്റിൽ ഞാൻ....
പഞ്ചഗ്രാഹ്യ ചിത്ത ചിതയിൽ
വീണു പോയി സുഷുപ്തിയായ്..

സുപ്രഭാത വിലോല മേഘ കേശഭാരം ഒതുക്കിനീ..
സ ഹർഷ സുന്തര മുഖവുമായി നിൽക്കയാണോ മുന്നിലായ്..



Friday, March 05, 2021

അവിരാമം

അവിരാമം..


ഒരു സുപ്രഭാതം പറഞ്ഞെൻ വിരാമമേ..
ഒരുവേള നീ പോയ്‌ മറഞ്ഞെങ്കിലും..
ഓർമ്മതൻ ഓർമ്മയിൽ ഓർക്കാതിരിക്കുവാൻ..
ഒരുപാട് ഞാനും ശ്രമിച്ചെങ്കിലും..

ഓരോ നിമിഷവും എണ്ണും ഘടികാരമെൻ ..
ഒരോ ദിവസം വിഴുങ്ങുമ്പോഴും..
ഒരു വേള മിന്നി തെളിയും വിരാമത്തിൽ 
ഒഴുകുന്നു നിന്നോർമ്മ അവിരാമമായ്..

വിരാമമേ നീ അവിരാമിയത്രേ..
വിഗത രാഗത്തിൻ സ്വരൂപിയത്രേ..
വാതിലിൻ ഇടയിൽ വിരൽപോയൊരെന്റെ..
വിരലിൽ തെളിഞ്ഞ കറു രക്തമത്രേ..

വിഷക്കല്ലു കൊണ്ട കാലടിയുമായി..
വിഷഹര ദേവന്റെ ക്ഷേത്രപിന്നിൽ..
വിയർത്ത ദേഹം പേറി എത്ര കാലം
വിരാമമേ നിന്നെ തിരഞെത്ര ഞാൻ..

ആ കാത്തു നിൽപ്പിൻ വിയർപ്പു തിന്നു
ആനയായ് മാറി ഞാൻ അൽപനേരം..
ആ ചിരി പൊൻ തിടമ്പോന്നുയർത്തി..
ആരവ ചോടിൽ ഞാൻ നൃതമാടി...





Tuesday, March 02, 2021

ഒരു ചിത്രത്തിന്റെ കഥ

മുഖചിത്രത്തിനോട്..

ഭൂമിതൻമാറിൽ നൃത്തം കളിക്കയാൽ
കാലിൽ പുരണ്ട മണൽത്തരി തൻ..
വിരലിൽ പിടിച്ചോട്ടു കുളിരുമായ് നിന്നുവോ..
വരുണന്റെ രാഗാർദ്ര ജല കന്യകൾ..

ആകാശമാകെ വന്നുവോ മേഘങ്ങൾ
പിന്നിൽ നിന്നെങ്കിലും ഒന്നുകാണാൻ..
ഒരുവട്ടം ഒന്നു തിരിഞ്ഞു നോക്കാൻ കാത്ത്
നിൽക്കയോ പിന്നിലാ മാമരങ്ങൾ..

വെയിൽ കൊള്ളാൻ മടിയുമായ് ഉത്തരകീഴിൽ
വെറുതെ മയങ്ങിയ വഞ്ചി പോലും..
ഒന്നുണർന്നോ പ്രിയേ വെയിൽ കൊണ്ടിരിക്കും
നിൻ മിഴി പൂക്കുന്ന പൂക്കൾ കാണാൻ ..

ഇരുകൈയും ചേർത്തൊരു ചിരിയുമായ് വെറുതെ
ഈ കടൽ തീരത്തു നീ ഇരിക്കെ..
വേവുന്ന വെയിൽ പോലും ഒന്നു തണുത്തുവോ 
നിൻ ചൊടി ശോഭ പകർന്നെടുക്കാൻ..

26022021
വില്ല 92 mbz Zone 25
1220 am

Sunday, February 21, 2021

എന്തോ ഇന്നിങ്ങനെ

 നിന്നെയും കാത്തിരുന്നെന്റെ..
രാത്രിയും പകലായിരുന്നു പോയി...
അതുകൊണ്ടു പുലരി ഒരല്പം വൈകി എൻ..
മാനത്തു വന്നു ഉദിച്ചു പോയി

ഉച്ചക്കോരല്പം ഉപ്പുച്ചേർത്തൂണുമായി..
ഉത്തമേ നിൻ വിരൽ ഉണ്ട്നിൽക്കെ..
എത്രയോ കാലം കടന്നു പോയ്‌ എന്നിലെ..
മർത്യന്റെ മാറിൽ ചവുട്ടിയത്രെ..

Monday, February 15, 2021

ഓർമ്മയിൽ ഒരു ദിനം

ജനുവരി 10 സമയം 9.00 കഴിഞ്ഞു.. എന്നത്തേയും പോലെ അല്ലായിരുന്നു അന്ന് എനിക്ക്..


സാധാരണ സമയത്തിനും അല്പം മുൻപേ ഉണർന്നു... ഒരു യാത്രയയപ്പിന്റെ വ്യാകുലതകളിലേക്ക് ആയിരുന്നു എന്റെ ഉണരൽ..

അത് സംഭവിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട്..
മനോഭാരം ഇന്നലെയെക്കാൾ അല്പം ലഘുവായിരുന്നു...

 ആ കാതുകൾ ഞാൻ പറഞ്ഞ "കഥയെല്ലാം" കേട്ടു.. അല്പ കാലമെങ്കിലും...എന്ന് ഞാൻ ഓർത്തു..

പറയാൻ കഴിയാതെ പോയ വാക്കുകൾ..

കാലബോധം പോലുമില്ലാതെ ഞാൻ  ഒരുപാട് പറയുകയും ചെയ്തു.....

പറയുക മാത്രം..

എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ.. എഴുതാൻ ഉള്ള വരികൾ മാത്രം ആയിരുന്നു...

ആ ദിവസം അങ്ങിനെ ഇരിക്കട്ടെ...

ഇനിയും ഒരിക്കൽ കാണുമ്പോൾ കഥകളിൽ ആ ദിവസവും കൂടി ചേർക്കാം..

ഇനി ഒരുപക്ഷെ... എനിക്ക് കുറെ വരികൾ തരാൻ വേണ്ടി... യാത്ര പറഞ്ഞു പോയതാവുമോ...

17.02.2021..
എഴുതുവാൻ ആഗ്രഹമുണ്ട്...
എഴുത്താണിയിൽ മഷി യില്ല..

Thursday, February 11, 2021

മുക്കുറ്റിയുടെ കാത്തിരിപ്പ്

ചിത്തം പോലെ വിളങ്ങി വിണ്ണിൽ..

ചിങ്ങ പൊൻ പുലരി..
ചുണ്ടിൻ തുമ്പിൽ പുഞ്ചിരിയേന്തി..
ഉണർന്നു മുക്കുറ്റി...

വിണ്ണിൽ നിന്നും വീണ കുളിർ മഴ..
സ്വപ്ന സരസ്സാക്കി..
മുങ്ങി നിവർന്നവൾ നിന്നു മണ്ണിൻ..
മാറിലെ മറുകായി...

ആവഴി വന്നൊരു കാറ്റിൻ കൈയ്യാൽ..
ആടകൾ ഒന്നിളകെ...
കെട്ടി ഉടുത്തവൾ അവളെ കൂടെ..
കാറ്റിൻ കുളിരിനെയും..

ഒന്ന് മിഴിപ്പൂ രണ്ടുമടച്ചവൾ..
ഒന്നേ ആശിച്ചു...
ഇത്തിരി തുമ്പ പൂവും കൊണ്ടൻ..
ഓണമിതെന്നെത്തും..
എൻ പൂവിതളുകൾ ഒന്നു വിടർത്തി..
ചുംബനമെന്നേകും...
എന്നെൻ മേനിയിൽ ഒഴുകും ശ്വാസ..
തീയിൽ വെന്തലിയും...

ആത്മ രഥത്തിൻ ചക്രമതിങ്ങനെ..
മോഹ പഥം പുൽകേ..
മെല്ലെ മിഴിപ്പൂ ഒന്നു തുറന്നവൾ..
ചുറ്റും നോക്കിപ്പോയ്..

അപ്പോൾ..

പൊന്നോണത്തിൻ വരവറിയിച്ചൊരു..
തുമ്പി പറന്നെത്തി...
അവളുടെ ചുണ്ടിൽ മെല്ലെ അമർന്നു..
പിന്നെ പാറിപ്പോയ്...


Thursday, January 21, 2021

ഞാൻ..

ഞാൻ ഒരു അടഞ്ഞ പുസ്തകമാണ്..

ആഗ്രഹം ഉള്ളവർക്ക് തുറന്നുവായിക്കാൻ കഴിയുന്ന ഒന്ന്...

അക്ഷരങ്ങൾ പരിചയം ഉള്ളവർക്ക് വെറും വാക്കുകൾ ആണ് എന്നിലെ താളുകളിലെ ഓരോ വരികളിലും...

അർഥങ്ങൾ തിരയുന്നവർക്ക് ഒരു പ്രഹേളികയും...

ഓരോ താളുകൾ മറിക്കുമ്പോഴും..
മറിക്കുവാൻ ഒരു താൾ മുന്നിൽ എന്നും ഉള്ള ഒരു പുസ്തകം..

വിരാമം... അർദ്ധവിരാമം.. അവിരാമം.. വിസർഗം.. എല്ലാം ഉണ്ട് എന്റെ ഓരോ താളുകളിലും..

ഒപ്പം തന്നെ വാസനാ നദിയുടെ ഓളങ്ങളും..

 ഞാൻ അടഞ്ഞ പുസ്തകം ആയിരിക്കും ..
എന്റെ താളുകളിൽ വരച്ചിട്ട വരികളെ വായിക്കുന്ന ഒരാളെങ്കിലും അതിൽ നിന്ന്  സ്വന്തം കണ്ണുകളിലെ കാഴ്ചകളെ വിട്ട്..
എന്റെ കണ്ണുകളിലെ കാഴ്ചയെ  അറിയാത്തിടത്തോളം..

Thursday, January 14, 2021

വിട..

അനുപമേ ഈ അൽപ ദൂരമോന്നെങ്കിലും.

അനുയാത്ര ചെയ്തത് ഓർത്തുവക്കുന്നു ഞാൻ..
അവിരാമം നിന്നെ ഓർത്തു നെടുവീർപ്പുമായ്..
അലയും എൻ മനസ്സിൽ അത് തണുപ്പായിടാം..

അർഥങ്ങൾ ഇല്ലാത്ത ചിന്തയാണെങ്കിലും.
അർഥിച്ചു പോകുന്നു മനസ്സിനാൽ നിർഭയം..

ആരണ്യം ഒന്ന് കരിഞ്ഞു പോയ്‌ ഇന്നെന്റെ..
ആരാണ് ഞാൻ എന്ന ചിന്തതൻ തുമ്പിലായ്.

അവൾ പോയി ഒരു സുപ്രഭാതം ചൊല്ലി..
അറിഞ്ഞു മുറിച്ചിട്ട കൈയെന്നറിയാതെ .

അളക്കുവാൻ... എന്നേ അളക്കുവാൻ മാപിനികൾ തേടി...
അപ്പോഴും നിൽക്കുന്നു അവളിൽ ആ ചിന്തകൾ..

വിട

നെറുകിലൊരു തെന്നലായ്  നിദ്രതഴുകുന്നു..


മിഴികളിൽ കനവിന്റെ ഗന്ധം നിറയുന്നു.


ഉൾപൂവിൻ ഉന്മാദ പൂന്തേൻ നുകരുവാൻ..


ഒരുമാത്ര ഒരുവേള  വിടതരു പോട്ടെഞാൻ.

ഉരുകുന്ന പകലിന്റെ തണൽ തന്ന പുകയൊന്നോതുക്കി.. 

പരിപൂർണ്ണ നിദ്രയാം സുഷുപ്തിയെ തേടി..

അവിടെയെൻ ഓർമ്മകളെ ഉലയിൽ ഉരുക്കി..

ഒരു പുതിയ "എന്നെ" പണിതെടുക്കാനയ്.

കാലിന്റെ വിരലുകളിൽ നീണ്ട നഖങ്ങളായ്..

കാലമേ നിൻ രൂപം മാറിയിന്നെങ്കിലും,..

ആദ്യമായ് ഉള്ളിന്നാൽ തൊട്ട മണ്ണൊന്നിനെ

ഉള്ളിന്നാൽ ഒന്നോർത്തു വീണ്ടും ഉറങ്ങിടാൻ...

ഉരുകുന്ന പകലിന്റെ തണൽ തന്ന പുകയിൽ..

ഉള്ളിന്നാൽ ഒന്നോർത്തു വീണ്ടും ഉറങ്ങിടാൻ...

Friday, January 01, 2021

തോന്നിവാസം

ഈമുറിയിൽ ഈ ഇരുളിൽ..

ഇഴയുന്നൊരു തേളുകളിൽ..
ഇഴ നെയ്തിടും ആ ഒരുവരികൾ ..
"ഇഹലോക പരിത്യാഗം"..

ഭഗ ആറും കത്തിയെരിഞ്ഞുടൽ..
ഭഗവാനായ് തീരുമ്പോൾ..
പകയെന്നൊരു പുലരാ പുകയെൻ..
പിണമൊന്നിലോളിപ്പിച്ചു..

പൂട്ടിയതെൻ മിഴികൾ മാത്രം...
പുലരാ എൻ കനവുകൾ മാത്രം..
പകരം തരുവാനൊരു കടവും..
പൂക്കില്ലെൻ ചിന്തകളിൽ..