Saturday, June 03, 2023

യാത്രാമൊഴി

അധരമറ്റു വീണ വാക്കിൽ..

വിട്ടുപോയ സ്വപ്നമേ..
കെട്ടുവിട്ട തോണിയായ്..
പെട്ടു ഞാൻ കയത്തിലായ്..

ഒട്ടു ദൂരെ ദൂരെയായി...
മുങ്ങിടും തുരുത്തിൽ എൻ..
ഇത്രകാല ചിന്തകൾ -
ക്കൊടുക്കമെന്നു കണ്ടു ഞാൻ..

ദൂരമിങ്ങടുത്തു വന്നു...
കണ്ണിൽ നോക്കി നിൽക്കയാൽ..
നീരണിഞ്ഞ കണ്ണടച്ചു..
മൗനമായി നിന്നു ഞാൻ..

അറ്റുവീണ വാക്കിലെന്നെ..
വിട്ടുപോയ ലക്ഷ്യമേ..
കൺഠം ഒന്ന് കെട്ടി ദീർഘ..
യാത്ര പോയിടട്ടെ ഞാൻ..

Friday, January 20, 2023

ഗുരുകുലം

സ്കൂൾ വിട്ട് വീടിന്റെ പടിക്കൽ വന്നിറങ്ങിയ കുട്ടി നേരെ അമ്മയുടെ അടുത്തേക്ക് ഓടി..


അമ്മ മുറ്റം അടിച്ചുവാരി തടുത്തു തെങ്ങിന്റെ തടത്തിലേക്ക് ഇടുന്ന തിരക്കിലായിരുന്നു...

അതിനിടയിൽ ഓടി വന്ന കുട്ടിയെ നോക്കി ഒന്ന് ചിരിച്ചു.. പിന്നെയും ജോലി തുടർന്നു..

 അപ്പോൾ കുട്ടി അമ്മയോട് ചോദിച്ചു " അമ്മ എന്റെ അമ്മയാണോ.. " ഇത്‌ കേട്ട അമ്മ ഒന്ന് നിശ്ചലയായി...

പിന്നെ ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു " എന്താപ്പോ അങ്ങിനെ തോന്നാൻ "..

കുട്ടി പറഞ്ഞു " ചോദിച്ചതിന് ആദ്യം ഉത്തരം പറയു ".. അമ്മക്ക് വാക്കുകൾ കിട്ടിയില്ല.."പോയി കുളിച്ചിട്ടുവാ ആദ്യം " എന്ന് കുട്ടിയോട് പറഞ്ഞു വിട്ടിട്ട്
 ചിന്തിക്കാൻ തുടങ്ങി.."ഇതിപ്പോ എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും "....

കുട്ടിയുടെ മനസ്സിലെ ചോദ്യം ഒട്ടും ഒടുങ്ങിയിരുന്നില്ല... കുളിക്കാൻ ഓടി ചെന്ന് കിണറിന്റെ വശത്തെ ടാങ്കിലേക്ക് നോക്കി തന്റെ പ്രതിബിംബത്തോട് കുട്ടി ചോദിച്ചു

 "അമ്മ എന്റെ അമ്മയാണോ "...

പുറത്തെ അടുക്കളയുടെ കോലായിൽ ഇരുന്ന് അരി പാറ്റി ഇരുന്ന അമ്മുമ്മ അത് കേട്ടു.. കുട്ടിയോട് ചോദിച്ചു.."എന്താപ്പോ ഇന്ന് വെള്ളത്തിനോട് ഇത്ര കഥ പറയാൻ "..

 കേൾക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ കുട്ടി അമ്മുമ്മയുടെ അടുത്തേക്ക് ഓടി...

ഉത്തരം കിട്ടുവാൻ ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അമ്മുമ്മയോട് ചോദിച്ചു

" അമ്മ എന്റെ അമ്മയാണോ "...

മുത്തശ്ശി ഒന്ന് ചിരിച്ചു..പിന്നെ മുറ്റത്ത്‌ മേൽപ്പോട്ട് നോക്കി ഉത്തരം തപ്പുന്ന അമ്മയെ ചൂണ്ടി കാണിച്ചിട്ട് " നീ കണ്ണ് തുറന്നു അങ്ങോട്ട് നോക്കുമ്പോൾ നിൽക്കുന്നത് ആരെന്ന് കാണുന്നുണ്ടോ " എന്ന് ചോദിച്ചു..

 "അമ്മ " കുട്ടി പറഞ്ഞു..

അപ്പൊ മുത്തശ്ശി  "ഇനി കണ്ണ് അടച്ചു പിടിച്ചിട്ട് "അമ്മ " എന്നൊന്ന് പറഞ്ഞിട്ട് കണ്ണിൽ കാണുന്ന രൂപം ഒന്നെനിക്കു പറഞ്ഞു തരാമോ " എന്ന് ചോദിച്ചു..

കുട്ടി കണ്ണുകൾ മെല്ലെ അടച്ചു..

ചുണ്ടിൽ "അമ്മ " എന്ന ശബ്ദം മാത്രം.... ഉള്ളിൽ നിറഞ്ഞതോ..

സ്കൂൾ ബസ്സ് ഇറങ്ങി ഓടി വന്നപ്പോൾ തന്നെ നോക്കി ചിരിച്ച ആ ചിരിയും...

കഥ കഴിഞ്ഞു.. ഇനി അനുഭവം മാത്രം..