Thursday, October 29, 2020

ഓർമ്മകൾക്ക് മുന്നിൽ

അതുമതി ഓർമ്മതൻ  മുത്തുകൾ വാരി..
അവിരാമം എൻ വിരൽ തുമ്പിൽ നിറക്കുവാൻ..
അതുപിന്നെ അക്ഷര രുപമായ് മാറിടാൻ..
അത് ചേർന്ന് എന്നിലെ വാക്കായ് പിറക്കുവാൻ..

നിശബ്ദ ബിന്ദുവാം അമ്പിളി തിങ്കളായി..
നിസ്വാർത്ഥമോഴുകുകുന്ന പുഴപോലെ യെന്നിൽ..
നിത്യവും നിറയുന്ന നിറമില്ലാ  നിനവിൽ..
നിറയുന്ന പകലിന്റെ പകയായ് ഭാഗ്യമായി..

പകരുവാൻ ആവാത്ത വാക്കിൽ കുടുങ്ങി..
പല കാലം പകുതി കരിഞ്ഞുപോയെങ്കിലും..
പുലരിവന്നെത്തിയ നേരത്തു പറയുവാൻ..
പുകയുന്ന ചിന്തകൾ ബാക്കിയായി...

അനഘയാം നിന്നെ തൊട്ടു തലോടി..
അതിലോല മാരുതൻ വന്നു പോകെ..
അവിരാമം എന്നിൽ നിറയുന്നതുണ്ട്...
ആദിയും അന്ത്യവും ഒന്നുപോലെ..

Saturday, October 10, 2020

കവിതകൾ ഉണ്ടാകുന്നത്

അകലങ്ങളിൽ നിന്നും...

അരികിലേക്കെന്തിനോ ..
അറിയാതെ എന്നും ഒഴുകിയെത്തും..

ഒരു ദീർഘ നിശ്വാസ രൂപമായ് ആദ്യം..
ഒരു മൂളലായ് പിന്നെ വരികളായി..

ഇടനെഞ്ചിൻ മുട്ടലും ചിന്തയും ഒരുമിച്ച്..
ഇണ ചേർന്ന് വീഴുന്ന നിമിഷങ്ങളിൽ..

വിരലിന്റെ തുമ്പിൽ വിറകൊണ്ടു നിൽക്കുന്ന..
വിയർപ്പിൻ തുള്ളിയാം അക്ഷരങ്ങൾ..

ഒന്നും പടരാത്ത കടലാസ്സ് കട്ടിലിൽ..
ഒന്നും മറക്ക്യാതെ വീഴും നേരം..
ഒന്നും മറക്കാത്ത മനസ്സിന്റെ രേതസ്സിൽ
ഒരു കൊച്ചു കവിതതൻ ചിരി ഉണരും..




നിഴൽ

നിറം ഉള്ള ദേഹത്തിൻ രൂപമാർന്നു..
നിറയുന്നു ചുറ്റിലും നിറം ഇല്ലാതെ..

നിണമില്ല നിനാവില്ല  നിറവുമില്ല..
നിറയുന്ന രൂപത്തിൻ മണവുമില്ല..

പകൽ വന്നു പകലോന്റെ വെളിച്ചവുമായ്..
പരന്നപ്പോൾ പടരുന്ന ഇരുള് രൂപം..

പുലരിയിൽ കിഴക്കൊട്ട് നോക്കി നിൽക്കെ.
പുറകിലായി തെളിയുന്ന കറുത്ത രൂപം..

ഉച്ചക്ക് കാലടിക്കടിയിലായി..
ഉഴറുന്നു ഉറുമ്പിന്റെ കുറുമ്പ് പോലെ..

പടിഞ്ഞാറു പന്തലിച്ചു കിടക്കും സൂര്യൻ..
പണിഞ്ഞിതാ തന്നുവല്ലോ..
പല നിറങ്ങൾ..

അറിയുവാൻ ഒന്നുമാത്രം ബാക്കിയാക്കി..
അരൂപ്പിയാം വെളിച്ചതിൻ വികൃതിയായി..

നിഴൽ മുന്നിൽ വന്നുവെങ്കിൽ..
നിനച്ചു കൊൾക..
നിറം തരും വെളിച്ചം നിൻ പിന്നിലുണ്ട്..

Thursday, October 08, 2020

പിണക്കം..

മുഖപടം ഇന്നെന്തേ അഴിച്ചു വച്ചു..

മൂകതയിൽ മനസ്സിനെ ഒതുക്കി വച്ചു...
മുദ്രയാലെൻ അഭയദാഹം തീർത്തോരെന്റെ 
മൂർത്തിയോട് ദേവിവീണ്ടും പിണക്കമായോ..

വരുന്നുണ്ട് ധനുമാസം തണുപ്പുമായി..
വിറക്കാതെ വെറുതെ തൊഴുതു പോകാൻ..
വഴിയരികിൽ കേൾക്കുന്ന വളകിലുക്കം..
വരിയിട്ടു കൈകളെ പുണരും കാലം..

ഇണങ്ങുവാൻ വേണ്ടിയത്രേ പിണക്കമെല്ലാം..
ഇതരുൾചെയ്ത ഭഗവാനും ഭഗവതിയും.
ഇഹലോകം കാണുവാനായ് കളിച്ച നൃത്തം..
ഇടക്കൊന്നു കാണാം ആ കുറത്തിയാട്ടം..

അതുകഴിഞ്ഞാളുകൾ ഒഴിഞ്ഞ നേരം..
അടുത്തുള്ള കുളത്തിലാ കാൽ കഴുകി..
അലപോലെ ഇളകുന്ന ഇലകളുള്ള..
ആൽമര ചോട്ടിലായ് ഒന്നിരിക്കാം..

അവിടെ വച്ച്..

ഓർക്കുവാൻ ഓർക്കുന്ന ഓർമ്മകളെ..
ഓടി പിടിച്ചു കൈ കാലുകെട്ടി..
ഒരു കൊച്ചു തൂക്കു പാത്രത്തിലാക്കി
ഒഴിച്ചിടാം കാവിലെ മഷി വിളക്കിൽ..

അവിടെനിന്നായിരം കണ്ണുകളിൽ..
അലിയും ആ ഓർമ്മകൾ കണ്മഷിയായ്..
അതിലൊക്കെ ഒരു കൊച്ചു നീറൽ പോലെ..
അറിയാതെ നിറഞ്ഞിടാം നമുക്കനന്തം..

Friday, October 02, 2020

മോഹം

ഒരു മഹാ ലോകവും സ്വപ്നങ്ങളിൽ പേറി..

ഒരുനാളിൽ മണ്ണിൽ ജനിച്ചു വീണു..
ഒരുമഹാ നിദ്രയുണ്ടാവസാനമെന്നത്..
ഒരുനാളും ഓർക്കാതെ നാം നടന്നു...

ഒരുമിഷത്തിന്റെ ശതകാർത്ഥ കണികയിൽ   ..
ഒരു ശ്വാസമോന്നു ഉൾവലിച്ചു..
ഒരുജന്മം കൊണ്ടു ചെയ്തകർമ്മങ്ങളെ..
ഒരുനിമിഷം അപ്പോഴൊന്നോർത്തു..

ഒരു ചിന്തയും വലം വക്കാത്ത കോവിലിൻ
ഒരരികത്തു നിന്ന് തൊഴുതു..
ഒടുവിൽ ഈ ഭൂമിയിൽ വീണ്ടും ജനിക്കുവാൻ..
ഒടുങ്ങാത്ത മോഹവുമായി...


Thursday, October 01, 2020

ഇന്ന്..

മുറ്റത്തു പൊട്ടി ചിതറി കിടക്കുമാ..

കുപ്പിവളപ്പൊട്ടു കൺകെ നെഞ്ചിൽ..
എന്തെ നിറയുന്നു ഗദ്ഗതം, കണ്ണുകൾ..
എന്തെ നിറയുന്നു കണ്ണുനീരാൽ..

ഓർമ്മതൻ താളുകൾ ഒക്കെ തിരഞ്ഞു ഞാൻ..
എന്തിനീ കണ്ണുനീർ എന്നറിയാൻ..
ഒടുവിൽ ഞാൻ എത്തിയാ വിദ്യാലയത്തിന്റെ..
കൂറ്റൻ പടിവാതിലിന്നു മുന്നിൽ...

അവിടെ..ആ..കാണും കൊച്ചു മുറിയിലെൻ..
ജീവിത പുസ്തകം ഞാൻ തുറന്നു..
ഭാവിതൻ വാഗ്ദാനമാകുവാൻ അറിവിന്റെ..
അക്ഷരമാലകൾ ഞാൻ പഠിച്ചു..

ഒരിക്കൽ..

ഓടിക്കളിച്ചൊരു കൂട്ടുകാരിൽ നിന്നും..
 എന്റെചിന്തകൾ ഗർഭം ധരിച്ചു..
കാലം പൊഴിയവേ ഗർഭം നിറഞ്ഞെന്നിൽ.
സ്വന്തം സ്വഭാവം ജനിച്ചു...

പിന്നെഅന്നേപ്പോഴോ ജീവന്റെ വാടിയിയിൽ.
മോഹമാം മാരുതൻ വീശി..
ആകാറ്റ് കൊണ്ടെന്റെ ഉള്ളിന്റെ ഉള്ളിലായ്..
ആദ്യാനുരാഗം വിടർന്നു...

കതിരണി തുളസിയില കൂന്തലിൽ ചൂടി..
വന്നെത്തുമൊരു ദേവിതൻ രൂപമായി..
ആ..
 കൺകളിൽ കണ്ടുഞാൻ എന്റെ ആത്മാവതിൽ..
പൂക്കുവാൻ വെമ്പുന്ന പൂക്കൾ..