Wednesday, February 20, 2008

ഒരു സുപ്രഭാതം പറഞ്ഞത്

അങ്ങാകിഴക്കാ മാമലതന്‍
‍ഉച്ചിയില്‍ വന്നെത്തി സൂര്യനിന്നും.
ചെത്തിയും തുമ്പയും പൂക്കയായി
പുല്‍നാമ്പിലാവിയായ് മഞ്ഞുതുള്ളി.

കണ്‍തുറന്നങ്ങോട്ടു നോക്കുകില്‍നിന്‍
കണ്‍കളില്‍ കാണുമാ കാവ്യഭംഗി.

ഓര്‍മ്മകള്‍ ഇറ്റിറ്റുവീഴുമപ്പോള്‍
‍നെഞ്ചില്‍നിറയും പ്രണയമപ്പോള്‍
‍ഒള്ളില്‍ നിറഞ്ഞോരു വൈര്യമെല്ലാം
കത്തിയെരിഞ്ഞുടന്‍ ചാമ്പലാകും.

എങ്ങുനിന്നോഎത്തും മോഹമേഘങ്ങള്‍ നിന്‍
മാറില്‍കുളിരായ് പെയ്തൊഴിയും.

നിന്‍‌മുന്നിലെത്തി നിരന്നുനില്‍ക്കും
പണ്ടുനീ കണ്ടൊരാ സ്വപ്നങ്ങളും
മോഹഭംഗങ്ങള്‍തന്‍ ദു:ഖങ്ങളോ
കണ്ണില്‍ നീര്‍തുള്ളിയായ് ഇറ്റുനില്‍ക്കും.

കാമുകിതന്‍കരള്‍ പൂത്തൊരാപൂ‌തേടി
ചിന്തകളൊക്കെ പറന്നുപോകും.

എല്ലാം മറന്നുനീ നോക്കിനില്‍ക്കെ
മിഴിവേറും സൗന്തര്യമാസ്വദിക്കെ
ജീവിതംനിന്‍ മുന്നില്‍ന്നില്‍ വന്നുനില്‍ക്കും
സൗന്തര്യബോധത്തിന്‍ കണ്ണുകെട്ടും.

ഇനിനിന്റെ കണ്ണിലിരുട്ടുമാത്രം പൂക്കും,
ചിന്തകള്‍ ചിറകറ്റ പക്ഷിമാത്രം.

Friday, February 15, 2008

വാലന്റെയിന്‍സ്ഡെ (14-02-2002)

സ്വപ്നങ്ങള്‍ എനിക്ക് അന്യമായിതുടങ്ങിയിരിക്കുന്നു.ഓരോനിമിഷവും എന്റെ കിടക്കയിലേക്ക് മോഹഭംഗങ്ങളുടെ മുള്ളുകള്‍ വാരിയെരിഞ്ഞു കടന്നു പോകുന്നു.ഓരോദിനവും മനസ്സില്‍ കനല്‍ കട്ടകള്‍ നിറക്കുന്നു.നിശയുടെ നിശ്ശബ്ദസൗന്തര്യം ആ കനല്‍ കട്ടകളില്‍ കാറ്റായ്‌വീശുന്നു.

ഒരുനാള്‍ എനിക്കുമുണ്ടായിരുന്നു എന്നെ സ്നേഹിക്കാനും എനിക്കുസ്നേഹിക്കാനും ഒരുവള്‍.എന്റെ ഹൃദയത്തിന്റെ ഭിത്തിക്കളില്‍ അവള്‍ നിറഞ്ഞുനിന്നിരുന്നു.പക്ഷെ ഒടുവില്‍ കണ്ണില്‍കുറേ നീര്‍തുള്ളികളും ഹൃദയത്തില്‍ കുറേ അപശബ്ദങ്ങളും അവശേഷിപിച്ച് വിധിയുടെ ചിറകിലേറി അവള്‍ പറന്നുപോയി.
അന്ന് എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ ഞാന്‍ അടച്ചു.ഇനിആരും അതില്‍ ചേക്കേറരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.പക്ഷേ വീണ്ടും വിധിയുടെ ബലിഷ്ടമായ കൈകള്‍ക്കുമുന്നില്‍ എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തകര്‍ന്നുവീണു.ഒരാള്‍ കൂടി എന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു.

ഒരിക്കലും ഞങ്ങള്‍ പരിചയപെട്ടില്ല ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എന്നിട്ടും എപ്പോഴോ എന്റെ ഹൃദയഭിത്തികളില്‍ അവളുടെ നിഴള്‍ഞാന്‍ കണ്ടു.കോണ്ടാക്റ്റ് ക്ലാസ്സുകളില്‍ എന്റെ കണ്ണുകളില്‍ അവള്‍ നിറഞ്ഞുനിന്നു.ബസ്സ് യാത്രകളില്‍ എന്റെ കൂടെ അവള്‍ ഉണ്ടായിരുന്നു.നിദ്രയില്‍ സ്വപ്നങ്ങളുടെ മൂടുപടം അണിഞ്ഞ് അവള്‍ എന്റെ അരികില്‍ നിന്ന് എന്നെനോക്കി ചിരിച്ചിരുന്നു.

മനസ്സിന്റെ മുറിവുകളില്‍ നിന്നൊഴുകിയിരുന്ന രക്തചോലകള്‍ കുളിര്‍മയേകുന്ന നീരുറവകളായി. മരുഭൂമിയായി കഴിഞ്ഞു എന്നു ഞാന്‍ കരുതിയ സ്വപ്ന പഥങ്ങളില്‍ അന്നുവീണ്ടും മോഹപുഷ്പങ്ങള്‍ വിടര്‍ന്നുനിന്നു.ജീവിതം വീണ്ടും ഞാന്‍ ആസ്വദിച്ചുതുടങ്ങി.മനസ്സില്‍ വീണ്ടും പ്രണയത്തിന്റെ അലയൊച്ച ഞാന്‍ കേട്ടു.

പ്രണയം നിറഞ്ഞ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴയായി വാലന്റെയിന്‍സ്ഡെ (14-02-2002)പെയ്തിറങ്ങി.ആമഴയില്‍ ഞാനും നനഞ്ഞുനിന്നു.കണ്ണുകള്‍ അടച്ച് കൈകള്‍ വിടര്‍ത്തി മനസ്സില്‍ അവളുടെ മുഖവുമായി.

ആസ്വാദനത്തിന്റെ അലകള്‍ അടങ്ങുംമുന്‍പ് വിധി എന്നെ തേടിയെത്തി.മുഖത്ത് ഒരു ചിരിയുമായി.ഞാന്‍ മുഖം തിരിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.വിധി ആ ബലിഷ്ടമായകൈകള്‍ എന്റെ തോളില്‍ വച്ചുകൊണ്ട് പറഞ്ഞു."അവളുടെ മനസ്സില്‍ മറ്റൊരാളുണ്ട്".

തകര്‍ന്നുപോയ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ ഒതുക്കി ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "എന്റെ മനസ്സില്‍ അവള്‍ ഉണ്ടായിരുന്നില്ലല്ലൊ".എന്റെ മറുപടി കേട്ട് ഉറക്കെ ചിരിച്ചുകൊണ്ട് അവന്‍ പറന്നുപോയി.

ഒരുപക്ഷെ സ്വപ്നങ്ങള്‍ എന്റെ മനസ്സില്‍ വീണ്ടും നിറയുമ്പോള്‍ വീണ്ടും എന്നെ തേടിവരാന്‍.