Sunday, November 04, 2007

ഓര്‍മ്മകള്‍ എനിക്ക്

ഓര്‍മ്മകള്‍...

പൊഴിഞ്ഞുവീഴുന്ന നിമിഷങ്ങള്‍ക്കൊപ്പം നാമറിയാതെ നമ്മളില്‍നിന്ന് കൊഴിഞ്ഞുപോകുന്നതെല്ലാം ആരൊ പെറുക്കിയെടുത്ത് കൂട്ടിവക്കുന്ന ഒരു സ്വര്‍ണപാത്രം...

ഓര്‍മ്മകള്‍ എനിക്ക്,

ഏകാന്തതകളുടെ കല്ലില്‍‍തട്ടി മറഞ്ഞുവീഴുമ്പോള്‍ ചിതറിവീഴുന്ന പഴയകാലത്തിന്റെ കണ്ണീരും കിനാക്കളും സന്തോഷങ്ങളുമാണ്...

ചിലപ്പോള്‍ അതുവാരിയെടുത്ത് മനസ്സിന്റെ പലകയില്‍ നിരത്തിവക്കുമ്പോള്‍ ഉള്ളിലെവിടെയോ ഉറവയെടുക്കുന്ന നഷ്ടബോധത്തിന്റെ കണ്ണുനീര്‍ചാലുകളാണ്...

പിന്നെ ചീലപ്പോള്‍ തോന്നും മനസ്സിന്റെ ശിഖിരങ്ങളില്‍ എപ്പൊഴൊക്കെയോ പടര്‍ന്നുകയറിയിരുന്ന പ്രതീക്ഷകളില്‍നിന്ന് ഇന്നും പൊഴിഞ്ഞുപോകാതെ ഇതള്‍ വിരിച്ചു നില്‍ക്കുന്ന മുല്ലപൂക്കള്‍ പൊഴിക്കുന്ന ഗന്ധമാണതെന്ന്...

പിന്നെ...പിന്നെ...ചിലപ്പോള്‍ കരളിലെ ഒരുമൂലയില്‍ ഒഴിഞ്ഞുകിടക്കുന്ന കൂട്ടില്‍നിന്ന് കേള്‍ക്കാറുള്ള നഷ്ടപെട്ടുപോയ ഒരു പഴയകാലപ്രണയത്തിന്റെ വളകിലുക്കം നല്‍കുന്ന അസ്വസ്ഥത...

ഓര്‍മ്മകള്‍...

അതെനിക്ക് ഇപ്പോള്‍ ഈ പ്രവാസലോകത്തെ നിന്ദ്രകളില്ലാത്തരാത്രികളില്‍ വാരിപുതച്ച്‌കിടക്കാന്‍ ഒരു പട്ടുനൂല്‍പുതപ്പായിരിക്കുന്നു...

Monday, October 15, 2007

പ്രണയപര്‍വ്വം

പുലരികള്‍ തൂമഞ്ഞു തറ്റുടുത്തെത്തുന്ന
കുളിരിനായ് പുകള്‍പെറ്റ മകരമാസം.
ജീവിതം പോറ്റുവാന്‍ അലയുന്നവീഥിയില്‍
ആദ്യമായ് നാം കണ്ടുമുട്ടി.

അറിയില്ലെനിക്കതിനു മുമ്പെത്രവീഥികളില്‍
അറിയാതെ നാംകണ്‍ടിരുന്നു.
ഒരുപക്ഷെ ഇവിടെയാകാം സമയകാലങ്ങള്‍
ഒരുമിച്ചടുത്തു വന്നെത്തി.

പ്രണയത്തി‌നാടകള്‍ വാരിയെടുത്തെന്നെ
അണിയിച്ചു കുളിരുള്ളപവനന്‍.
അകതാരിലറിയാതെ ഉണര്‍ന്നൊരാ രാഗത്തില്‍
താളം‌പിടിച്ചെന്റെഹൃദയം.

നിന്‍‌മുഖം മാത്രം മനസ്സില്‍നിറഞ്ഞുഞാന്‍
നീമാത്രമായന്നു മാറി.
അന്നുതൊട്ടോരോ നിമിഷങ്ങളിലും
വളര്‍ന്നുപടര്‍ന്നെന്റെ മോഹം.

പ്രണയമാംപാത്രം മെനഞ്ഞുനിനക്കായെന്‍
നിറമറ്റജീവിതചേറാല്‍.
സൗമ്യമായെങ്കിലും നീയെനിക്കേകുന്ന
സ്നേഹമാം പൂന്തേന്‍‌നിറക്കാന്‍.

കാലം കടന്നുപോയ് ഒടുവില്‍‌വന്നെത്തി
പ്രളയത്തിന്‍ പുകള്‍പെറ്റൊരിടവമാസം.
മിന്നല്‍പിണരിനാല്‍ നെഞ്ചം‌പിളര്‍ക്കുന്ന
ബന്ധുസമൂഹത്തിന്‍ വര്‍ഷകാലം.

അവരെന്റെ കനവുകള്‍ കബന്ധങ്ങളാക്കി
അതിനെന്റെ ചിന്തയില്‍ ചിതയൊരുക്കി.
അതിലെന്റെ മോഹങ്ങള്‍ ചിറകറ്റുവീണു
അതിലെന്റെ ചിരികള്‍തന്‍ സതിനടത്തി.

സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ കാലിടറിവീണുപോയ് ഞാന്‍.പിരിയുന്നതില്‍ കൂടുതല്‍ വേദന ഒരുപക്ഷേ പിരിയാതിരുന്നാല്‍ ഈ സമൂഹം നമുക്കുവേണ്ടി കാത്തുവച്ചിരിക്കുന്നു എന്നതിരിച്ചറിവ് എന്നെതളര്‍ത്തികളഞ്ഞു.നിന്നില്‍നിന്ന് അകലാന്‍ ഞാന്‍ ഒരുപാട്ശ്രമിച്ചു അകലാന്‍ മാത്രം.മറക്കുവാന്‍ എനിക്കൊരിക്കലും കഴിയുകയില്ല.
ഇപ്പോള്‍ ഞാനും നീയും രണ്‍ട്‌ലോകങ്ങളിലാണ്.ശരീരംകൊണ്ടും ജീവിതംകൊണ്ടും.ഇനി ഈജന്മം നിനക്ക് എന്റേതാവാനും എനിക്ക് നിന്റേതാവാനും കഴിയില്ല എന്നെനിക്കറിയാം.എങ്കിലും ചിലനിമിഷങ്ങളില്‍.....

വിരഹമെന്‍ സിരകളില്‍ കൈതൊട്ടുണര്‍ത്തുന്നു
മിഴിനീരുകവിള്‍തഴുകി ഒഴുകിടുന്നു.
അറിയില്ലെനിക്കെന്തിനിപ്പോഴും നിന്നെ ഞാന്‍
അതിരറ്റുപ്രണയിച്ചിടുന്നു നിന്നെ അതിരറ്റു സ്നേഹിച്ചിടുന്നു......

പറയാന്‍ മറന്നുപോയത്

രാവേറെയായ് മറഞ്ഞുവെണ്ണിലാപോ‍ലും..
ഞാന്‍ മാത്രമാവാമിന്നുണര്‍ന്നിരിക്കുന്നു...
നിന്റെകൈപടയില്‍ പിറ‍ന്നോരക്ഷരങ്ങളെന്‍..
മാറില്‍ മയങ്ങാതുണര്‍ന്നിരിക്കുമ്പോള്‍..

കവിതയായ് മാറുന്നു കനവുകള്‍പോലും..
കുളിര്‍പൊഴിക്കയായ് കരളിലെ കനലുകള്‍പോലും..
നിന്‍‌ചിരിയിലൂര്‍ന്നുവീണൊരാ തേന്‍‌കണം..
നല്‍കുമാ മധുരത്തില്‍ ഞാനലിയെ..

പ്രണയനിര്‍വൃതിയില്‍പ്രപഞ്ചം മാഞ്ഞുപോകുന്നു..
മനസ്സുകൊണ്ടഗാധമായ്നാമാശ്ലേഷിക്കാന്‍..
ഒരുപുതിയ പ്രണയഗാന തിരകളില്‍നമ്മള്‍..
പ്രളയമില്ലാകരകള്‍തേടിപോയിടുമ്പോള്‍...

അറിയുകില്ലിനിഎവിടെയെങ്കിലും കണ്ണുനീര്‍പൂക്കള്‍..
പൂത്തുനിന്നാ പുഴയിലെല്ലാംചതുപ്പേറുമോ..
അതില്‍‌പെട്ടെന്‍ ദേഹിവിട്ടുഞാന്‍ ദേഹമായെന്നാല്‍..
അപ്പൊഴുംനീ എന്നെഇതുപോല്‍ പുണര്‍ന്നീടുമോ..

ഹൃസ്വമാകാം എന്‍ ‍ജീവനെന്‍‍ഗാനംപോലെ...
അന്നുംനീ ചിരിക്കേണം എന്‍ ഓര്‍മക്കായി...
നിന്റെ നിശ്ശ്വാസത്തിലലിയാന്‍‍ കാത്തുനില്‍പ്പോരെന്‍..
ആത്മാവിനു നിന്നരികില്‍ പുനര്‍ജനിച്ചീടാന്‍..


(കുഞ്ഞുബി മാഷിനോട് കടപ്പാട്)

Sunday, September 16, 2007

കൌമാര‍സ്വപ്നങ്ങള്‍

പണ്ടൊ‌രുനാളിലാ മകരമാസത്തിലങ്ങ്-
അമ്പലത്തില്‍ കൊടിയേറിനില്‍ക്കെ.
ഇല്ലാത്തഭക്തിയാല്‍ കൈകൂപ്പിനില്‍ക്കുമെന്‍
‍കണ്‍കവര്‍‌ന്നാകൊച്ചുതമ്പുരാട്ടി‍.

നിലവിളക്കിനൊളി വാരിപൂണര്‍ന്നു-
പ്രകാശം പരത്തുമാപൂമുഖത്തില്‍.
കണ്ണിമക്കാതൊട്ടു നോക്കിഞാന്‍നിന്നുപോയ്-
ചുറ്റും മറന്നുപോയെന്നപോലെ.

പ്രണയസമാരംഭ താളംമുഴക്കിയെന്‍-
ഹൃദയം തുടിച്ചതിരുദ്രമായി.
കരളിലുംപ്രണയമാം കാര്‍കൊണ്ടല്‍പെയ്കയാല്‍-
കുളിര്‍പടര്‍ന്നേറിയെന്‍ മേനിയാകെ.

ഒളികണ്ണുകൊണ്ടൊന്നുനോക്കി പിരിഞ്ഞുപോയ്-
ഒളിവിതറുമാകൊച്ചുതമ്പുരാട്ടി.
ആചെറുകണ്‍കടാക്ഷത്തിന്‍ നിഗൂഢത-
ചിക്കിചികഞ്ഞു ഞാന്‍വീട്ടിലെത്തി.

അന്നത്തെരാവിലെന്‍‌ ചിന്തതന്‍ചിറകേറി-
ഏറെപറന്നൊന്നുറങ്ങും വരെ.
നിന്ദ്രയില്‍ഞാന്‍കണ്ട സ്വപ്നത്തിലൊക്കെയും-
ആ മിഴിപൂക്കള്‍നിറഞ്ഞുനിന്നു.

രാവിന്റെഇരുളിലെന്‍ അരികത്തുവന്നെന്റെ-
മേനിയില്‍ മെല്ലവള്‍തൊട്ടുണര്‍ത്തി.
മോഹങ്ങളേറ്റി തളര്‍ന്നൊരെന്‍നെഞ്ചിലാ-
പൂമൂഖം‌മെല്ലെ അണച്ചിരുന്നു.

കുങ്കുമപൂമ്പൊടി പടരാന്‍‌കൊതിക്കയാല്‍-
കുളിരേറിനില്‍ക്കുമാ മൂര്‍ധാവിലെന്‍.
കൈകളാലാകരിം കാര്‍കൂന്തല്‍മാറ്റിഞാന്‍-
ചുംബനത്തിന്‍ പൂക്കള്‍ചാര്‍ത്തിനല്‍കി.

തേനിറ്റുനില്‍ക്കുമാ ചുണ്ടില്‍നിന്നൊരുതുള്ളി-
തേനൊന്നുനുകരുവാന്‍ വെമ്പിമോഹം.
മെല്ലെയെന്‍ചുണ്ടുകള്‍ ശലഭമാക്കീദാഹം-
ആരാവിലാവോളം തേന്‍നുകര്‍ന്നു.

മകരമാസകുളിര്‍ കാറ്റിന്റെകൈകള്‍പോല്‍-
ഏറെ തണുപ്പാര്‍ന്നൊരാകൈയുകള്‍.
വിറയാര്‍ന്നെന്‍ മേനിയെ മെല്ലെതലോടവെ-
നെഞ്ചിലൊ കാമംനുരഞ്ഞുപൊങ്ങി.

ഭാവിതന്‍ചിന്തകള്‍ എല്ലാം‌മറന്നന്നു-
ഒന്നായ്തറയില്‍ പൂണര്‍ന്നുവീണു.
സീല്‍ക്കാരശബ്ദങ്ങള്‍ വ്യാഘ്രദൃംഷ്ട്രങ്ങളാല്‍-
രാവിന്‍‌നിശ്ശബ്ദത കാര്‍ന്നുതിന്നു.

മേനിയില്‍ നിന്നിറ്റുവീഴുംവിയര്‍പ്പിന്റെ-
തുള്ളികള്‍മണ്ണില്‍ അലിഞ്ഞുചേരെ.
കൌമാരമോഹങ്ങള്‍ എന്നില്‍നിറച്ചോരു-
മോഹങ്ങളവളില്‍ നിറഞ്ഞൊഴുകി.

എന്‍ജീവിതത്തിന്റെ വല്ലിയില്‍പൂത്തൊരാ-
നിര്‍വൃതിപൂക്കള്‍ ഞാന്‍ആസ്വദിക്കെ.
ദീര്‍ഘനിശ്ശ്വാസങ്ങള്‍ നേര്‍ത്തശബ്ദങ്ങളായ്-
നിദ്രയെന്‍കണ്ണിലും കൂടുകെട്ടി.

പുലരിവന്നിട്ടേറെ നേരമായെന്നോതി-
അമ്മവന്നെന്നെ വിളിച്ചുറക്കെ.
ആ വിളികേട്ടുഞാന്‍ ഞെട്ടിയുണര്‍ന്നെന്റെ-
ചുറ്റിലുംഅവളെ തിരഞ്ഞുപോയി.

അവളെതിരഞ്ഞൊരെന്‍ കണ്‍കളില്‍കണ്ടതൊ-
ചുറ്റും‌പറക്കുന്ന പഞ്ഞിമാത്രം.
കട്ടിലില്‍മാറുപീളര്‍ന്ന് കിടക്കുന്നു-
നിര്‍വികാരാര്‍ദ്രമെന്‍ തലയിണയും..

ഒരു മോഹം

ആദ്യമായ് എന്‍‌മനോവേണുവില്‍ ചുണ്ടുചേര്‍ത്ത-
അന്നുനീഊതിയ ഗാനമൊന്നില്‍,
ഇന്നുമെന്‍ ആത്മാവുചേര്‍ത്തുഞാന്‍ കേഴുന്നു-
ഒന്നുനീയെന്‍‌മുന്നില്‍ വന്നവെങ്കില്‍.

മണ്ണോടുമണ്ണായ് എങ്ങോമറഞ്ഞുനീ-
എങ്കിലും എന്‍‌കണ്ണുനീര്‍ കാണുകില്‍,
ഒരുതളിര്‍ തെന്നലായ് ഒരുമൃദുസ്മിതമായ്-
ഇന്നുനീയെന്‍‌മുന്നില്‍ വന്നുവെങ്കില്‍.

നിന്‍‌ മന്തഹാസത്തിലേറെമയങ്ങിഞാന്‍-
നിന്നെതൊടുവാന്‍ കൊതിച്ചിരുന്നു,
നിന്‍ ഹസ്തവലയത്തില്‍ ഒന്നമര്‍ന്നീടുവാന്‍-
എന്മോഹമെന്നും തളിര്‍ത്തിരുന്നു.

ഞാന്‍‌നടന്നീടും വഴികളിലെപ്പൊഴും-
നിന്നോര്‍മ്മ തിരിയായ് തെളിഞ്ഞിരുന്നു,
ഞാന്‍ പഠിച്ചീടുമെന്‍ പുസ്തകതാളില്‍ നിന്‍-
പൂമുഖം എന്നും നിറഞ്ഞിരുന്നു.

ജീവിതത്തിന്‍ അര്‍ഥവീതിയിലെപ്പൊഴൊ-
നിന്‍‌ചിത നീറിയെരിഞ്ഞടങ്ങെ,
എന്‍‌മോഹഭംഗങ്ങള്‍ മൂകഗാനങ്ങലായ്-
അന്നുതൊട്ടെന്‍ ഉള്ളില്‍നീറിടുന്നു.

ഒന്നുകരഞ്ഞിടാന്‍ ഒന്നുറങ്ങീടുവാന്‍-
നിന്‍‌മുഖം എന്നെ പിരിഞ്ഞുപോകാന്‍,
ദേഹിവെടിഞ്ഞെന്റെ ദേഹവുമിന്നുനീ-
ചേര്‍ന്നൊരീമണ്ണില്‍ ലയിച്ചുവെങ്കില്‍.

Monday, September 10, 2007

മാപ്പ്

മാപ്പു പറഞ്ഞുകൊള്ളട്ടെ ഈ ലോക-
ഭൂപടം മുന്നില്‍ നിവര്‍ത്തി ഞാന്‍-അല്ലാതെ,
യാത്ര പോകും മുന്‍പ് വേറെനിവര്‍ത്തിയില്ലീ-
ലോകമാകെയെന്‍ മാപ്പപേക്ഷിച്ചിടാന്‍.

ചെയ്തു പോയിട്ടുള്ള തെറ്റുകളത്രയും-
ഉള്ളില്‍കിടന്നെന്‍ ‍‌മനംമറിച്ചീടുന്നു,
മാപ്പില്ലയെന്നു ചൊല്ലിപറക്കുന്ന ചിന്തകള്‍-
എന്‍ചിത്തമാകെ തകര്‍ക്കുന്നു.

എല്ലാംവിളിച്ചു പറഞ്ഞിടാന്‍വെമ്പുമെന്‍-
ഹൃത്തില്‍സമൂഹമാം കത്തിയാഴ്ന്നേറുന്നു,
കുറ്റബോധത്തിന്‍ കനല്‍‌വിരിച്ചെത്തുന്ന-
രാത്രികള്‍നിന്ദ്രയെ കാര്‍ന്നുതിന്നീടുന്നു.

മാപ്പുപറഞ്ഞുകൊള്ളട്ടെ ഈലോക-
ഭൂപടം മുന്നില്‍ നിവര്‍ത്തി ഞാന്‍-
അല്ലാതെ,വേര്‍പെട്ടുപോകുമീ വേളയില്‍മറ്റൊരു-
വീഥിയില്ലെനാത്മ ശാന്തിയെപുല്‍കുവാന്‍.

Sunday, September 09, 2007

അവള്‍

മനസ്സിന്റെ പാടം നിറയെ ഒരുനാ‍ളവള്‍ വിത്തെറിയും...
ഒരുനാളതില്‍ മുളപൊട്ടും മുളപിന്നെ കതിരണിയും.
മനതാരില്‍ പൂമഴപൊഴിയും മനസ്സാകെകുളിരണിയും...
മോഹത്തിന്‍തളിരുകള്‍ മെല്ലെ കനവിന്റെ കതിരണിയും.

രാവിന്റെ കരിനിഴല്‍മായും അരികത്തവള്‍ വന്നണയും...
കരിവളയണികയ്യാ‌ല്‍‌പുണരും നിന്‍‌മാറത്തവള്‍ചായും.
തേനൂറും ചുണ്ടുകളാല്‍നിന്‍ കവിളത്തവള്‍ ചുമ്പിക്കും...
നഖമുനയാ‌ല്‍ നിന്‍‌മണിമാറില്‍ പ്രണയത്തിന്‍ കഥയെഴുതും.

അവള്‍തൂകും പുഞ്ചിരിയാലാപുലരികള്‍ നീകണ്ടുണരും...
നീപോകും വഴികളിലെല്ലാം അവള്‍നിഴലായ് പിന്തുടരും.
അഴലിന്റെ കരിമുകില്‍ മായും മനസ്സില്‍ മഴവില്ലുണരും...
മിഴിനീരുമറഞ്ഞാകണ്ണില്‍ കവിതകള്‍തന്‍ തേന്‍‌നിറയും.

പക്ഷെ ചിലപ്പോള്‍..

ഒരുനാളാതേനിന്‍ മധുരം കണ്ണീര്‍മഴയത്തലിയും...
സ്വപ്നങ്ങള്‍ നൂറ്റൊരുനൂലില്‍ വിധിയോതീയായ്പടരും.
കരള്‍പൂത്തൊരു കനവിന്‍പൂക്കള്‍ ആതീയിലെരിഞ്ഞീടും...
വിരഹത്തിന്‍ ആഴകടലില്‍ നീമെല്ലെമറഞ്ഞീടും.

Tuesday, March 13, 2007

കാലനില്ലാത്ത നേരം






Monday, March 12, 2007

ഒരു കത്തിന്റെ ഉള്ളടക്കം....


ഒരു ഡയറികുറിപ്പ്


Sunday, March 11, 2007