Saturday, June 03, 2023

യാത്രാമൊഴി

അധരമറ്റു വീണ വാക്കിൽ..

വിട്ടുപോയ സ്വപ്നമേ..
കെട്ടുവിട്ട തോണിയായ്..
പെട്ടു ഞാൻ കയത്തിലായ്..

ഒട്ടു ദൂരെ ദൂരെയായി...
മുങ്ങിടും തുരുത്തിൽ എൻ..
ഇത്രകാല ചിന്തകൾ -
ക്കൊടുക്കമെന്നു കണ്ടു ഞാൻ..

ദൂരമിങ്ങടുത്തു വന്നു...
കണ്ണിൽ നോക്കി നിൽക്കയാൽ..
നീരണിഞ്ഞ കണ്ണടച്ചു..
മൗനമായി നിന്നു ഞാൻ..

അറ്റുവീണ വാക്കിലെന്നെ..
വിട്ടുപോയ ലക്ഷ്യമേ..
കൺഠം ഒന്ന് കെട്ടി ദീർഘ..
യാത്ര പോയിടട്ടെ ഞാൻ..

Friday, January 20, 2023

ഗുരുകുലം

സ്കൂൾ വിട്ട് വീടിന്റെ പടിക്കൽ വന്നിറങ്ങിയ കുട്ടി നേരെ അമ്മയുടെ അടുത്തേക്ക് ഓടി..


അമ്മ മുറ്റം അടിച്ചുവാരി തടുത്തു തെങ്ങിന്റെ തടത്തിലേക്ക് ഇടുന്ന തിരക്കിലായിരുന്നു...

അതിനിടയിൽ ഓടി വന്ന കുട്ടിയെ നോക്കി ഒന്ന് ചിരിച്ചു.. പിന്നെയും ജോലി തുടർന്നു..

 അപ്പോൾ കുട്ടി അമ്മയോട് ചോദിച്ചു " അമ്മ എന്റെ അമ്മയാണോ.. " ഇത്‌ കേട്ട അമ്മ ഒന്ന് നിശ്ചലയായി...

പിന്നെ ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു " എന്താപ്പോ അങ്ങിനെ തോന്നാൻ "..

കുട്ടി പറഞ്ഞു " ചോദിച്ചതിന് ആദ്യം ഉത്തരം പറയു ".. അമ്മക്ക് വാക്കുകൾ കിട്ടിയില്ല.."പോയി കുളിച്ചിട്ടുവാ ആദ്യം " എന്ന് കുട്ടിയോട് പറഞ്ഞു വിട്ടിട്ട്
 ചിന്തിക്കാൻ തുടങ്ങി.."ഇതിപ്പോ എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും "....

കുട്ടിയുടെ മനസ്സിലെ ചോദ്യം ഒട്ടും ഒടുങ്ങിയിരുന്നില്ല... കുളിക്കാൻ ഓടി ചെന്ന് കിണറിന്റെ വശത്തെ ടാങ്കിലേക്ക് നോക്കി തന്റെ പ്രതിബിംബത്തോട് കുട്ടി ചോദിച്ചു

 "അമ്മ എന്റെ അമ്മയാണോ "...

പുറത്തെ അടുക്കളയുടെ കോലായിൽ ഇരുന്ന് അരി പാറ്റി ഇരുന്ന അമ്മുമ്മ അത് കേട്ടു.. കുട്ടിയോട് ചോദിച്ചു.."എന്താപ്പോ ഇന്ന് വെള്ളത്തിനോട് ഇത്ര കഥ പറയാൻ "..

 കേൾക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ കുട്ടി അമ്മുമ്മയുടെ അടുത്തേക്ക് ഓടി...

ഉത്തരം കിട്ടുവാൻ ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അമ്മുമ്മയോട് ചോദിച്ചു

" അമ്മ എന്റെ അമ്മയാണോ "...

മുത്തശ്ശി ഒന്ന് ചിരിച്ചു..പിന്നെ മുറ്റത്ത്‌ മേൽപ്പോട്ട് നോക്കി ഉത്തരം തപ്പുന്ന അമ്മയെ ചൂണ്ടി കാണിച്ചിട്ട് " നീ കണ്ണ് തുറന്നു അങ്ങോട്ട് നോക്കുമ്പോൾ നിൽക്കുന്നത് ആരെന്ന് കാണുന്നുണ്ടോ " എന്ന് ചോദിച്ചു..

 "അമ്മ " കുട്ടി പറഞ്ഞു..

അപ്പൊ മുത്തശ്ശി  "ഇനി കണ്ണ് അടച്ചു പിടിച്ചിട്ട് "അമ്മ " എന്നൊന്ന് പറഞ്ഞിട്ട് കണ്ണിൽ കാണുന്ന രൂപം ഒന്നെനിക്കു പറഞ്ഞു തരാമോ " എന്ന് ചോദിച്ചു..

കുട്ടി കണ്ണുകൾ മെല്ലെ അടച്ചു..

ചുണ്ടിൽ "അമ്മ " എന്ന ശബ്ദം മാത്രം.... ഉള്ളിൽ നിറഞ്ഞതോ..

സ്കൂൾ ബസ്സ് ഇറങ്ങി ഓടി വന്നപ്പോൾ തന്നെ നോക്കി ചിരിച്ച ആ ചിരിയും...

കഥ കഴിഞ്ഞു.. ഇനി അനുഭവം മാത്രം..

Sunday, November 13, 2022

മാസങ്ങൾ

മകര മാസം മലർത്തൊടികളിൽ മഞ്ഞു പെയ്യുമ്പോൾ...

മനസ്സിലേതോ പഴയകാലസ്‌മൃതികൾ ഉണരുന്നു..

കുംഭമാസ കുതൂഹലങ്ങൾ കാത് കവരുമ്പോൾ ..
മീനമാസം മനസ്സിലേതോ അഗ്നി പടരുന്നു..

മേടമാസം മഞ്ഞ കോർത്തു മാല യണിയിക്കേ..
ഇടവം എന്നിൽ നിന്നിലേക്കൊരു പുഴ യോഴുക്കുന്നു...

മിഥുന മധുരം ഹൃദയ ധമനിയിൽ ഉറവയാവുമ്പോൾ..
കരളു കീറി കർക്കിടകം പെരു മഴയൊരുക്കുന്നു..

ചിങ്ങമാസ പൊൻകതിരിൽ നിൻ രൂപമുണരുന്നു...
കന്നി കണ്ണിൽ കൗതുകങ്ങൾ ആടി നിറയുന്നു..

തൂവിടുന്നു തുലാം തുലാസിൽ തുളസി മണി വർഷം...
വൃശ്ചികം വിശേഷമായൊരു മാലയണിയിക്കേ..

ധനു ഉയർത്തി പഞ്ച ബാണൻ മുറിവു നീറ്റുമ്പോൾ..
പകലുവിട്ടു പ്രളയജലധിയിൽ പ്രണയം ഒഴുകുന്നു 





Saturday, November 12, 2022

തിരിച്ചറിവ്

ഒരു പുലരിയിൽ കുളിക്കാൻ ഭൂ ഗംഗയുടെ കടവിലേക്ക് ഇറങ്ങി നടക്കുമ്പോൾ കാലിൽ തടഞ്ഞ നിറയെ കല്ലുകൾ നിറഞ്ഞ ഒരു ചെറിയ കാണാൻ ഭംഗിയുള്ള തുണി സഞ്ചി... എടുത്ത് കൈയിൽ വച്ചു.. മുന്നോട്ട് നടന്നു..

പുലർവേളയിൽ മാത്രം കേൾക്കുന്ന ഗംഗയുടെ നിശബ്ദ സംഗീതത്തിൽ ലയിച്ച് ആകാശത്തേക്ക് നോക്കി ആ കല്പടവിൽ ഇരുന്നപ്പോൾ ഒരു അഹങ്കാരം കടന്നുവന്നു .. ഗംഗക്ക് താളം പോരാ..എന്റെ വകയിൽ ഗംഗയുടെ സംഗീതത്തിനൊപ്പം ഒരു താളം ചേർക്കണം.. പിന്നെ ചിന്തിച്ചില്ല..കൈയിൽ കിട്ടിയ സഞ്ചിയിൽ നിന്നും എന്റെ മനസ്സിൽ കേട്ട താളത്തിനൊപ്പം ഓരോ കല്ലുകൾ എടുത്ത് വലിച്ചെറിഞ്ഞുകൊണ്ടേ ഇരുന്നു..

അവസാനത്തെ കല്ല് എടുക്കുമ്പോളാണ് വിവാസ്വാന്റെ ചുവന്ന പ്രകാശം ചുറ്റും വീഴാൻ തുടങ്ങിയത്... ഒരു ഏറ് അദ്ദേഹത്തിനും കൊടുത്തേക്കാം എന്ന് കരുതി ഉന്നം പിടിച്ചപ്പോൾ ആണ് ആയിരം സൂര്യന്റെ ശോഭ ആ കല്ലിന്റെ ഉള്ളിലൂടെ കടന്ന് വന്ന് എന്റെ കാഴ്ചകൾ മുഴുവൻ എടുത്തുകൊണ്ടുപോയത്.. ആ നിമിഷം ഞാൻ അറിഞ്ഞു.. ഇതുവരെ ഈ ഇരുളിൽ ഇരുന്ന് ഞാൻ എറിഞ്ഞുതീർത്തതെല്ലാം.. രത്നങ്ങൾ ആയിരുന്നു എന്ന്...ആ അറിവിൽ നിന്നും ഒരു അറിവുകൂടി ഉണ്ടായി അവസാനത്തെ ആ കല്ലിനെ കൂടി ഇരുളിൽ എറിഞ്ഞിരുന്നു എങ്കിൽ.. എനിക്ക്.. എന്റെ അഹങ്കാരം തിരിച്ചറിയാൻ കഴിയാതെ പോയേനെ എന്ന "തിരിച്ചറിവ്"...
😌🙏🤭

Friday, September 16, 2022

അറിവ്

പഠിച്ചത് പഠിപ്പിക്കുന്നവരെ എന്ത് പേരും വിളിക്കാം...എന്ന അറിവ് മാത്രം ഉള്ളവരോട്..


അറിവിനെ അറിഞ്ഞു അനുഭവിച്ചവർ...ആ അനുഭൂതിയെ പറഞ്ഞുതരുമ്പോൾ .. ഗുരു എന്ന് ഒരിക്കൽ അറിഞ്ഞു വിളിക്കേണ്ടി വരില്ലേ..അവസാനനിമിഷത്തിലെങ്കിലും.. 

ആ അനുഭൂതിയെ അറിഞ്ഞവരെ ഋഷി എന്ന് വിളിക്കേണ്ടി വരില്ലേ...

ആ അറിവിനെ ഈശ്വരാ എന്നും...

Thursday, September 08, 2022

കന കന്ദ... അഥവാ ബോസ്... 🙏

कदम कदम बढ़ाए जा
खुशी के गीत गये जा
ये ज़िंदगी हैं कौम की
तू कौम पे लुटाए जा
कदम कदम बढ़ाए जा
कदम कदम बढ़ाए जा
खुशी के गीत गये जा
ये ज़िंदगी हैं कौम की
तू कौम पे लुटाए जा
कदम कदम बढ़ाए जा

तू शेर ए हिन्द आगे बढ़
मरने से फिर भी तू ना दर
उड़के दुश्मनों का सिर
जोश ए वतन बढ़ाए जा
तू शेर ए हिन्द आगे बढ़
मरने से फिर भी तू ना दर
उड़के दुश्मनों का सिर
जोश ए वतन बढ़ाए जा
कदम कदम बढ़ाए जा
खुशी के गीत गये जा
ये ज़िंदगी हैं कौम की तू
कौम पे लुटाए जा
कदम कदम बढ़ाए जा

तेरी हिम्मत बढ़ती रहे
खुदा तेरी सुनता रहे
तेरी हिम्मत बढ़ती रहे
खुदा तेरी सुनता रहेजो सामने तेरह एडे तू
ख़ाक मे मिलाये जा
जो सामने तेरह एडे तू
ख़ाक मे मिलाये जा
कदम कदम बढ़ाए जा
खुशी के गीत गये जा
ये ज़िंदगी हैं कौम की
तू कौम पे लुटाए जा
कदम कदम बढ़ाए जा

चलो दिल्ली पुकार के
कौमी निशा संभाल के
चलो दिल्ली पुकार के
कौमी निशा संभाल के
लाल किले पे गाड़ के
लहराये जा लहराये जा
लाल किले पे गाड़ के
लहराये जा लहराये जा
कदम कदम बढ़ाए
जा खुशी के गीत गये जा
ये ज़िंदगी हैं कौम की
तू कौम पे लुटाए जा
कदम कदम बढ़ाए
जा खुशी के गीत गये जा
ये ज़िंदगी हैं कौम की
तू कौम पे लुटाए जा
कदम कदम बढ़ाए जा.
💪💪💪

Thursday, August 11, 2022

ശവസാന മന്ത്രം

ഓം... കൃണായ നമഃ.

ദേവു.. ശവാസന മന്ത്രം.. മാണ്ഡുക്യം എന്ന ആത്മാവിന്റെ ഒരു ബഹിർസ്പുരണം മാത്രം ആണ്..
മാണ്ഡുക്യം പറയുന്ന
ജാഗ്രത് =വൈശ്വാനരൻ (അ )
സ്വപ്നം = തൈജസൻ  (ഉ )
സുഷുപ്തി = പ്രജ്ഞ (അം)
തുരീയം = ജീവാത്മാ പരമാത്മ ലയം (നിശ്ശബ്ദം )
എന്നിവയിൽ നിന്നും "ജാഗ്രത് " അവസ്ഥയിൽ  മനോബുദ്ധികളിൽ ഉണ്ടാകുന്ന വിക്ഷിപ്തത്തെ (ചിത്ത പഞ്ച നിലകളിൽ ഒന്ന് ) എങ്ങിനെ ഇല്ലാതാക്കാം എന്നതാണ്...

അതായത്..

ജാഗ്രത് അവസ്ഥയിൽ ബുദ്ധിയും മനസ്സും വിക്ഷിപ്താവസ്ഥയിൽ (ഒന്നും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥ)  നിന്നു പോവുകയാണെങ്കിൽ.. ബുദ്ധിയെയും മനസ്സിനെയും  ബോധത്തിൽലയിപ്പിച്ചു... ആ ബോധത്തിന്റെ നിശ്ചലാവസ്ഥയും  നിശ്ശബ്ദതയും അനുഭവിച്ചറിഞ്ഞു പകർന്നെടുത്തുകൊണ്ട്  (അതിൽനിന്നും ഊർജ്ജമുൾക്കൊണ്ടു) ഊർജസ്വലനായി ഉണർന്നു കൊള്ളുക..

ഹരി ഓം.. 🙏

Sunday, June 26, 2022

സ്‌ലോവേനിയൻ ചിന്തകൾ

മിഴികൾ അടച്ചു മൊഴികൾ ഒതുക്കി..

മനസ്സിന്റെ തീരത്ത് ഒന്നിരുന്ന്...
മധുരമാം നാളെതൻ വിത്തുമായ് പാടത്തു...
മഴയെന്ന കാലത്തിൻ കുളിരണിഞ്ഞു..

ഇതുവരെ ജനിക്കാത്ത "വിത്താണെൻ " ചിന്തകൾ  ..
എന്നർത്ഥഗർഭമായ് പുഞ്ചിരിക്കെ ..
ഞാൻ..
ഇതുവരെ ആരും വിതക്കാത്ത "പാടത്തു "..
ഒരുപാട് കാൽപ്പാട് കണ്ടുഞെട്ടി ..
--------------_--------

ഞാൻ ആ കാൽപ്പാട് തേടി വന്നതല്ല...
കാൽപ്പാടുകൾ എന്നെയും..
ആ കാൽപാടുകളിൽ ഞാൻ എന്നും ഉണ്ടായിരുന്നു എന്നതാണ് സത്യം..ആ കാൽ തൊട്ട ഭൂമിയും ഞാൻ ആയിരുന്നു എന്നതും സത്യം...

ഭോജ്യം ആയി ഭോക്താവ് ആയി ഭോഗിയായി.. രക്തമായി.. അസ്ഥിയായി..മജ്ജയായി..ഞരമ്പായി... നാഡീവ്യവസ്ഥയായി.....ഒടുവിൽ രോഗി യാവുന്നതിന്നുമുന്പേ ഒരു വിരൽ തുമ്പിൽ ചുംബിച്ചു യോഗിയാവാം എന്ന പ്രതീക്ഷയായി..

അതെല്ലാം "ഞാൻ " ആയിരുന്നു... എന്റെയും നിന്റെയും "സ്വം " എന്ന സ്വന്തം "ഞാൻ "..

"ഇവിടെ" "ഞാനും"" നീയും" കടന്നുപോയ "കാലത്തിന്റെ " "ഇടക്ക്" എപ്പോഴോ...ഞാനും നീയും "നമ്മൾ" ആയി ജീവിച്ചിരുന്നു എന്നത് ഒരു സത്യമാണ്...

സ്വപ്നം അല്ല...

ആയിരുന്നെങ്കിൽ ഓർത്തുവക്കാൻ കഴിയുമായിരുന്നില്ല....
കാണുവാൻ വേണ്ടി ഉറങ്ങുവാൻ തോന്നുമായിരുന്നില്ല..

എന്നും ചിന്തകൾക്ക് .വിരൽത്തുമ്പിലെ മിടിപ്പും ചൂടും കോരി കൊടുത്ത്.. വിയർത്ത്..അക്ഷരങ്ങളായി..
ഒരു സുപ്രഭാതം ആയി...
ഉള്ളിൽ നിറഞ്ഞു...
പുലരുമായിരുന്നില്ല...

ഞാൻ "ഞാൻ " ആവാതെ ഇരിക്കുമായിരുന്നില്ല... നീ "നീയും "...

ഇത്രയെല്ലാം സംഭവിച്ചിട്ടും...

..............

കാത്തിരിക്കുക ബാക്കി അടുത്ത ശനിയാഴ്ച...😌🙏




🙏😌🙏🙏🙏🥺😵‍💫


Saturday, May 07, 2022

ഞാനും നീയും

ചിരിയാർന്ന ചൊടിയിൽ ഉണരും ചിത്രം..
മറയാതെ നിൽക്കും എന്നും..
മിടിപ്പായ്... മൂളലായ്...
വിരൽ തുമ്പിലെ ചൂടുമായ്..

മനസ്സിന്റെ വാതിലിൽ ചാരി..
ഗജകർണ്ണ ഭാരവുമായി..
ഗതകാലം കണ്ട മിഴി രണ്ടുമായി..
മൊഴി ഒന്നുമില്ലാ മനസ്സുമായ്..
വഴി തേടി ഓടും ചിന്തയായ്...

കവിൾ തീർത്ത കൂപ മിഥുനങ്ങളിൽ..
കല തീർത്തു നളിനം വിടർന്നുവോ..
കഥ ഊർന്ന കൺഠ മോടൊന്നു ചാരി..
കഥകൾ കേൾക്കാൻ മോഹമായ്..

കത്തിഎരിയും സൂര്യനെ...
മിഴി തൊട്ടടുത്തു ഞാൻ കാൺകയാൽ..
കഴൽ ചാർത്തും നിൻ കുഴൽ നിഴലിലെൻ..
മിഴി പൂട്ടി ഒന്ന് മയങ്ങി ഞാൻ...

കഷുദ്ര ചിന്തകൾ ഈവിധം..
ചിതലാർത്തു ചുറ്റും പൊതിയവേ..
ക്ഷിപ്രമാകുമി സ്വ പ്രപഞ്ചത്തിൽ..
അന്യമായൊരു കനവതിൽ..

അതി ദൂരെ അഴകിൻ വിജനമാം..
അതി ഗൂഡ ചിന്താ ജലധിയിൽ..
ഒരു ദീർഘ ശ്വാസാ വിപിനം പുൽകി..
ഒന്ന് സന്യസിക്കട്ടെ "ഞാൻ"..



Tuesday, April 26, 2022

മഴ..

മഴയോരാരവമായി...
മുകിൽ വിട്ടു മണ്ണിൽ വീഴവേ..
മനസ്സിനുള്ളിൽ ചിതറിടുന്നു..
മധുരമേതോ ഓർമ്മകൾ..

വർഷഭാഷ തിരിഞ്ഞിടാതെ..
വിടർന്നു ഞാൻ ഈ ജലധിയിൽ..
വിശ്വമാകെ നിറഞ്ഞിടാനായ്..
വിരാട ശൈശവ രൂപമായ്...

ജലജാലമൊഴുകും വീഥിയിൽ..
ജഗത്താകെ വിസ്‌മൃത ചിത്തനായ്..
ജനിമൃതികൾകൊണ്ട കുളിരുമായ്..
ജലകേളിയാടിയ ബാല്യമായ്..

കുളിരു തേടി അലഞ്ഞു ഉഴറി..
കുതറിയോടും കുതിരയാം..
കനവുകൾക്ക് കനിഞ്ഞു രാവിൽ..
കൗമാര കുത്തൂഹലം..

താരകപൂങ്കാവനത്തിൽ..
താതിരിപ്പൂ പൂത്തന്നാൾ..
തീയുതിർ കുളിർ മഴ നനഞ്ഞെൻ..
ത്രിപുടി തീണ്ടാ യവ്വനം..

വൃദ്ധി പൂർണതഎത്തുവാനായ്..
വെമ്പിനിൽക്കും കാലമായ്..
വെറുതെയപ്പോഴും ഓർത്തു ഞാൻ ഈ ..
വൃഷ്ടിയെത്രയോ സുന്ദരി..

ജഗദീശൻ തന്നൊരു ദേഹമോ...
ജലപൂർണ്ണ പൂരിതമാകയാൽ..
ജലബിന്ദു ഇന്നും കണ്ടിടുമ്പോൾ..
ജലമുണരും എന്റെ മിഴികളിൽ..

ഏപ്രിൽ 2 2022
വില്ല 92 mbz
8:42 AM.

പ്രണയം

 പ്രകൃതിയുടെ വികൃതിയാം കണ്ണിലൂടെ..
പ്രാകൃത "സഞ്ചിത" കാഴ്ചയുമായ്...
പ്രാരബ്ദമെല്ലാം പ്രാണനിൽ കോർത്തു..
പ്രളയം വരുന്നതും കാത്തിരിപ്പു..

പ്രണയം ഒരു തീരാ പ്രളയമായി..
പ്രാക്ജന്മ പരി കൃത്യ ചിന്തയായി...
പകരുവാൻ ആകാത്ത കഥകളായി..
പകലിൽ ഇരുളിന്റെ നിഴലുമായി..

വെളിച്ചം വിരിച്ചു പ്രകാശിച്ച സൂര്യൻ..
വിണ്ണിൽ നിന്നെത്തി പടർന്നു മണ്ണിൽ..
വിറകൊണ്ട് കണ്ണൊന്നുയർത്തുവാൻ ആകാതെ..
വിരൽകൊണ്ട് മൂടി യീ ജന്മത്തെ ഞാൻ..

നിനക്കും സ്വഭാവം നിവർത്തിക്കുവാനായ്..
നനക്കട്ടെ ഞാൻ എന്റെ ഉള്ളിന്റെ ഉള്ളം..

Friday, April 01, 2022

അറിവ്..

ആരെങ്കിലും..എഴുതി തന്നത് വായിച്ചതുകൊണ്ടോ പറയുന്നത് കേട്ടതുകൊണ്ടോ..
ഒന്നും..അറിവ്... ജ്ഞാനം.. ആകില്ല..മനസ്സെന്ന പൂച്ചട്ടിയിൽ  ആകാംക്ഷാമഴ പൊഴിച്ച്... അഹം ആത്മ എന്ന വിത്തിനെ നട്ട് നനച്ചു വളർത്തി..അതിന്റെ കൊമ്പിൽ പൂക്കുന്ന പൂക്കളുടെ സൗരഭം അറിഞ്ഞ്..കാലത്തിന്റെ വെയിൽ പകർന്ന്.. ആ കൊമ്പിൽ കായ്ച്ച അനുഭവം എന്ന പഴത്തിന്റെ രുചി..അറിവെന്ന  വിശപ്പിനു വേണ്ടി ഭക്ഷിച്ച് .. ഒന്നും എന്റെ സ്വന്തമല്ല.. ഉള്ളതെല്ലാം ഞാൻ തന്നെ ആണ് എന്ന ചിന്തയിൽ.. ആ പഴം സ്വരൂപവും... അതിലെ രുചിയാണ് എന്റെ എന്റെ ബോധവും ചിന്തയും  എന്ന ഒന്നാവലിൽ നിന്ന്... എരിഞ്ഞ് അഗ്നി രൂപ സ്വഭാവമാർന്ന്.. ക്ഷാരമായി..ഒന്നും അവശേഷിക്കാതെ അവശേഷിക്കുന്ന ഒരു  അവശേഷിക്കൽ ആണ് അറിവ് എന്നത്..അറിയുന്നതല്ലേ ദേവു സത്യമായ അറിവ് .. 😌

Monday, March 14, 2022

കാഴ്ച്ച

സുമുഖയായ് സുന്ദര ചിന്തയുമായി...
സുന്ദര സുസ്മേര വദനയായി..
മിഴികളിൽ ഏതോ കവിതയുമായ്..
അരികിൽ നീ നിൽക്കുന്നതെന്തിനാവാം..

കനവിന്റെ കാഴ്ചകൾ കരളിലാക്കി..
കുഴങ്ങിഞാൻ ഇന്നും ഈരാവിരുളിൽ..
പകലിന്റെ കാരുണ്യ ശോഭയിലാ..
പൂമുഖം എപ്പോഴോ ഓർത്തതിനാൽ..

നാളുകൾ എത്രയോ വീണുറങ്ങി..
അക്ഷരം സ്വപ്‌നങ്ങളായൊതുക്കി..
നേർത്തൊരെൻ ജീവന്റെ തൂലികയിൽ..
ഊർന്നൊരു വാക്കെന്റെ വരികളാക്കി..

നാളെ പുലരിയിൽ ഒന്നുണർന്നാൽ..
ഓർക്കുവാൻ എന്തിനോ തോന്നും മുഖം..
വീണ്ടും രാവിന്റെ തീയിൽ വീണു..
വേവുന്ന സ്വപ്‌നങ്ങൾ ഒന്ന് കാണാൻ..

കണ്ണിലെ കർപ്പൂര തീയിലെന്റെ..
ചിന്തകൾ ഒക്കെ ഒന്നെരിച്ചെൻ..
ചിത്തം ആ ചിതയിൽ ഒന്നടക്കി..
നേർത്തു നിൻ ഭസ്മ കുറിയതാവാൻ..

സുന്തരം ലോകം ആ കണ്ണിലൂടെ..
ഞാൻ കാണുന്ന കാലം ദൂരെയത്രെ...
കാതിൽ ഈ വാക്കുകൾ കേൾക്കുമ്പോഴും..
കാണുന്നു ഞാൻ എന്നെ മായപോലെ..

അർത്ഥബോധങ്ങൾ തൻ തത്വമാർന്നു..
നിൽക്കുന്നു സത്യങ്ങൾ ചുറ്റുമാർത്തു..
അപ്പോഴും ചിന്തയിൽ നൃത്തമാടി..
എന്തിനോ പൂവിട്ട മോഹവർഷം..

ആ മുന്നിൽ എപ്പോഴോ വന്നു നിൽക്കാൻ..
ബോധത്തിനപ്പുറം ഉണ്ട് മോഹം..
എങ്കിലും അറിയുന്നു നിന്നെ ഞാൻ എൻ..
എന്നിലെ ഞാനായി എന്തുകൊണ്ടോ..

അകലം ആകാശ രൂപമാർന്നു..
ഇരുജീവനുള്ളിലും ഊർന്ന് വീഴ്കെ..
അരികിലും അകലെയും ഒന്നതാക്കും..
അറിവുണ്ട് കൂടെ എന്നാത്മസത്യം..

അറിയുന്നു ഞാൻ നിന്നെ എന്നെയോളം..
ആ ചിന്തയും നിൻ മുഗ്ദ്ധ സ്വപ്നങ്ങളും..
അകലെ ഇരുന്നാലും അരികിലെത്തും..
ഈശ്വരകൃപയാൽ മനസ്സിനുള്ളിൽ...

പുലരട്ടെ നാളെ പുലരി വീണ്ടും..
പടിഞ്ഞാറു വീണൊന്നസ്തമിക്കാൻ..
അപ്പോഴും വാക്ക് ദേവീ രൂപമാർന്നു..
നിറയട്ടെൻ ചിന്തയിൽ വരികളാവാൻ..

ഓർമ്മകൾ ഓടുന്ന തീവണ്ടിയായ്..
കാലമാം തീയിൽ എരിഞ്ഞു ചിന്ത..
നീറലോ നേർത്ത കുളിരുപോലായ്..
നീയെനിക്കനന്യയായ്..
സ്വ രൂപിയായി..

എന്നിലെ ഞാനപ്പോൾ ശാന്തമായി..
എല്ലാ ലോകവും അറിഞ്ഞവനായ്..
ഭൂമിയും സ്വർഗ്ഗവും പാതാളവും..
ഒരുപോലെ കാണുന്ന കണ്ണുകളായ്..

ആകാശം

അറിയാതെ അകലും ആകാശവും..
അറിവെന്ന വെണ്ണയാം അനുഭവവും...

നിൻ ചൊടിതുമ്പിലെ വാക്കായി..
നിറയുമെന്നില്ലേ അക്ഷരമായ്...

ഒന്ന് ഒരാകാരം ഉയിരിൽ വീണു..
വന്നു മുട്ടി വിളിച്ചു നെഞ്ചിൻ..

ഉള്ളറകൾ എന്തിനായി
നിന്നു വെക്കം വിയർത്തു ഏവം...

Friday, March 04, 2022

യക്ഷി

യക്ഷി...

ആടുന്ന പാലതൻ കൊമ്പിൽ..
പാടുന്ന ചുണ്ടുമായെത്തി..

പല്ലും നഖവും കൊണ്ടെന്റെ ജീവന്റെ..
ഓരോ ഇതളും നുറുക്കി..

ചിന്തകളെ ചിതൽ പുറ്റുകളാക്കി..
ആ നഖം നെഞ്ചിൽ കൊളുത്തി..

നാളുകൾ എണ്ണി ജീവിച്ച മാറിടം..
ഒരു വിരൽ കൊണ്ടു പിളർത്തി..

ഉള്ളിൽ വളർന്ന പന ചോട്ടിൽ..
ആ മുടിച്ചോല അഴിച്ച് ...

ചിന്തയിൽ നീറുന്ന ചുംബന നീരിൽ...
എല്ലാം അഴിച്ചും ഉടുത്തും..

ഒടുവിൽ എൻ ശ്വാസവും എൻ ബോധവും 
ഒരുമിച്ചുരുക്കി എൻ രക്തമൂറ്റി ..

ചൊടിയാൽ പകർന്നെടുത്തുയിരിന്റെ ദാഹത്താൽ..
ഒരു മാത്ര നീയൊരു യക്ഷിയായ്‌..

ഞാനോ യക്ഷനും ആയി..