Monday, October 15, 2007

പ്രണയപര്‍വ്വം

പുലരികള്‍ തൂമഞ്ഞു തറ്റുടുത്തെത്തുന്ന
കുളിരിനായ് പുകള്‍പെറ്റ മകരമാസം.
ജീവിതം പോറ്റുവാന്‍ അലയുന്നവീഥിയില്‍
ആദ്യമായ് നാം കണ്ടുമുട്ടി.

അറിയില്ലെനിക്കതിനു മുമ്പെത്രവീഥികളില്‍
അറിയാതെ നാംകണ്‍ടിരുന്നു.
ഒരുപക്ഷെ ഇവിടെയാകാം സമയകാലങ്ങള്‍
ഒരുമിച്ചടുത്തു വന്നെത്തി.

പ്രണയത്തി‌നാടകള്‍ വാരിയെടുത്തെന്നെ
അണിയിച്ചു കുളിരുള്ളപവനന്‍.
അകതാരിലറിയാതെ ഉണര്‍ന്നൊരാ രാഗത്തില്‍
താളം‌പിടിച്ചെന്റെഹൃദയം.

നിന്‍‌മുഖം മാത്രം മനസ്സില്‍നിറഞ്ഞുഞാന്‍
നീമാത്രമായന്നു മാറി.
അന്നുതൊട്ടോരോ നിമിഷങ്ങളിലും
വളര്‍ന്നുപടര്‍ന്നെന്റെ മോഹം.

പ്രണയമാംപാത്രം മെനഞ്ഞുനിനക്കായെന്‍
നിറമറ്റജീവിതചേറാല്‍.
സൗമ്യമായെങ്കിലും നീയെനിക്കേകുന്ന
സ്നേഹമാം പൂന്തേന്‍‌നിറക്കാന്‍.

കാലം കടന്നുപോയ് ഒടുവില്‍‌വന്നെത്തി
പ്രളയത്തിന്‍ പുകള്‍പെറ്റൊരിടവമാസം.
മിന്നല്‍പിണരിനാല്‍ നെഞ്ചം‌പിളര്‍ക്കുന്ന
ബന്ധുസമൂഹത്തിന്‍ വര്‍ഷകാലം.

അവരെന്റെ കനവുകള്‍ കബന്ധങ്ങളാക്കി
അതിനെന്റെ ചിന്തയില്‍ ചിതയൊരുക്കി.
അതിലെന്റെ മോഹങ്ങള്‍ ചിറകറ്റുവീണു
അതിലെന്റെ ചിരികള്‍തന്‍ സതിനടത്തി.

സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ കാലിടറിവീണുപോയ് ഞാന്‍.പിരിയുന്നതില്‍ കൂടുതല്‍ വേദന ഒരുപക്ഷേ പിരിയാതിരുന്നാല്‍ ഈ സമൂഹം നമുക്കുവേണ്ടി കാത്തുവച്ചിരിക്കുന്നു എന്നതിരിച്ചറിവ് എന്നെതളര്‍ത്തികളഞ്ഞു.നിന്നില്‍നിന്ന് അകലാന്‍ ഞാന്‍ ഒരുപാട്ശ്രമിച്ചു അകലാന്‍ മാത്രം.മറക്കുവാന്‍ എനിക്കൊരിക്കലും കഴിയുകയില്ല.
ഇപ്പോള്‍ ഞാനും നീയും രണ്‍ട്‌ലോകങ്ങളിലാണ്.ശരീരംകൊണ്ടും ജീവിതംകൊണ്ടും.ഇനി ഈജന്മം നിനക്ക് എന്റേതാവാനും എനിക്ക് നിന്റേതാവാനും കഴിയില്ല എന്നെനിക്കറിയാം.എങ്കിലും ചിലനിമിഷങ്ങളില്‍.....

വിരഹമെന്‍ സിരകളില്‍ കൈതൊട്ടുണര്‍ത്തുന്നു
മിഴിനീരുകവിള്‍തഴുകി ഒഴുകിടുന്നു.
അറിയില്ലെനിക്കെന്തിനിപ്പോഴും നിന്നെ ഞാന്‍
അതിരറ്റുപ്രണയിച്ചിടുന്നു നിന്നെ അതിരറ്റു സ്നേഹിച്ചിടുന്നു......

പറയാന്‍ മറന്നുപോയത്

രാവേറെയായ് മറഞ്ഞുവെണ്ണിലാപോ‍ലും..
ഞാന്‍ മാത്രമാവാമിന്നുണര്‍ന്നിരിക്കുന്നു...
നിന്റെകൈപടയില്‍ പിറ‍ന്നോരക്ഷരങ്ങളെന്‍..
മാറില്‍ മയങ്ങാതുണര്‍ന്നിരിക്കുമ്പോള്‍..

കവിതയായ് മാറുന്നു കനവുകള്‍പോലും..
കുളിര്‍പൊഴിക്കയായ് കരളിലെ കനലുകള്‍പോലും..
നിന്‍‌ചിരിയിലൂര്‍ന്നുവീണൊരാ തേന്‍‌കണം..
നല്‍കുമാ മധുരത്തില്‍ ഞാനലിയെ..

പ്രണയനിര്‍വൃതിയില്‍പ്രപഞ്ചം മാഞ്ഞുപോകുന്നു..
മനസ്സുകൊണ്ടഗാധമായ്നാമാശ്ലേഷിക്കാന്‍..
ഒരുപുതിയ പ്രണയഗാന തിരകളില്‍നമ്മള്‍..
പ്രളയമില്ലാകരകള്‍തേടിപോയിടുമ്പോള്‍...

അറിയുകില്ലിനിഎവിടെയെങ്കിലും കണ്ണുനീര്‍പൂക്കള്‍..
പൂത്തുനിന്നാ പുഴയിലെല്ലാംചതുപ്പേറുമോ..
അതില്‍‌പെട്ടെന്‍ ദേഹിവിട്ടുഞാന്‍ ദേഹമായെന്നാല്‍..
അപ്പൊഴുംനീ എന്നെഇതുപോല്‍ പുണര്‍ന്നീടുമോ..

ഹൃസ്വമാകാം എന്‍ ‍ജീവനെന്‍‍ഗാനംപോലെ...
അന്നുംനീ ചിരിക്കേണം എന്‍ ഓര്‍മക്കായി...
നിന്റെ നിശ്ശ്വാസത്തിലലിയാന്‍‍ കാത്തുനില്‍പ്പോരെന്‍..
ആത്മാവിനു നിന്നരികില്‍ പുനര്‍ജനിച്ചീടാന്‍..


(കുഞ്ഞുബി മാഷിനോട് കടപ്പാട്)