Friday, November 27, 2020

പറയാൻ...

.
ഒന്നും  ഇനി ബാക്കിയില്ല...
എല്ലാം ചോദിച്ചു തീർന്നുവത്രേ..
ഉള്ളിൽ ഉറക്കൊണ്ടതെല്ലാം..
കാലം കവർന്നുപോയത്രേ...

എന്നിട്ടും..

കൗമാര കൗതുകകാലം..
കനവിൽ പടർന്നൊരു ഗാനം...
കരളിന്റെ തെക്കിനിക്കുള്ളിൽ..
കുറുക്കുന്നതെന്തിനായ് ഇന്നും..

ഒരുപക്ഷെ..

പ്രകൃതി തൻ വികൃതികൾ ആവാം..
പ്രണയത്തിൻ നാടകമാവാം..
പലകാലം വേർപിരിഞ്ഞിട്ടും..
പലതായി മാറിയില്ലിന്നും..

എന്നിട്ടോ..

ഓർമ്മകൾ ഉള്ളിൽ വിടർത്താൻ...
പെയ്തു വർഷമായി അക്ഷര മേഘം..

എനിക്ക്..

പറയുവാൻ ഒരു മൂളൽ പോലും..
ബാക്കി വക്കാൻ വിടാ നിന്റെ കാതിൽ...

Thursday, November 19, 2020

സംഘഗാനം

ഗതകാല സ്‌മൃതികൾ തൻ വേദിയിൽ നിന്നു ഞാൻ..

ഒറ്റക്ക് പാടാൻ കൊതിച്ചു നിൽക്കെ..
ഗണിതങ്ങളെ പോലും തോൽപ്പിച്ചു ചിന്തകൾ..
ഒരു സംഘ ഗാനം പാടിപ്പോയി ..

പറയാൻ മടിച്ച വാക്കുകൾ കൊണ്ടുള്ളം..
പുകയുന്ന വരികളിൽ മഷി പടർത്തി..
പ്രണയത്തിനാദിയിൽ നെഞ്ചിൽ കൊരുത്തൊരു..
പഴയ കാലസ്മൃതി ഗാനമായി..

ഒറ്റക്കിരിക്കുമെൻ ചിന്തകൾ പാടിയ..
സംഘഗാന ശ്രുതി കേട്ടുണർന്നു..
ചുറ്റും തിരഞ്ഞു ഞാൻ ഭൂതകാലത്തിന്റെ..
പുൽക്കൊടി തുമ്പിലെ  നീർക്കണങ്ങൾ..

Monday, November 02, 2020

ക്ഷരം..

അക്ഷരമാലകൾ എല്ലാമറിഞ്ഞെന്ന
അല്പബോധത്തിന്റെ ആരാമ മുറ്റത്ത്‌..
ആരോ പടച്ചൊരു ആകാശവും കണ്ട്
ആരാമ തുളസിതൻ കാറ്റിനെ കനവാക്കി..

ഒരു നാലു കെട്ടിന്റെ ഉമ്മറ തൂണിൽ..
ഒന്നുരം ചാരി ഞാൻ ഒന്നുറങ്ങുമ്പോൾ..
ഒരു കൊച്ചു തെന്നലായ് വന്നതല്ലെന്റെ..
ഒരു വാക്കുപോലും ഒരക്ഷരം പോലും..

പക്ഷെ അതിൻ ഭാരം ഒരു കൊച്ചു കടലാസിൽ..
പതിയെ പരക്കുമ്പോൾ വീഴും നിറങ്ങൾതൻ 
പകുതിയെ പോലും തിരിച്ചറിയാതെ ഞാൻ
പകച്ചു പോകുന്നുണ്ട് പലവെള്ളിയാഴ്ചയും..

മറക്കുവാൻ പോലും ഓർക്കാത്ത ചിന്തകൾ
മഷിപുരട്ടി പോകും എൻ വിരൽ തുമ്പിന്റെ ..
മനമെന്ന നഖമുനയാലോന്നു തൊട്ടപ്പോൾ..
മറ്റൊരു മനസ്സിൽ വരവീണുവെന്നോ..

എങ്കിൽ

ആദി ബോധിയാം വ്യാസന്റെ വാക്കുകൾ..
ആദ്യമായ് അൻപിൻ കൊമ്പോടിച്ചെഴുതിയ  
ആദി ദേവന്റെ പുത്രന്റെ മുന്നിലെൻ..
ആത്‍മാക്ഷരങ്ങളെ വച്ചു പോകുന്നു ഞാൻ  

എന്നുവരെ എന്ന് ചോദിച്ചാൽ... അന്നുവരെ..