Monday, March 14, 2022

കാഴ്ച്ച

സുമുഖയായ് സുന്ദര ചിന്തയുമായി...
സുന്ദര സുസ്മേര വദനയായി..
മിഴികളിൽ ഏതോ കവിതയുമായ്..
അരികിൽ നീ നിൽക്കുന്നതെന്തിനാവാം..

കനവിന്റെ കാഴ്ചകൾ കരളിലാക്കി..
കുഴങ്ങിഞാൻ ഇന്നും ഈരാവിരുളിൽ..
പകലിന്റെ കാരുണ്യ ശോഭയിലാ..
പൂമുഖം എപ്പോഴോ ഓർത്തതിനാൽ..

നാളുകൾ എത്രയോ വീണുറങ്ങി..
അക്ഷരം സ്വപ്‌നങ്ങളായൊതുക്കി..
നേർത്തൊരെൻ ജീവന്റെ തൂലികയിൽ..
ഊർന്നൊരു വാക്കെന്റെ വരികളാക്കി..

നാളെ പുലരിയിൽ ഒന്നുണർന്നാൽ..
ഓർക്കുവാൻ എന്തിനോ തോന്നും മുഖം..
വീണ്ടും രാവിന്റെ തീയിൽ വീണു..
വേവുന്ന സ്വപ്‌നങ്ങൾ ഒന്ന് കാണാൻ..

കണ്ണിലെ കർപ്പൂര തീയിലെന്റെ..
ചിന്തകൾ ഒക്കെ ഒന്നെരിച്ചെൻ..
ചിത്തം ആ ചിതയിൽ ഒന്നടക്കി..
നേർത്തു നിൻ ഭസ്മ കുറിയതാവാൻ..

സുന്തരം ലോകം ആ കണ്ണിലൂടെ..
ഞാൻ കാണുന്ന കാലം ദൂരെയത്രെ...
കാതിൽ ഈ വാക്കുകൾ കേൾക്കുമ്പോഴും..
കാണുന്നു ഞാൻ എന്നെ മായപോലെ..

അർത്ഥബോധങ്ങൾ തൻ തത്വമാർന്നു..
നിൽക്കുന്നു സത്യങ്ങൾ ചുറ്റുമാർത്തു..
അപ്പോഴും ചിന്തയിൽ നൃത്തമാടി..
എന്തിനോ പൂവിട്ട മോഹവർഷം..

ആ മുന്നിൽ എപ്പോഴോ വന്നു നിൽക്കാൻ..
ബോധത്തിനപ്പുറം ഉണ്ട് മോഹം..
എങ്കിലും അറിയുന്നു നിന്നെ ഞാൻ എൻ..
എന്നിലെ ഞാനായി എന്തുകൊണ്ടോ..

അകലം ആകാശ രൂപമാർന്നു..
ഇരുജീവനുള്ളിലും ഊർന്ന് വീഴ്കെ..
അരികിലും അകലെയും ഒന്നതാക്കും..
അറിവുണ്ട് കൂടെ എന്നാത്മസത്യം..

അറിയുന്നു ഞാൻ നിന്നെ എന്നെയോളം..
ആ ചിന്തയും നിൻ മുഗ്ദ്ധ സ്വപ്നങ്ങളും..
അകലെ ഇരുന്നാലും അരികിലെത്തും..
ഈശ്വരകൃപയാൽ മനസ്സിനുള്ളിൽ...

പുലരട്ടെ നാളെ പുലരി വീണ്ടും..
പടിഞ്ഞാറു വീണൊന്നസ്തമിക്കാൻ..
അപ്പോഴും വാക്ക് ദേവീ രൂപമാർന്നു..
നിറയട്ടെൻ ചിന്തയിൽ വരികളാവാൻ..

ഓർമ്മകൾ ഓടുന്ന തീവണ്ടിയായ്..
കാലമാം തീയിൽ എരിഞ്ഞു ചിന്ത..
നീറലോ നേർത്ത കുളിരുപോലായ്..
നീയെനിക്കനന്യയായ്..
സ്വ രൂപിയായി..

എന്നിലെ ഞാനപ്പോൾ ശാന്തമായി..
എല്ലാ ലോകവും അറിഞ്ഞവനായ്..
ഭൂമിയും സ്വർഗ്ഗവും പാതാളവും..
ഒരുപോലെ കാണുന്ന കണ്ണുകളായ്..

ആകാശം

അറിയാതെ അകലും ആകാശവും..
അറിവെന്ന വെണ്ണയാം അനുഭവവും...

നിൻ ചൊടിതുമ്പിലെ വാക്കായി..
നിറയുമെന്നില്ലേ അക്ഷരമായ്...

ഒന്ന് ഒരാകാരം ഉയിരിൽ വീണു..
വന്നു മുട്ടി വിളിച്ചു നെഞ്ചിൻ..

ഉള്ളറകൾ എന്തിനായി
നിന്നു വെക്കം വിയർത്തു ഏവം...

Friday, March 04, 2022

യക്ഷി

യക്ഷി...

ആടുന്ന പാലതൻ കൊമ്പിൽ..
പാടുന്ന ചുണ്ടുമായെത്തി..

പല്ലും നഖവും കൊണ്ടെന്റെ ജീവന്റെ..
ഓരോ ഇതളും നുറുക്കി..

ചിന്തകളെ ചിതൽ പുറ്റുകളാക്കി..
ആ നഖം നെഞ്ചിൽ കൊളുത്തി..

നാളുകൾ എണ്ണി ജീവിച്ച മാറിടം..
ഒരു വിരൽ കൊണ്ടു പിളർത്തി..

ഉള്ളിൽ വളർന്ന പന ചോട്ടിൽ..
ആ മുടിച്ചോല അഴിച്ച് ...

ചിന്തയിൽ നീറുന്ന ചുംബന നീരിൽ...
എല്ലാം അഴിച്ചും ഉടുത്തും..

ഒടുവിൽ എൻ ശ്വാസവും എൻ ബോധവും 
ഒരുമിച്ചുരുക്കി എൻ രക്തമൂറ്റി ..

ചൊടിയാൽ പകർന്നെടുത്തുയിരിന്റെ ദാഹത്താൽ..
ഒരു മാത്ര നീയൊരു യക്ഷിയായ്‌..

ഞാനോ യക്ഷനും ആയി..

Thursday, March 03, 2022

ജീൻ

നിറയുന്ന ചുവപ്പത്തിൽ വെളുപ്പൊഴിച്ച്..
നിറമില്ലാ കണ്ണുകൾക്ക് നിറവുമായി..
നിനവായി കനവായി കണ്ടതെല്ലാം..
നിറക്കുന്ന വരകളെൻ വരികളാക്കി..

മിഴിക്കുള്ളിൽ മുഴക്കം ഒരു തുടിപ്പുമായി..
മിന്നുന്നു കവിളിലെൻ ചെറു കുഴിയിൽ..
മറക്കാതെ ഇരിക്കുന്ന മനസ്സിൻ ഭാവം..
മധുരമായ് അധരത്തിൽ പൊഴിഞ്ഞു വീണു..

അറിയുന്നു എന്നെയും നിന്നെയും ഞാൻ..
അറിവെന്ന കണ്ണട ചില്ലിലൂടെ..
അതുകൊണ്ടും കെടാത്തോ"രെൻ" രക്തദാഹം..
അതി മോഹബോധത്താൽ പടർന്നു സർവ്വം..

സഹിക്കുന്ന പ്രകൃതിക്കും പരിധിയുണ്ട് 
സഹിക്കുന്ന ഭൂമിക്കും പരിധിയുണ്ട്..
ഈ അറിവായ സകലതും അരികിൽ ഉണ്ട് ..
പക്ഷെ അതിന്മേലെ പറക്കുമെൻ മോഹമുണ്ട്..

അതിനാൽ ഞാൻ അക്ഷരത്തിൻ നിഴലുപറ്റി..
ഇഴഞ്ഞൊരു വരികൾ തൻ തണലിലെത്താൻ.
അറിയാം എനിക്കും നിൻ സമൂഹബോധം..
അതിനാലെ അറിവു ഞാൻ എന്റെ ബോധം..


ദാഹം

നിന്മുടി തുമ്പിൽ നിന്നിറ്റുവീഴും
മഞ്ഞുതുള്ളിതൻ ചൂടുള്ള സ്വപ്നങ്ങളെൻ..
കവിൾ തഴുകിയെന്നും ഒഴുകിയോടും
കരളിലും കനവിലും കുളിർ നിറയ്ക്കും...

നിൻ കവിൾ ചുംബിച്ചുറങ്ങീടുവാൻ
ചിന്തകൾ സന്ധ്യക്കു  കാത്തിരിക്കും..
നിൻ വിരൽ തുമ്പിനാൽ
മുറിവേൽക്കുവാൻ..
എന്റെ ഹൃദയം എന്നും കൊതിച്ചിരിക്കും..

ഏകാന്ത ചിന്തകൾക്കുളിലെന്നും
വർണ്ണ ചിറകാർന്ന മോഹങ്ങൾ എന്നുമെന്നും..
നിൻ ചൊടി തുമ്പിലെ
തേൻ നുകരാൻ..
ദാഹം ഉള്ളിലൊതുക്കി
വിയർത്തിരിക്കും..

വിശപ്പ്

അശിക്കുന്ന വയറിന്റെ നിഴലുമായി..

അരിക്കായി തിരഞ്ഞുഞാൻ പലർക്കരികിൽ..

"അവരൊക്കെ പറഞ്ഞതോ വിദേശത്തായി..
അതിനുള്ള വിത്ത് ഞങ്ങൾ വിതച്ചിട്ടുണ്ട്..

അവർ ഓരോ കുട്ടയിയിലായ് അയച്ചുതരും..
അതുവരെ വിശപ്പിന്റെ കാതടക്ക്..

അശിയൊക്കെ വാശിയാക്കാൻ പഠിപ്പിച്ചവർ..
അതിഘോരം പ്രസംഗങ്ങൾ നടത്തുണ്ട്..

അതുകേട്ടു കുളിർ കൊണ്ട് കാത്തിരിക്കൂ..
അടിയോനും കുടിയോനും ആയിരിക്ക്..

അതി ന്യുന പക്ഷത്തിൻ നിഴൽ വിരിച്ചു..
അശിക്കുന്ന വയറിനെ ഒതുക്കി വക്ക്..

അരിയെല്ലാം വിളമ്പുവാൻ അടുത്തവട്ടം..
അവനൊന്റെ വിരൽ ഒന്നാ ചുവപ്പിൽ ഞെക്ക്.."

അറിവൊന്നു വന്നകാലം മുതൽക്ക് കേൾക്കും..
അരിതരാം പൊടിതരാം എന്ന ശബ്ദം..

അതിൻമീതെ കമഴ്ത്തിയ സിരകൾ വറ്റി..
അടിവയർ വെന്തു ഞാൻ തറയിൽ വീഴേ..

അകത്തു ഞാൻ കേട്ടിടയ്ക്കു ഒരാത്മ ശബ്ദം..
അറിവോക്കെ "പരാ വിദ്യ" ആണുപോലും

അശിക്കുന്ന വയറിനു വിശപ്പടക്കാൻ..
ആശവാരി കഴിച്ചെന്നാൽ ഒടുക്കമാമോ..

അവനൊന്റെ കാൽ ഒന്ന് ചവിട്ടും മണ്ണിൽ..
അവനൊന്റെ വിരൽ തൊട്ടാൽ തീരുമെല്ലാം.

അന്നെന്നിൽ നിറഞ്ഞപ്പോൾ "അപരാ വിദ്യ "..
അറിവെന്റെ അനുഭവം എന്ന "വിദ്യ"..

അന്ന് ഞാൻ എൻ ചിന്തകളെ എന്റേതാക്കി..
അതുകൊണ്ടു ഭൂമിയെ പുണർന്നു പോയി..

അമ്മയാകും ഭൂമിയെ ഞാൻ അന്നറിഞ്ഞു..
അമ്മയ്ക്കും അമ്മയാണവൾ എന്നറിഞ്ഞു..

അമ്മയാകും ഭൂമിയെ ഞാൻ അറിഞ്ഞു..
അമ്മയ്ക്കും അമ്മയാണവൾ എന്നറിഞ്ഞു..

വിശപ്പ്...

കേൾക്കുന്നുണ്ട്

കേൾക്കുന്നുണ്ട്...

മഴ മണ്ണിൻ മാറിൽ മധു തൂകിയാടും..
മധുര മദാലസ പദനിസ്വനം..
ചിങ്ങത്തിൻ തൊടിയിൽ വിടരാൻ കൊതിക്കുന്ന..
പൂക്കൾതൻ ചൊടിയിലെ മന്ദഹാസം..

മുറ്റത്തുമെഴുകിയ ചാണകത്തറയിലെ..
തുളസിക്കതിരിന്റെ മൃതുമന്ത്രണം..
ഉമ്മറത്തിണ്ണയിൽ തൂണിൽ ഉരംചാരി..
നിൽക്കുമെൻ ദേവിതൻ ദീർഘ ശ്വാസം...

കാതിലെ കമ്മലിൻ തൊങ്ങലിൻ നെഞ്ചിലെ..
ഊഞ്ഞാൽ പാട്ടിന്റെ മുഗ്ദ്ധഗാനം..
ആ ചുണ്ടിൽ വിരിയും പുഞ്ചിരി മിന്നലിൻ..
വെള്ളി വെളിച്ചത്തിൻ ദൃശ്യരാഗം..

അനുരാഗ മേഘങ്ങൾ മൂടിയ വിണ്ണിന്റെ..
നെഞ്ചിൽ പടരുന്ന ശുദ്ധഗീതം..
ഓർമ്മതൻ ഓലകൾ തമ്മിൽ കൊരുക്കുന്ന..
തെന്നലിൻ കൈയിലെ മുരളിരവം..

പെണ്ണ്

ഒരുമിഴി ചിമ്മലിൽ ഒളിച്ചു വക്കും..

ഒരുപാട് മോഹങ്ങൾ ആണ് പെണ്ണ് ..
ഒരുനാളും അഴിയാത്ത ചിന്തയാണ്
ഒരു നല്ല നാളിലെ സൂര്യനാണ്..

അവളാണ് ഭൂമിയും സാഗരവും...
ആകാശവും പിന്നെ തീയും..
അറിയുന്ന ശ്വാസത്തിൻ ആനന്തവും..
അകാതരിൻ കാഴ്ചയും കനവും..

അലസമായ് വീശും വിരലിൽ തുമ്പിനാൽ..
അറിയാതെ എങ്ങും വരച്ചു വക്കും..
അനുഭവ ബോധത്തിനപ്പുറത്ത്..
അതിമോഹനാത്മ ജീവഭാവം..

ഒരു കൊച്ചു തെന്നൽപോൽ കാമുകിയായ്..
ഒരു തണൽ വൃക്ഷമായ് ഭാര്യയായി..
ഒരു കൊടും കാറ്റുപോൽ അമ്മയായി..
ഒരു വാക്കിൽ അറിവായി മുത്തശ്ശിയായ്..

അവളാണ് പ്രകൃതി അവളാണ് ലോകം..
അവളാണ് സർവ്വം സഹയും..
അവളാണ് ഭൂമിയും ഭൂതങ്ങളും..
അവളാണ് നീയും ഈ ഞാനും..


കടവ്

പച്ചിലചാർത്തണി പുൽപടർപ്പിൽ..

ചുറ്റിവരിഞ്ഞൊരു പിച്ചകമായ്..
പൂത്തുതളിർത്തൊരു പൂക്കാലമായ്..
പൂവിടാം നക്ഷത്ര മുല്ലയായി..

ചുറ്റും വിടർന്നോരാ പുലരിയിൽ നാം..
ഒന്നിച്ചൊരു പുഴ നീന്തിഎറി..
അക്കരെ കടവിലെ അലക്കുകല്ലിൻ..
മീതെ കണ്ണുകൾ കോർതിരിക്കേ...

വെള്ളം പടർന്നു പതുക്കിവച്ച..
ഭംഗിയെൻ ചിന്തയിൽ നീറി നീറി..
തൊണ്ടയിൽ വറ്റി വരണ്ടു ദാഹം..
നിൻ കാൽവിരൽ തുമ്പിൽ വീണടങ്ങി..

മിഞ്ചിതൻ ചൂടും കുളിരുമാർന്നു..
പൊള്ളിയെൻ ചുണ്ടുകൾ എന്തുകൊണ്ടോ..
ആ തീ പടർന്നു പറന്ന് കേറി..
ഞാനും നീയുമൊരഗ്നിയായി...