Monday, March 14, 2022

കാഴ്ച്ച

സുമുഖയായ് സുന്ദര ചിന്തയുമായി...
സുന്ദര സുസ്മേര വദനയായി..
മിഴികളിൽ ഏതോ കവിതയുമായ്..
അരികിൽ നീ നിൽക്കുന്നതെന്തിനാവാം..

കനവിന്റെ കാഴ്ചകൾ കരളിലാക്കി..
കുഴങ്ങിഞാൻ ഇന്നും ഈരാവിരുളിൽ..
പകലിന്റെ കാരുണ്യ ശോഭയിലാ..
പൂമുഖം എപ്പോഴോ ഓർത്തതിനാൽ..

നാളുകൾ എത്രയോ വീണുറങ്ങി..
അക്ഷരം സ്വപ്‌നങ്ങളായൊതുക്കി..
നേർത്തൊരെൻ ജീവന്റെ തൂലികയിൽ..
ഊർന്നൊരു വാക്കെന്റെ വരികളാക്കി..

നാളെ പുലരിയിൽ ഒന്നുണർന്നാൽ..
ഓർക്കുവാൻ എന്തിനോ തോന്നും മുഖം..
വീണ്ടും രാവിന്റെ തീയിൽ വീണു..
വേവുന്ന സ്വപ്‌നങ്ങൾ ഒന്ന് കാണാൻ..

കണ്ണിലെ കർപ്പൂര തീയിലെന്റെ..
ചിന്തകൾ ഒക്കെ ഒന്നെരിച്ചെൻ..
ചിത്തം ആ ചിതയിൽ ഒന്നടക്കി..
നേർത്തു നിൻ ഭസ്മ കുറിയതാവാൻ..

സുന്തരം ലോകം ആ കണ്ണിലൂടെ..
ഞാൻ കാണുന്ന കാലം ദൂരെയത്രെ...
കാതിൽ ഈ വാക്കുകൾ കേൾക്കുമ്പോഴും..
കാണുന്നു ഞാൻ എന്നെ മായപോലെ..

അർത്ഥബോധങ്ങൾ തൻ തത്വമാർന്നു..
നിൽക്കുന്നു സത്യങ്ങൾ ചുറ്റുമാർത്തു..
അപ്പോഴും ചിന്തയിൽ നൃത്തമാടി..
എന്തിനോ പൂവിട്ട മോഹവർഷം..

ആ മുന്നിൽ എപ്പോഴോ വന്നു നിൽക്കാൻ..
ബോധത്തിനപ്പുറം ഉണ്ട് മോഹം..
എങ്കിലും അറിയുന്നു നിന്നെ ഞാൻ എൻ..
എന്നിലെ ഞാനായി എന്തുകൊണ്ടോ..

അകലം ആകാശ രൂപമാർന്നു..
ഇരുജീവനുള്ളിലും ഊർന്ന് വീഴ്കെ..
അരികിലും അകലെയും ഒന്നതാക്കും..
അറിവുണ്ട് കൂടെ എന്നാത്മസത്യം..

അറിയുന്നു ഞാൻ നിന്നെ എന്നെയോളം..
ആ ചിന്തയും നിൻ മുഗ്ദ്ധ സ്വപ്നങ്ങളും..
അകലെ ഇരുന്നാലും അരികിലെത്തും..
ഈശ്വരകൃപയാൽ മനസ്സിനുള്ളിൽ...

പുലരട്ടെ നാളെ പുലരി വീണ്ടും..
പടിഞ്ഞാറു വീണൊന്നസ്തമിക്കാൻ..
അപ്പോഴും വാക്ക് ദേവീ രൂപമാർന്നു..
നിറയട്ടെൻ ചിന്തയിൽ വരികളാവാൻ..

ഓർമ്മകൾ ഓടുന്ന തീവണ്ടിയായ്..
കാലമാം തീയിൽ എരിഞ്ഞു ചിന്ത..
നീറലോ നേർത്ത കുളിരുപോലായ്..
നീയെനിക്കനന്യയായ്..
സ്വ രൂപിയായി..

എന്നിലെ ഞാനപ്പോൾ ശാന്തമായി..
എല്ലാ ലോകവും അറിഞ്ഞവനായ്..
ഭൂമിയും സ്വർഗ്ഗവും പാതാളവും..
ഒരുപോലെ കാണുന്ന കണ്ണുകളായ്..

No comments: