Saturday, November 22, 2008

അവിസ്മ്രതം

പ്രണയപരാഗ ധൂളികള്‍ വിതറിഓര്‍മ്മകള്‍ വീശുമ്പോള്‍,
വിരഹമതിന്‍ ചുടുതുള്ളികളാലെന്‍കണ്ണുനിറക്കുന്നു.
ഇരവിന്‍ നീലിമ കാതില്‍ വിതറുംമാസ്മര ഗാനങ്ങള്‍,
മൗനമതിന്‍ ശ്രുതിയാകിലും മനസ്സില്‍അഴലു നിറക്കുന്നു.

വരികളിലവളെ വരക്കാന്‍ കനവുകള്‍കവിതകള്‍ തിരയുമ്പോള്‍,
നീറുകയാലെന്‍ ഹൃദയം,തൂലികവഴുതിപോകുന്നു.
കാലം മാറിയ കാര്യം ചിന്തകള്‍അറിയുന്നില്ലെന്നൊ.
കരളില്‍ വീണൊരു മുറിവിന്നിനിയുംമാഞ്ഞിട്ടില്ലെന്നൊ.

അകതാരാകെ അലകടല്‍ പോലെഅലറിവിളിക്കുന്നു.
അവളിന്നെവിടെ അവളിന്നെവിടെഅരികത്തില്ലല്ലൊ.
പ്രണയം തിങ്ങിയ സിരകളുമായിസ്മ്രതികള്‍ വിങ്ങുന്നു.
അതിനുള്ളൗഷധമായെന്‍ മുന്നില്‍മദ്യമിരിക്കുന്നു.

വിസ്മ്രതമാക്കാന്‍ വെമ്പുംതോറുംഓര്‍മ്മകള്‍ മുറുകുന്നു.
ഹൃത്തിന്‍ ഭിത്തിയില്‍ മുറിവുകള്‍ ‍വീണ്ടുംവിസ്ത്രതമാകുന്നു.
കൗമാരത്തിന്‍ വെയില്‍ മാഞ്ഞിട്ടുംഓര്‍മ്മകള്‍തന്‍ ചൂടില്‍,
ഉരുകാതുരുകി തീരുകയാണെന്‍കരളും ആത്മാവും.

Friday, October 03, 2008

ഒരു പുലരി കൂടി...

പഴയൊരു കാല സ്മ്രതികളലറിയാ-
തുഴറീപോയി ഞാന്‍.
പുലരിയിലേതോ പാട്ടിന്‍ ഈരടി-
കാതിലലച്ചപ്പോള്‍.

പകലോന്‍ തൂകിയ കുങ്കുമവര്‍ണ്ണം-
കണ്ണില്‍ വീണപ്പോള്‍.
കൗമാരത്തിന്‍ പകലിന്‍ ചൂടില്‍-
ഉറക്കമുണര്‍ന്നു ഞാന്‍.

അവിടെന്‍ കളിയും ചിരിയും കണ്ടു-
കനവുകള്‍ കണ്ടു ഞാന്‍.
അവിടെന്‍ അഴലിന്‍ നിഴലില്‍ മുങ്ങിയ-
പ്രണയം കണ്ടു ഞാന്‍.

അതിലെന്‍ പ്രണയിനി തൂകിയ പുഞ്ചിരി-
പൂവുകള്‍ കണ്ടു ഞാന്‍.
അവളുടെ ശബ്ദവും അവളുടെ ചിരിയും-
വീണ്ടും കേട്ടൂ ഞാന്‍.

അവളോടൊത്തൊരുമിച്ചു നടന്നൊരു-
വീത്ഥികള്‍ കണ്ടു ഞാന്‍.
അന്നാ കണ്ണില്‍ കണ്ടൊരു മോഹം-
വീണ്ടും കണ്ടു ഞാന്‍.

അവളെ വേര്‍പെട്ടൊടുവില്‍ പോന്നൊരു-
നിമിഷം കണ്ടു ഞാന്‍.
അപ്പോളിറ്റൊരു കണ്ണീര്‍ ചൂടില്‍-
വീണ്ടുമുണര്‍ന്നു ഞാന്‍.

Wednesday, February 20, 2008

ഒരു സുപ്രഭാതം പറഞ്ഞത്

അങ്ങാകിഴക്കാ മാമലതന്‍
‍ഉച്ചിയില്‍ വന്നെത്തി സൂര്യനിന്നും.
ചെത്തിയും തുമ്പയും പൂക്കയായി
പുല്‍നാമ്പിലാവിയായ് മഞ്ഞുതുള്ളി.

കണ്‍തുറന്നങ്ങോട്ടു നോക്കുകില്‍നിന്‍
കണ്‍കളില്‍ കാണുമാ കാവ്യഭംഗി.

ഓര്‍മ്മകള്‍ ഇറ്റിറ്റുവീഴുമപ്പോള്‍
‍നെഞ്ചില്‍നിറയും പ്രണയമപ്പോള്‍
‍ഒള്ളില്‍ നിറഞ്ഞോരു വൈര്യമെല്ലാം
കത്തിയെരിഞ്ഞുടന്‍ ചാമ്പലാകും.

എങ്ങുനിന്നോഎത്തും മോഹമേഘങ്ങള്‍ നിന്‍
മാറില്‍കുളിരായ് പെയ്തൊഴിയും.

നിന്‍‌മുന്നിലെത്തി നിരന്നുനില്‍ക്കും
പണ്ടുനീ കണ്ടൊരാ സ്വപ്നങ്ങളും
മോഹഭംഗങ്ങള്‍തന്‍ ദു:ഖങ്ങളോ
കണ്ണില്‍ നീര്‍തുള്ളിയായ് ഇറ്റുനില്‍ക്കും.

കാമുകിതന്‍കരള്‍ പൂത്തൊരാപൂ‌തേടി
ചിന്തകളൊക്കെ പറന്നുപോകും.

എല്ലാം മറന്നുനീ നോക്കിനില്‍ക്കെ
മിഴിവേറും സൗന്തര്യമാസ്വദിക്കെ
ജീവിതംനിന്‍ മുന്നില്‍ന്നില്‍ വന്നുനില്‍ക്കും
സൗന്തര്യബോധത്തിന്‍ കണ്ണുകെട്ടും.

ഇനിനിന്റെ കണ്ണിലിരുട്ടുമാത്രം പൂക്കും,
ചിന്തകള്‍ ചിറകറ്റ പക്ഷിമാത്രം.

Friday, February 15, 2008

വാലന്റെയിന്‍സ്ഡെ (14-02-2002)

സ്വപ്നങ്ങള്‍ എനിക്ക് അന്യമായിതുടങ്ങിയിരിക്കുന്നു.ഓരോനിമിഷവും എന്റെ കിടക്കയിലേക്ക് മോഹഭംഗങ്ങളുടെ മുള്ളുകള്‍ വാരിയെരിഞ്ഞു കടന്നു പോകുന്നു.ഓരോദിനവും മനസ്സില്‍ കനല്‍ കട്ടകള്‍ നിറക്കുന്നു.നിശയുടെ നിശ്ശബ്ദസൗന്തര്യം ആ കനല്‍ കട്ടകളില്‍ കാറ്റായ്‌വീശുന്നു.

ഒരുനാള്‍ എനിക്കുമുണ്ടായിരുന്നു എന്നെ സ്നേഹിക്കാനും എനിക്കുസ്നേഹിക്കാനും ഒരുവള്‍.എന്റെ ഹൃദയത്തിന്റെ ഭിത്തിക്കളില്‍ അവള്‍ നിറഞ്ഞുനിന്നിരുന്നു.പക്ഷെ ഒടുവില്‍ കണ്ണില്‍കുറേ നീര്‍തുള്ളികളും ഹൃദയത്തില്‍ കുറേ അപശബ്ദങ്ങളും അവശേഷിപിച്ച് വിധിയുടെ ചിറകിലേറി അവള്‍ പറന്നുപോയി.
അന്ന് എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ ഞാന്‍ അടച്ചു.ഇനിആരും അതില്‍ ചേക്കേറരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.പക്ഷേ വീണ്ടും വിധിയുടെ ബലിഷ്ടമായ കൈകള്‍ക്കുമുന്നില്‍ എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തകര്‍ന്നുവീണു.ഒരാള്‍ കൂടി എന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു.

ഒരിക്കലും ഞങ്ങള്‍ പരിചയപെട്ടില്ല ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എന്നിട്ടും എപ്പോഴോ എന്റെ ഹൃദയഭിത്തികളില്‍ അവളുടെ നിഴള്‍ഞാന്‍ കണ്ടു.കോണ്ടാക്റ്റ് ക്ലാസ്സുകളില്‍ എന്റെ കണ്ണുകളില്‍ അവള്‍ നിറഞ്ഞുനിന്നു.ബസ്സ് യാത്രകളില്‍ എന്റെ കൂടെ അവള്‍ ഉണ്ടായിരുന്നു.നിദ്രയില്‍ സ്വപ്നങ്ങളുടെ മൂടുപടം അണിഞ്ഞ് അവള്‍ എന്റെ അരികില്‍ നിന്ന് എന്നെനോക്കി ചിരിച്ചിരുന്നു.

മനസ്സിന്റെ മുറിവുകളില്‍ നിന്നൊഴുകിയിരുന്ന രക്തചോലകള്‍ കുളിര്‍മയേകുന്ന നീരുറവകളായി. മരുഭൂമിയായി കഴിഞ്ഞു എന്നു ഞാന്‍ കരുതിയ സ്വപ്ന പഥങ്ങളില്‍ അന്നുവീണ്ടും മോഹപുഷ്പങ്ങള്‍ വിടര്‍ന്നുനിന്നു.ജീവിതം വീണ്ടും ഞാന്‍ ആസ്വദിച്ചുതുടങ്ങി.മനസ്സില്‍ വീണ്ടും പ്രണയത്തിന്റെ അലയൊച്ച ഞാന്‍ കേട്ടു.

പ്രണയം നിറഞ്ഞ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴയായി വാലന്റെയിന്‍സ്ഡെ (14-02-2002)പെയ്തിറങ്ങി.ആമഴയില്‍ ഞാനും നനഞ്ഞുനിന്നു.കണ്ണുകള്‍ അടച്ച് കൈകള്‍ വിടര്‍ത്തി മനസ്സില്‍ അവളുടെ മുഖവുമായി.

ആസ്വാദനത്തിന്റെ അലകള്‍ അടങ്ങുംമുന്‍പ് വിധി എന്നെ തേടിയെത്തി.മുഖത്ത് ഒരു ചിരിയുമായി.ഞാന്‍ മുഖം തിരിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.വിധി ആ ബലിഷ്ടമായകൈകള്‍ എന്റെ തോളില്‍ വച്ചുകൊണ്ട് പറഞ്ഞു."അവളുടെ മനസ്സില്‍ മറ്റൊരാളുണ്ട്".

തകര്‍ന്നുപോയ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ ഒതുക്കി ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "എന്റെ മനസ്സില്‍ അവള്‍ ഉണ്ടായിരുന്നില്ലല്ലൊ".എന്റെ മറുപടി കേട്ട് ഉറക്കെ ചിരിച്ചുകൊണ്ട് അവന്‍ പറന്നുപോയി.

ഒരുപക്ഷെ സ്വപ്നങ്ങള്‍ എന്റെ മനസ്സില്‍ വീണ്ടും നിറയുമ്പോള്‍ വീണ്ടും എന്നെ തേടിവരാന്‍.


Wednesday, January 16, 2008

സൗഹൃദം

ഒരുമിച്ചു ഭൂവില്‍ ജനിച്ചില്ലയെങ്കിലും
എപ്പൊഴോ ഒന്നായതല്ലെ നമ്മള്‍.
അന്നുതൊട്ടിന്നോളം എല്ലാരാവിലും
ഒരുമിച്ചുറങ്ങാന്‍ കിടന്നുനമ്മള്‍.

അന്നം പകുക്കാതെ എത്രയോ ഉച്ചകള്‍
‍കയ്യിട്ടുവാരി കഴിച്ചുനമ്മള്‍.
കൗമാര സ്വപ്നങ്ങള്‍ ഒക്കെയും പങ്കിട്ടു
ഒരുപാടുകനവുകള്‍ നെയ്തുനമ്മള്‍.

പകലിന്‍ വിയര്‍പ്പും രാവിന്റെ കുളിരും
കൈമാറി എന്നും ചിരിച്ചുനമ്മള്‍.
കരളില്‍ വിടര്‍ന്നൊരാ മോഹപൂമൊട്ടുകള്‍
രക്തം പകര്‍ന്ന് വിടര്‍ത്തി നമ്മള്‍.

പ്രേമത്തിന്‍ ആദീപ്ത ദീപനാളങ്ങളില്‍
ചിറകെരിഞ്ഞൊരുനാളു വീണുനമ്മള്‍.
എഴുതിയന്നൊരുപാടുവാക്കുക്കള്‍ പ്രണയിനി
ക്കൊരുപാടു കനവുകള്‍ കണ്ടുനമ്മള്‍.

ഒടുവില്‍ പിരിഞ്ഞവര്‍ പോയപ്പോള്‍ ജീവന്റെ
വേരറ്റുവീണു പിടഞ്ഞു നമ്മള്‍‍.
ഉയിരില്‍ മുള‍ച്ചൊരാ പ്രണയ മുള്‍ച്ചെടികളില്‍
‍ഹൃദയം കൊരുത്തു കരഞ്ഞുനമ്മള്‍.

എല്ലാം മറക്കുവാന്‍ ഒന്നുറങ്ങീടുവാന്‍
‍എതയോ വീഥികള്‍ തേടിനമ്മള്‍.
മദ്യം മണക്കുന്ന കാറ്റേറ്റിരുന്നെത്ര
അര്‍ധാന്തകാര പരപ്പില്‍ നമ്മള്‍.

തോള്‍ പുണര്‍ന്നെത്രയോ സന്ധ്യകള്‍
ആലുവാപുഴ കണ്ടു ലോകം മറന്നു നമ്മള്‍.
പുലരിയില്‍ ഒരുനോക്കുകാണുവാന്‍ മാത്രമായ്
സായാഹ്നമെത്ര പിരിഞ്ഞുനമ്മള്‍.

കണ്ണെത്തിടാത്തൊരു ലോകത്തിലായിട്ടും
കനവിനാല്‍ കൈകോര്‍ത്തിരുപ്പു നമ്മള്‍.
അറിയില്ല ആത്മാവിലേതേതു തന്ത്രിയാല്‍
ബന്ധിച്ചു ഭൂവില്‍ പിറന്നു നമ്മള്‍.

ഇന്നോളം അര്‍ത്ഥങ്ങള്‍ തിരയാതെ സൗഹൃദ
പൂവുകള്‍ വാടാതെ കാത്തുനമ്മള്‍.
ദേഹാസ്തമനത്തിന്‍ സന്ധ്യക്കുവേര്‍‍പെട്ടു
നമ്മളായ് തന്നെ ജനിക്കും നമ്മള്‍.

കടപ്പാട് :- To those lifes...still alive with my life...

Saturday, January 12, 2008

ആവലാതികള്‍

കുളിരാര്‍ന്ന കൈകളാല്‍ എന്നെ തഴുകി
പറന്നുപോകും കുളിര്‍ തെന്നലേ നീ,
ഒരുമാത്ര നില്‍ക്കുക ഒരുവാക്കു പറയുക
നീയെന്റെ കരളിനെ കണ്ടോ?

അവളുടെ നിശ്വാസ വായുവിലെങ്കിലും
നീയെന്റെ കണികകള്‍ കണ്ടോ,
അവളുടെ മിഴികളില്‍ ഉറങ്ങുന്ന കനവുകളില്‍
നീയെന്റെ നിഴലുകള്‍ കണ്ടോ?

ഇവിടെ ഞാനീ മണല്‍ കാടിന്റെ ചില്ലയാല്‍
‍കൂടൊരുക്കുമ്പോള്‍ അവള്‍ക്കായ്,
പാടുന്നപാട്ടിലെ കണ്ണുനീരിന്‍ താളം
അവളുടെ കാതുകള്‍ കേട്ടോ?

മൗനമാം ആഴിതന്‍ അന്തരാത്മാവിന്റെ
അലകളില്‍ അലയുമെന്‍ പ്രാണന്‍,
‍അവളുടെ ആത്മാവില്‍ അറിയാതെയെങ്കിലും
ഒരുമാത്ര സ്പര്‍ശിച്ചതുണ്ടൊ?

അറിയാതെയെന്‍ ആത്മനിശ്വാസ വീചികള്‍
‍പൊഴിയുന്ന പ്രണയ ഗാനങ്ങള്‍,
നിശ്ശബ്ദമെങ്കിലും അനശ്ശ്വരമാണെന്നു
അറിയുന്നതെങ്കിലുമുണ്ടോ?

അറിയില്ലെനിക്കിനി നാളത്തെ ഗാഥകള്‍
പറയുക നീതന്നെ കാറ്റെ,
അറിയില്ലവള്‍ക്കെന്നറിഞ്ഞിട്ടുമെന്തിനായ്
കാത്തുനില്‍ക്കുന്നു ഞാന്‍ നിന്നെ,
എല്ലാം കാത്തുവക്കുന്നു അവള്‍ക്കായ്.