Monday, March 22, 2021

ഇന്നലെകൾ തന്ന ഇന്ന്

അല്പനിമിഷ വിലോല ഭാസുര..

മേഘ ധ്യുത് ഭര ഭൂമിയിൽ..
ആഴി തൻ മണൽ കോർത്ത പാദ സ്പർശഹാരം അണിഞ്ഞു ഞാൻ..

ദ്വൈത ചിന്തകൾ ഒക്കെ വേർപെട്ടേകചിന്താ ധാരായാൽ..
ദൂർത്ത സ്വപ്നച്യുതി  കൊഴിഞ്ഞെൻ
നിദ്രയോ നിറമാർന്നു പോയ്‌..

കത്തിയെരിയും മല്ലികാ വിരൽ ഒന്ന്
തോട്ടൊരു കാറ്റിൽ ഞാൻ....
പഞ്ചഗ്രാഹ്യ ചിത്ത ചിതയിൽ
വീണു പോയി സുഷുപ്തിയായ്..

സുപ്രഭാത വിലോല മേഘ കേശഭാരം ഒതുക്കിനീ..
സ ഹർഷ സുന്തര മുഖവുമായി നിൽക്കയാണോ മുന്നിലായ്..



Friday, March 05, 2021

അവിരാമം

അവിരാമം..


ഒരു സുപ്രഭാതം പറഞ്ഞെൻ വിരാമമേ..
ഒരുവേള നീ പോയ്‌ മറഞ്ഞെങ്കിലും..
ഓർമ്മതൻ ഓർമ്മയിൽ ഓർക്കാതിരിക്കുവാൻ..
ഒരുപാട് ഞാനും ശ്രമിച്ചെങ്കിലും..

ഓരോ നിമിഷവും എണ്ണും ഘടികാരമെൻ ..
ഒരോ ദിവസം വിഴുങ്ങുമ്പോഴും..
ഒരു വേള മിന്നി തെളിയും വിരാമത്തിൽ 
ഒഴുകുന്നു നിന്നോർമ്മ അവിരാമമായ്..

വിരാമമേ നീ അവിരാമിയത്രേ..
വിഗത രാഗത്തിൻ സ്വരൂപിയത്രേ..
വാതിലിൻ ഇടയിൽ വിരൽപോയൊരെന്റെ..
വിരലിൽ തെളിഞ്ഞ കറു രക്തമത്രേ..

വിഷക്കല്ലു കൊണ്ട കാലടിയുമായി..
വിഷഹര ദേവന്റെ ക്ഷേത്രപിന്നിൽ..
വിയർത്ത ദേഹം പേറി എത്ര കാലം
വിരാമമേ നിന്നെ തിരഞെത്ര ഞാൻ..

ആ കാത്തു നിൽപ്പിൻ വിയർപ്പു തിന്നു
ആനയായ് മാറി ഞാൻ അൽപനേരം..
ആ ചിരി പൊൻ തിടമ്പോന്നുയർത്തി..
ആരവ ചോടിൽ ഞാൻ നൃതമാടി...





Tuesday, March 02, 2021

ഒരു ചിത്രത്തിന്റെ കഥ

മുഖചിത്രത്തിനോട്..

ഭൂമിതൻമാറിൽ നൃത്തം കളിക്കയാൽ
കാലിൽ പുരണ്ട മണൽത്തരി തൻ..
വിരലിൽ പിടിച്ചോട്ടു കുളിരുമായ് നിന്നുവോ..
വരുണന്റെ രാഗാർദ്ര ജല കന്യകൾ..

ആകാശമാകെ വന്നുവോ മേഘങ്ങൾ
പിന്നിൽ നിന്നെങ്കിലും ഒന്നുകാണാൻ..
ഒരുവട്ടം ഒന്നു തിരിഞ്ഞു നോക്കാൻ കാത്ത്
നിൽക്കയോ പിന്നിലാ മാമരങ്ങൾ..

വെയിൽ കൊള്ളാൻ മടിയുമായ് ഉത്തരകീഴിൽ
വെറുതെ മയങ്ങിയ വഞ്ചി പോലും..
ഒന്നുണർന്നോ പ്രിയേ വെയിൽ കൊണ്ടിരിക്കും
നിൻ മിഴി പൂക്കുന്ന പൂക്കൾ കാണാൻ ..

ഇരുകൈയും ചേർത്തൊരു ചിരിയുമായ് വെറുതെ
ഈ കടൽ തീരത്തു നീ ഇരിക്കെ..
വേവുന്ന വെയിൽ പോലും ഒന്നു തണുത്തുവോ 
നിൻ ചൊടി ശോഭ പകർന്നെടുക്കാൻ..

26022021
വില്ല 92 mbz Zone 25
1220 am