Wednesday, January 16, 2008

സൗഹൃദം

ഒരുമിച്ചു ഭൂവില്‍ ജനിച്ചില്ലയെങ്കിലും
എപ്പൊഴോ ഒന്നായതല്ലെ നമ്മള്‍.
അന്നുതൊട്ടിന്നോളം എല്ലാരാവിലും
ഒരുമിച്ചുറങ്ങാന്‍ കിടന്നുനമ്മള്‍.

അന്നം പകുക്കാതെ എത്രയോ ഉച്ചകള്‍
‍കയ്യിട്ടുവാരി കഴിച്ചുനമ്മള്‍.
കൗമാര സ്വപ്നങ്ങള്‍ ഒക്കെയും പങ്കിട്ടു
ഒരുപാടുകനവുകള്‍ നെയ്തുനമ്മള്‍.

പകലിന്‍ വിയര്‍പ്പും രാവിന്റെ കുളിരും
കൈമാറി എന്നും ചിരിച്ചുനമ്മള്‍.
കരളില്‍ വിടര്‍ന്നൊരാ മോഹപൂമൊട്ടുകള്‍
രക്തം പകര്‍ന്ന് വിടര്‍ത്തി നമ്മള്‍.

പ്രേമത്തിന്‍ ആദീപ്ത ദീപനാളങ്ങളില്‍
ചിറകെരിഞ്ഞൊരുനാളു വീണുനമ്മള്‍.
എഴുതിയന്നൊരുപാടുവാക്കുക്കള്‍ പ്രണയിനി
ക്കൊരുപാടു കനവുകള്‍ കണ്ടുനമ്മള്‍.

ഒടുവില്‍ പിരിഞ്ഞവര്‍ പോയപ്പോള്‍ ജീവന്റെ
വേരറ്റുവീണു പിടഞ്ഞു നമ്മള്‍‍.
ഉയിരില്‍ മുള‍ച്ചൊരാ പ്രണയ മുള്‍ച്ചെടികളില്‍
‍ഹൃദയം കൊരുത്തു കരഞ്ഞുനമ്മള്‍.

എല്ലാം മറക്കുവാന്‍ ഒന്നുറങ്ങീടുവാന്‍
‍എതയോ വീഥികള്‍ തേടിനമ്മള്‍.
മദ്യം മണക്കുന്ന കാറ്റേറ്റിരുന്നെത്ര
അര്‍ധാന്തകാര പരപ്പില്‍ നമ്മള്‍.

തോള്‍ പുണര്‍ന്നെത്രയോ സന്ധ്യകള്‍
ആലുവാപുഴ കണ്ടു ലോകം മറന്നു നമ്മള്‍.
പുലരിയില്‍ ഒരുനോക്കുകാണുവാന്‍ മാത്രമായ്
സായാഹ്നമെത്ര പിരിഞ്ഞുനമ്മള്‍.

കണ്ണെത്തിടാത്തൊരു ലോകത്തിലായിട്ടും
കനവിനാല്‍ കൈകോര്‍ത്തിരുപ്പു നമ്മള്‍.
അറിയില്ല ആത്മാവിലേതേതു തന്ത്രിയാല്‍
ബന്ധിച്ചു ഭൂവില്‍ പിറന്നു നമ്മള്‍.

ഇന്നോളം അര്‍ത്ഥങ്ങള്‍ തിരയാതെ സൗഹൃദ
പൂവുകള്‍ വാടാതെ കാത്തുനമ്മള്‍.
ദേഹാസ്തമനത്തിന്‍ സന്ധ്യക്കുവേര്‍‍പെട്ടു
നമ്മളായ് തന്നെ ജനിക്കും നമ്മള്‍.

കടപ്പാട് :- To those lifes...still alive with my life...

Saturday, January 12, 2008

ആവലാതികള്‍

കുളിരാര്‍ന്ന കൈകളാല്‍ എന്നെ തഴുകി
പറന്നുപോകും കുളിര്‍ തെന്നലേ നീ,
ഒരുമാത്ര നില്‍ക്കുക ഒരുവാക്കു പറയുക
നീയെന്റെ കരളിനെ കണ്ടോ?

അവളുടെ നിശ്വാസ വായുവിലെങ്കിലും
നീയെന്റെ കണികകള്‍ കണ്ടോ,
അവളുടെ മിഴികളില്‍ ഉറങ്ങുന്ന കനവുകളില്‍
നീയെന്റെ നിഴലുകള്‍ കണ്ടോ?

ഇവിടെ ഞാനീ മണല്‍ കാടിന്റെ ചില്ലയാല്‍
‍കൂടൊരുക്കുമ്പോള്‍ അവള്‍ക്കായ്,
പാടുന്നപാട്ടിലെ കണ്ണുനീരിന്‍ താളം
അവളുടെ കാതുകള്‍ കേട്ടോ?

മൗനമാം ആഴിതന്‍ അന്തരാത്മാവിന്റെ
അലകളില്‍ അലയുമെന്‍ പ്രാണന്‍,
‍അവളുടെ ആത്മാവില്‍ അറിയാതെയെങ്കിലും
ഒരുമാത്ര സ്പര്‍ശിച്ചതുണ്ടൊ?

അറിയാതെയെന്‍ ആത്മനിശ്വാസ വീചികള്‍
‍പൊഴിയുന്ന പ്രണയ ഗാനങ്ങള്‍,
നിശ്ശബ്ദമെങ്കിലും അനശ്ശ്വരമാണെന്നു
അറിയുന്നതെങ്കിലുമുണ്ടോ?

അറിയില്ലെനിക്കിനി നാളത്തെ ഗാഥകള്‍
പറയുക നീതന്നെ കാറ്റെ,
അറിയില്ലവള്‍ക്കെന്നറിഞ്ഞിട്ടുമെന്തിനായ്
കാത്തുനില്‍ക്കുന്നു ഞാന്‍ നിന്നെ,
എല്ലാം കാത്തുവക്കുന്നു അവള്‍ക്കായ്.