Saturday, January 12, 2008

ആവലാതികള്‍

കുളിരാര്‍ന്ന കൈകളാല്‍ എന്നെ തഴുകി
പറന്നുപോകും കുളിര്‍ തെന്നലേ നീ,
ഒരുമാത്ര നില്‍ക്കുക ഒരുവാക്കു പറയുക
നീയെന്റെ കരളിനെ കണ്ടോ?

അവളുടെ നിശ്വാസ വായുവിലെങ്കിലും
നീയെന്റെ കണികകള്‍ കണ്ടോ,
അവളുടെ മിഴികളില്‍ ഉറങ്ങുന്ന കനവുകളില്‍
നീയെന്റെ നിഴലുകള്‍ കണ്ടോ?

ഇവിടെ ഞാനീ മണല്‍ കാടിന്റെ ചില്ലയാല്‍
‍കൂടൊരുക്കുമ്പോള്‍ അവള്‍ക്കായ്,
പാടുന്നപാട്ടിലെ കണ്ണുനീരിന്‍ താളം
അവളുടെ കാതുകള്‍ കേട്ടോ?

മൗനമാം ആഴിതന്‍ അന്തരാത്മാവിന്റെ
അലകളില്‍ അലയുമെന്‍ പ്രാണന്‍,
‍അവളുടെ ആത്മാവില്‍ അറിയാതെയെങ്കിലും
ഒരുമാത്ര സ്പര്‍ശിച്ചതുണ്ടൊ?

അറിയാതെയെന്‍ ആത്മനിശ്വാസ വീചികള്‍
‍പൊഴിയുന്ന പ്രണയ ഗാനങ്ങള്‍,
നിശ്ശബ്ദമെങ്കിലും അനശ്ശ്വരമാണെന്നു
അറിയുന്നതെങ്കിലുമുണ്ടോ?

അറിയില്ലെനിക്കിനി നാളത്തെ ഗാഥകള്‍
പറയുക നീതന്നെ കാറ്റെ,
അറിയില്ലവള്‍ക്കെന്നറിഞ്ഞിട്ടുമെന്തിനായ്
കാത്തുനില്‍ക്കുന്നു ഞാന്‍ നിന്നെ,
എല്ലാം കാത്തുവക്കുന്നു അവള്‍ക്കായ്.

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

She will come ...

സുല്‍ |Sul said...

നന്നായിരിക്കുന്നു.
ബെശ്‌മിക്കേണ്ട ഓള് ബരും.
-സുല്‍

ഏ.ആര്‍. നജീം said...

സുല്ലും പ്രിയയൂം പറഞ്ഞതേ എനിക്കും പറയാനുള്ളൂ... അവളു ബരൂന്നേ... :)

ചന്ദ്രസേനന്‍ said...

മ്..എന്നുകരുതാം...

നന്ദി പ്രിയ,സുല്‍,നജീം....