Thursday, October 08, 2020

പിണക്കം..

മുഖപടം ഇന്നെന്തേ അഴിച്ചു വച്ചു..

മൂകതയിൽ മനസ്സിനെ ഒതുക്കി വച്ചു...
മുദ്രയാലെൻ അഭയദാഹം തീർത്തോരെന്റെ 
മൂർത്തിയോട് ദേവിവീണ്ടും പിണക്കമായോ..

വരുന്നുണ്ട് ധനുമാസം തണുപ്പുമായി..
വിറക്കാതെ വെറുതെ തൊഴുതു പോകാൻ..
വഴിയരികിൽ കേൾക്കുന്ന വളകിലുക്കം..
വരിയിട്ടു കൈകളെ പുണരും കാലം..

ഇണങ്ങുവാൻ വേണ്ടിയത്രേ പിണക്കമെല്ലാം..
ഇതരുൾചെയ്ത ഭഗവാനും ഭഗവതിയും.
ഇഹലോകം കാണുവാനായ് കളിച്ച നൃത്തം..
ഇടക്കൊന്നു കാണാം ആ കുറത്തിയാട്ടം..

അതുകഴിഞ്ഞാളുകൾ ഒഴിഞ്ഞ നേരം..
അടുത്തുള്ള കുളത്തിലാ കാൽ കഴുകി..
അലപോലെ ഇളകുന്ന ഇലകളുള്ള..
ആൽമര ചോട്ടിലായ് ഒന്നിരിക്കാം..

അവിടെ വച്ച്..

ഓർക്കുവാൻ ഓർക്കുന്ന ഓർമ്മകളെ..
ഓടി പിടിച്ചു കൈ കാലുകെട്ടി..
ഒരു കൊച്ചു തൂക്കു പാത്രത്തിലാക്കി
ഒഴിച്ചിടാം കാവിലെ മഷി വിളക്കിൽ..

അവിടെനിന്നായിരം കണ്ണുകളിൽ..
അലിയും ആ ഓർമ്മകൾ കണ്മഷിയായ്..
അതിലൊക്കെ ഒരു കൊച്ചു നീറൽ പോലെ..
അറിയാതെ നിറഞ്ഞിടാം നമുക്കനന്തം..

No comments: