Thursday, February 11, 2021

മുക്കുറ്റിയുടെ കാത്തിരിപ്പ്

ചിത്തം പോലെ വിളങ്ങി വിണ്ണിൽ..

ചിങ്ങ പൊൻ പുലരി..
ചുണ്ടിൻ തുമ്പിൽ പുഞ്ചിരിയേന്തി..
ഉണർന്നു മുക്കുറ്റി...

വിണ്ണിൽ നിന്നും വീണ കുളിർ മഴ..
സ്വപ്ന സരസ്സാക്കി..
മുങ്ങി നിവർന്നവൾ നിന്നു മണ്ണിൻ..
മാറിലെ മറുകായി...

ആവഴി വന്നൊരു കാറ്റിൻ കൈയ്യാൽ..
ആടകൾ ഒന്നിളകെ...
കെട്ടി ഉടുത്തവൾ അവളെ കൂടെ..
കാറ്റിൻ കുളിരിനെയും..

ഒന്ന് മിഴിപ്പൂ രണ്ടുമടച്ചവൾ..
ഒന്നേ ആശിച്ചു...
ഇത്തിരി തുമ്പ പൂവും കൊണ്ടൻ..
ഓണമിതെന്നെത്തും..
എൻ പൂവിതളുകൾ ഒന്നു വിടർത്തി..
ചുംബനമെന്നേകും...
എന്നെൻ മേനിയിൽ ഒഴുകും ശ്വാസ..
തീയിൽ വെന്തലിയും...

ആത്മ രഥത്തിൻ ചക്രമതിങ്ങനെ..
മോഹ പഥം പുൽകേ..
മെല്ലെ മിഴിപ്പൂ ഒന്നു തുറന്നവൾ..
ചുറ്റും നോക്കിപ്പോയ്..

അപ്പോൾ..

പൊന്നോണത്തിൻ വരവറിയിച്ചൊരു..
തുമ്പി പറന്നെത്തി...
അവളുടെ ചുണ്ടിൽ മെല്ലെ അമർന്നു..
പിന്നെ പാറിപ്പോയ്...


No comments: