Saturday, November 12, 2022

തിരിച്ചറിവ്

ഒരു പുലരിയിൽ കുളിക്കാൻ ഭൂ ഗംഗയുടെ കടവിലേക്ക് ഇറങ്ങി നടക്കുമ്പോൾ കാലിൽ തടഞ്ഞ നിറയെ കല്ലുകൾ നിറഞ്ഞ ഒരു ചെറിയ കാണാൻ ഭംഗിയുള്ള തുണി സഞ്ചി... എടുത്ത് കൈയിൽ വച്ചു.. മുന്നോട്ട് നടന്നു..

പുലർവേളയിൽ മാത്രം കേൾക്കുന്ന ഗംഗയുടെ നിശബ്ദ സംഗീതത്തിൽ ലയിച്ച് ആകാശത്തേക്ക് നോക്കി ആ കല്പടവിൽ ഇരുന്നപ്പോൾ ഒരു അഹങ്കാരം കടന്നുവന്നു .. ഗംഗക്ക് താളം പോരാ..എന്റെ വകയിൽ ഗംഗയുടെ സംഗീതത്തിനൊപ്പം ഒരു താളം ചേർക്കണം.. പിന്നെ ചിന്തിച്ചില്ല..കൈയിൽ കിട്ടിയ സഞ്ചിയിൽ നിന്നും എന്റെ മനസ്സിൽ കേട്ട താളത്തിനൊപ്പം ഓരോ കല്ലുകൾ എടുത്ത് വലിച്ചെറിഞ്ഞുകൊണ്ടേ ഇരുന്നു..

അവസാനത്തെ കല്ല് എടുക്കുമ്പോളാണ് വിവാസ്വാന്റെ ചുവന്ന പ്രകാശം ചുറ്റും വീഴാൻ തുടങ്ങിയത്... ഒരു ഏറ് അദ്ദേഹത്തിനും കൊടുത്തേക്കാം എന്ന് കരുതി ഉന്നം പിടിച്ചപ്പോൾ ആണ് ആയിരം സൂര്യന്റെ ശോഭ ആ കല്ലിന്റെ ഉള്ളിലൂടെ കടന്ന് വന്ന് എന്റെ കാഴ്ചകൾ മുഴുവൻ എടുത്തുകൊണ്ടുപോയത്.. ആ നിമിഷം ഞാൻ അറിഞ്ഞു.. ഇതുവരെ ഈ ഇരുളിൽ ഇരുന്ന് ഞാൻ എറിഞ്ഞുതീർത്തതെല്ലാം.. രത്നങ്ങൾ ആയിരുന്നു എന്ന്...ആ അറിവിൽ നിന്നും ഒരു അറിവുകൂടി ഉണ്ടായി അവസാനത്തെ ആ കല്ലിനെ കൂടി ഇരുളിൽ എറിഞ്ഞിരുന്നു എങ്കിൽ.. എനിക്ക്.. എന്റെ അഹങ്കാരം തിരിച്ചറിയാൻ കഴിയാതെ പോയേനെ എന്ന "തിരിച്ചറിവ്"...
😌🙏🤭

No comments: