നേരം നാലുമണിയോടടുക്കുന്നു.ഞാന്‍ പണികഴിഞ്ഞ് റൂമിലെത്തി മയങ്ങാന്‍ കിടന്നു.അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് എന്നെ വിളിച്ചുണര്‍ത്തി.അവന് മദ്യം വാങ്ങണം,ഞാന്‍ കൂടെചെല്ലണം.നല്ലോരു കാര്യത്തിനല്ലെ ഞാന്‍ ചെല്ലാമെന്നുപറഞ്ഞു.സിഗപ്പൂരിലെ വാഹനനിബിഡമായ വഴിയിലൂടെ കാറില്‍ ഞങ്ങള്‍ യാത്രതിരിവ്ച്ചു.പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞുകാണും ഞങ്ങള്‍ കള്ള് ഷോപ്പിനു മുന്നിലെത്തി.തൊട്ടടുത്ത റയില്‍വെ സ്റ്റേഷനില്‍ ട്രൈനുകള്‍ വന്നും പോയും ഇരുന്നു.നമ്മുടെ നാട്ടിലോടുന്ന തരത്തിലുള്ള ഡീസല്‍ ട്രെയിനുകള്‍.പെട്ടന്ന് മലയാളത്തിലാരൊ ബഹളമുണ്ടാക്കുന്നതു കേട്ടു.അങ്ങോട്ടുചെന്നുനോക്കിയപ്പോള്‍,എന്റെ വേറൊരു സുഹൃത്ത് ഒരാളുമായ് വഴക്കുകൂടുന്നു.എന്നിലെ സുഹൃത്തുണര്‍ന്നു,പറന്നു പോകുന്നതു പാമ്പായാലും തോട്ടിക്കുതോണ്ടി തോളത്തിടുന്ന മലയാളിയുടെ ജീനും.
ഇടപ്പിള്ളിവിട്ട പുഷ്പുള്‍ ട്രെയിന്‍ പോലെ അവനുനേരെ ഞാന്‍ പാഞ്ഞുചെന്നു.”ഡായ്...”ഒരൊറ്റഹോണ്‍,അവന്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലേക്ക് ചാടിയോടി.ഞാനും പുറകെ ചാടി പക്ഷെ ഈച്ചയെ കടിക്കാന്‍ ചാടിയ പട്ടിയെപോലെ താടിതല്ലി ഞാന്‍ താഴെവീണു.എഴുനേറ്റ്നോക്കുമ്പോള്‍ ട്രയിന്‍ വിജനമായിരുന്നു അവന്‍ എന്റെ കണ്ണില്‍ നിന്നും മറഞ്ഞിരുന്നു.പെട്ടന്നാണ് ഞാന്‍ മറ്റൊന്ന് ശ്രദ്ധിച്ചത്.ട്രയിന്‍ നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു.ഓട്ടോമറ്റിക് ഡോറുകള്‍ അടയാന്‍തുടങ്ങിയിരിക്കുന്നു.പുറത്തേക്കുചാടാം എന്നുകരുതി വാതുക്കല്‍ചെന്നപ്പോളേക്കും വണ്ടി പ്ലാറ്റ്ഫോം വിട്ടിരുന്നു.ഇനിയെന്ത് എന്നു ചിന്തിക്കുന്നതിനുമുമ്പെ എന്നെപുറത്താക്കി വാതിലുകള്‍ അടഞ്ഞു.എന്റെ വലതുകാലിലെ ഷൂസ് വാതിലിനിടയിലിരുന്നുഞെരുങ്ങി.കൈകള്‍ സൈഡില്‍ പിടിച്ച് സ്പൈഡര്‍മാനെപ്പോലെ ഞാന്‍ നിന്നു.അനങ്ങിയാല്‍ താഴെവീഴുമെന്ന അവസ്ഥ.അയ്യൊ എന്റെ സുഹൃത്ത്,അവനിപ്പോള്‍ ദേവദാസിനെപോലെ എന്നെ അന്വേഷിച്ച് നടക്കുകയാവും. എന്റെ മുന്നിലൂടെ ദൈവങ്ങളെല്ലാം ഓടിരക്ഷപ്പെട്ടു.നാളെ ഒരുപക്ഷെ ഇടിവെട്ടേറ്റ തെങ്ങുപോലെ തലപോയി ഞാന്‍ ഈ റെയിലില്‍....ദിവസവും റെയില്‍വെട്രാക്കിലൂടെ നടന്ന് ആലുവായില്‍വന്ന് ട്രയിനില്‍ എറണാകുളത്ത് പണിക്ക് പോയിരുന്ന എനിക്ക് ആ രംഗം മനസ്സില്‍ കാണാന്‍ ബുധിമുട്ടൊന്നും ഉണ്ടായില്ല.പണ്ടാരോ പറഞ്ഞപോലെ “ഒരുപാട് കണ്ടിട്ടുണ്ട് പലതരത്തില് പലഎനത്തില് പെടപെടാന്ന് പെടക്കണതും പെടക്കാത്തതും“.അറ്റുവീണുകിടക്കുന്ന ആ മുഖങ്ങളിലെ ഭീകരത...അതോര്‍ത്ത് ഞാന്‍ഞ്ഞെട്ടി.ആ ഞ്ഞെട്ടലില്‍ എന്റെ ഷൂസില്‍ നിന്നും ഡോറിന്റെ പിടിഅയയുന്നത് ഞാന്‍ അറിഞ്ഞു.ഒരുതരത്തില്‍ തിരിഞ്ഞ് വാതിലിന്റെ വിടവിലേക്ക് എന്റെ കൈവിരലുകള്‍ കടത്തി പിടിച്ചു.സുരക്ഷിതത്വബോധം തോന്നിതുടങ്ങിയപ്പോള്‍ ഷൂസ് വലിച്ചെടുത്ത് കാലുകള്‍ നേരെയാക്കി വാതിലിനോട് നെഞ്ചുചേര്‍ത്ത് ഞാന്‍ നിന്നു.ട്രയിന്റെ ചാഞ്ചാട്ടത്തില്‍ എന്റെ വിരലുകള്‍ വാതിലിനിടയിലിരുന്നു ഞെരുങ്ങി.അപ്പോള്‍ പുറകില്‍നിന്ന് നോക്കിയാല്‍ എനിക്ക് ശരപഞ്ചരത്തിലെ കുതിരയെതിരുമ്മുന്ന ജയന്റെ ലുക്കായിരുന്നിരിക്കണം.മുന്നില്‍നിന്നു നോക്കിയാല്‍ കൈചതഞ്ഞ ചൈനാക്കാരന്റെതും.പെട്ടന്ന് ട്രയിനിന്റെ വേഗത കുറയുന്നത് എനിക്കനുഭവപ്പെട്ടു.അതാ ഒരു സ്റ്ററ്റേഷന്‍.എന്താണ്ട് കണ്ട ആരാണ്ടക്കടെ മാനസ്സികാവസ്ഥയായിരുന്നു അപ്പോള്‍ എനിക്ക്.വേഗതകുറച്ച ഡ്രൈവറെ ഞാന്‍ പ്രാകി.മെല്ലെ വണ്ടി സ്റ്റേഷനിലേക്ക് കയറി.മുഴുവന്‍ നിക്കുന്നതിനുമുമ്പെ ഞാന്‍ എടുത്തു ചാടി. ആ ട്രയിന്‍ പോലെ ആ സ്റ്റേഷനും വിജനമായിരുന്നു.
പട്ടയം കിട്ടിയ ആദിവാസിയെപോലെ എന്തുചെയണമെന്നറിയാതെ ഞാന്‍ ചുറ്റും നോക്കി.SSLC പരീക്ഷക്ക് കണക്കിന്റെ ചോദ്യപേപ്പര്‍ കിട്ടിയ അതേകുളിര് എന്റെ ശരീരത്തില്‍ പടര്‍ന്നു.ലക്ഷ്യമില്ലാതെ ഞാന്‍ നടന്നു.
എവിടെനിന്നോ ഒഴുകിവന്ന ഒരു മലയാളഗാനം എന്റെ കാതുകളില്‍ അലയടിച്ചു.
“ഇലഞ്ഞിപൂമണമൊഴുകിവരുന്നു,
ഇന്ദ്രിയങ്ങളിലതുപടരുന്നു,
പകല്‍കിനാവിന്‍പനിനീര്‍ മഴയില്‍,
പണ്ടുനിന്‍ മുഖം പകര്‍ന്നഗന്ധം....”
അതിന്റെ ദിശ കണ്ടെത്തുംമുമ്പെ ആരൊ എന്റെ തലക്ക് ശക്തമായടിച്ചു.തിരിഞ്ഞു നോക്കുന്നതിനുമുമ്പ് ഞാന്‍ തറയില്‍ വീണു.
പിന്നെ കണ്ണുതുറക്കുമ്പോള്‍ മുകളില്‍ എരിഞ്ഞുനില്‍ക്കുന്ന ട്യൂബ്‌ലൈറ്റ്,എന്റെ സുഹൃത്ത് ആരോടൊ മൊബൈലില്‍ സംസാരിക്കുന്നു.അവന്‍ പറയുന്നതു കേട്ടു ,ചന്ദ്രു പണികഴിഞ്ഞുവന്ന് പോത്തിന്‍ പഠിക്കുകയാണെന്നും വിളിച്ചപ്പോള്‍ താഴെവീണെന്നും.അത്രമാത്രമെ ഞാന്‍ കേട്ടോള്ളു അപ്പോളേക്കും ഇന്ന് വൈകുന്നേരം അടുക്കളയില്‍ നടക്കാന്‍ പോകുന്ന “ചന്ദ്രു വധം” ബാലെയും അവിടെ വച്ച് എനിക്കുനഷ്ടപ്പെടാന്‍ പോകുന്ന പൊന്നു പോലെ കൊണ്ട്നടന്ന അല്‍പ്പമാത്രമായ മാനത്തെയും കുറിച്ചോര്‍ത്ത്
എന്റെ മുഖം വവ്വാലുചപ്പിയ മാങ്ങാണ്ടി പോലെആയിപ്പോയിരുന്നു.സുഹൃത്തിന്റെ മുഖത്ത് പണ്ട് സ്കൂളിലെ ഓടെറിഞ്ഞു പൊട്ടിച്ചത് ടീച്ചറോട് പറയാന്നിന്നിരുന്ന അതേ ഭാവവും. അപ്പോഴേക്കും എന്റെ മൊബൈല്‍ വീണ്ടും റിങ്ങുചെയ്തു..
“ഇലഞ്ഞിപൂമണമൊഴുകിവരുന്നു,
ഇന്ദ്രിയങ്ങളിലതുപടരുന്നു,
പകല്‍കിനാവിന്‍പനിനീര്‍ മഴയില്‍,
പണ്ടുനിന്‍ മുഖം പകര്‍ന്നഗന്ധം....”
Tuesday, November 21, 2006
ഒരു സിഗപ്പൂര്‍ അനുഭവം...
Subscribe to:
Posts (Atom)
